Showing posts with label ezhuth online. Show all posts
Showing posts with label ezhuth online. Show all posts

Sunday, July 19, 2009

മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ -ബൃന്ദ


അവൻറെ
നേത്രങ്ങൾ നീണ്ടു വിടർന്നതായിരുന്നു
ഒരു പെൺകുട്ടിയുടേതുപോലെ .
സ്ത്രീകൾക്കു മാത്രമേ നീൾമിഴികൾ
പാടുള്ളൂ?
അവൻറെ ചോദ്യം.
കേട്ടറിവുകളുടെ പരിചയപ്പെരുമയിൽ നിന്ന്
ഉണർന്നെണീറ്റ്‌ വന്ന്
ഞാനവനെ കൺപീലിയിൽ ചുംബിച്ചു .
ഓരോ ചുംബനവും
പ്രണയേതിഹാസത്തിലെ ഓരോ
ഏടാണ്‌ .
നാമിപ്പോൾ
ഒരേ മഴത്തുള്ളിയിൽ
മുഖം നോക്കുന്നു.
ഓരോ മഴത്തുള്ളിയും പ്രണയ കാലത്തിൻറെ
ജൈവാടയാളങ്ങളാണ്‌ .
എനിക്ക്‌
നിൻറെയരികിൽ
കുറേ നേരം ഇരിക്കണം
പാതിവാക്കിൽ പെയ്യാതെപോയ
പ്രണയ മേഘങ്ങളെ തൊട്ടെടുക്കണം .
എനിക്കിപ്പോൾ
നിൻറെ മുഖമല്ലാതെ
മറ്റൊന്നും
ഓർക്കുവാൻ പറ്റുന്നതേയില്ല.
നിൻറെ മാത്രം സൗരഭ്യങ്ങൾ
നിൻറെ പരിരംഭണങ്ങളുടെ ഊർജ്ജ പ്രവാഹങ്ങൾ
നീയും ഞാനും

പ്രേമിച്ചൊഴുകിപ്പോവുന്ന
താഴ്‌വാരങ്ങൾ
നിന്നെ എന്നിലേക്ക്‌ ആവാഹിക്കുന്ന
സൂക്ഷമ സംവേദനങ്ങൾ
വീണ്ടും വീണ്ടും
നിന്നിലേക്കിറങ്ങിവരാൻ
മോഹിപ്പിക്കുന്ന
നിൻറെ അനുരാഗം.
പിന്നീടെപ്പോഴെങ്കിലും
കേൾക്കാനായി
ഞാൻ കാത്തുവച്ച നിൻറെ മൗനം .
ന്നെ മാത്രം ശ്വസിക്കുന്നതു കൊണ്ട്‌
പൊള്ളിച്ചുവന്നുപോയ നിൻറെ നാസികകൾ
ഉണ്മ്മയുടെ നിതാന്ത രഹസ്യങ്ങളെയും
ജീവൻറെ മൺവീണകളെയും
എനിക്ക്‌ തൊട്ടറിയുവാൻ
നീ മെനഞ്ഞ താരാപ്രപഞ്ചം
നീ ഉള്ളിൽ എന്നെയും നിന്നെയുമൊളിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവനേ ,
വിസ്മയ കാഴ്ചകളുടെ പക്ഷിലോകങ്ങളിൽ
നിന്നെ ഞാൻ തിന്നുകൊണ്ടിരിക്കും.
ഞാവൽപ്പഴത്തിൻറെ
കരിനീല പോലെ
ൻറെ നാവ്‌ തുടുക്കും വരെ .

Wednesday, July 15, 2009

ഹൃദയത്തിൻറെ യാത്ര-ടി എ. മോഹനൻ


തൃപ്പൂണിത്തുറ ഒരു പരിമിതമായ കുടുംബ വൃത്തത്തിലൊതുങ്ങുന്നില്ല, കുട്ടിയുടെ ചിന്തകള്‍. ചുറ്റുമുള്ള ജീവിതത്തോടും അതിലെ പൊരുത്തക്കേടുകളോടുമൊക്കെ പ്രതികരിക്കാന്‍ ആ മനസ്സുവെമ്പുന്നു. കൌമാരത്തിലെ മയില്‍പ്പീലിയുടെ സ്വപ്നങ്ങളില്‍ നിന്ന്‌ പരുപരുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ മനസ്സുകുതറിയോടുന്നു. അച്ഛനുമമ്മയും അവരുടെ സ്നേഹവുമിപ്പോള്‍ നേരിയൊരോര്‍മ്മയാവുന്നു. പകരം ജീവിതസത്യങ്ങളില്‍ പിഴയ്ക്കുന്ന മനുഷ്യമനസ്സുകളുടെ പാഴ്‌ പ്രണയങ്ങളും പാപചിന്തകളും മനസ്സിനെ അലോസരപ്പെടുത്തുന്നു. ആരെയാണു പഴിക്കേണ്ടത്‌. മനുഷ്യനെയോ അവണ്റ്റെ സൃഷ്ടാവിനെയോ എന്നോര്‍ത്ത്‌ കവി മനസ്സ്‌ വ്യാകുലപ്പെടുന്നു. മീര യു.മേനോന്‍ എഴുതിയ ഒരു ഹൃദയത്തിണ്റ്റെ യാത്ര എന്ന കവിതാസമാഹാരത്തിണ്റ്റെ അവതാരികയില്‍ ഡോ.കെ.ജി.പൌലോസ്‌ ഇങ്ങിനെ വിലയിരുത്തുന്നു. ഇപ്പോള്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷം ജേര്‍ണ്ണലിസം ബിരുദ വിദ്യാര്‍ത്ഥിനിയാണ്‌ മീര യു.മേനോന്‍. ജനിച്ച നാള്‍ മുതല്‍ തന്നെ ശരീരത്തിണ്റ്റെ പരിമിതികളോട്‌ സ്വയം ആവാഹിച്ചെടുത്ത മനസ്സിണ്റ്റെ ഉള്‍ക്കരുത്തുകൊണ്ടുമാത്രം പടവെട്ടി മുന്നേറുന്ന മീരയ്ക്ക്‌ ജീവിതം എന്നും ഒരുവെല്ലുവിളിയായിരുന്നു. ജീവിതത്തിലുണ്ടാകുന്ന ഓരോ വെല്ലുവിളികളും പുതിയ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിക്കണ്ട്‌ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ആ കുട്ടിക്കു കഴിഞ്ഞു. ആ തിളക്കമാണ്‌ ആ ജീവനാന്തം കിടക്കയില്‍ കഴിയേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ മീരയെ മുഖ്യധാരയിലെത്തിച്ചത്‌. ചികിത്സാകേന്ദ്രങ്ങളില്‍ നിന്നു ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കുള്ള അച്ഛനമ്മമാരുടെ ഒപ്പമുള്ളയാത്രയും അതിണ്റ്റേതായ ശാരീരിക വേദനകളും നഷ്ടപ്പെട്ട കളികളുടെ ബാല്യവും ഒറ്റപ്പെടലുമെല്ലാം സഹിക്കാന്‍ പ്രേരകമായതും മറ്റൊന്നുമല്ല. മാതാപിതാക്കളുടെ ശുശ്രൂഷയും പ്രാര്‍ത്ഥനയും പ്രോത്സാഹനവുമെല്ലാം അതു കഴിഞ്ഞേ വരൂ. മിത്രമോ ശത്രുവോ എന്ന കവിതയില്‍ മരണത്തോട്‌ മീര ചോദിക്കുന്നു. നിഴലായെന്നും നീയെണ്റ്റെകൂടെ, എന്തിനായെപ്പോഴും വന്നീടുന്നു, എന്ന്‌ കൂടെ കൂട്ടണോ വഴി മാറി നടക്കണോ, എന്നറിയില്ല. ജനിച്ചനാള്‍ മുതല്‍ എന്നും വരുന്നവനെ എന്നും മീര സങ്കടപ്പെടുന്നു. നട്ടെല്ലിനു പൂര്‍ണ്ണവളര്‍ച്ചയാകാതെ ജനിച്ച മീരയ്ക്ക്‌ മൂന്നാം മാസത്തിലും മാസത്തിലും 13 വയസ്സിലും (മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍) ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എറണാകുളത്തും കൊച്ചിയിലുമായി ഫിസിയോതെറാപ്പികള്‍ക്കുശേഷം സ്ഥിരമായി വീട്ടില്‍വന്നു ഫിസിയോതെറാപ്പി 10 വര്‍ഷത്തോളം നടത്തിയ ഡോ.ലാസറിണ്റ്റെ ശ്രമങ്ങളിലാണ്‌ 7 വയസ്സില്‍ ഉപകരണസഹായത്തോടെ മീരയ്ക്ക്‌ നടക്കാറായത്‌. 10 വര്‍ഷത്തിലധികം ഫിസിയോതെറാപ്പി തുടര്‍ന്നു. ഇതിനിടെ രണ്ടുവര്‍ഷം വയനാട്ടിലെ അയ്യപ്പന്‍ വൈദ്യരുടെ ആദിവാസി ചികിത്സയും പരീക്ഷിച്ചു. ഇതൊന്നും മീരയുടെ ജീവിതത്തെയോ പഠനത്തേയോ ബാധിച്ചില്ല. സി.ബി.എസ്‌.സി 10 ല്‍ 84 12 ല്‍ 88 % മാര്‍ക്ക്‌ മലയാളം-ഇംഗ്ളീഷ്‌ പ്രസംഗം, വാര്‍ത്താവായന ഡിബേറ്റ്‌, കവിതാരചന, കവിതാലാപനം എന്നിവയില്‍ സ്കൂളിലും പുറത്തും നിരവധി സമ്മാനങ്ങള്‍ കെ.പി.സി.സിയുടെ സാംസ്കാരികവിഭാഗമായ സംസ്കാരസാഹിതിയുടെ 2000 രൂപ ക്യാഷ്‌ അവാര്‍ഡുള്‍പ്പെടെയുള്ള കവിതാപുരസ്കാരം എന്നിവ നേട്ടങ്ങളില്‍ ചിലതുമാത്രം. 10 ല്‍ മലയാളത്തിന്‌ 97 % മാര്‍ക്കുണ്ടായിരുന്നു. ഇതിനിടയില്‍ ഭരതനാട്യം പഠിച്ച്‌ ഗുരുവായൂരില്‍ അരങ്ങേറാനും മീരയ്ക്കു കഴിഞ്ഞു. 2009 ജനുവരി 26 മീരയുടെ ജീവിതത്തില്‍ മറ്റൊരുനാഴികക്കല്ലായിമാറി. മണിപ്പാലിലെ 20 കോളേജുകളിലെ 1000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവിടത്തെ റിപ്പബ്ളിക്‌ ദിനത്തിലെ മാര്‍ച്ച്‌ പാസ്റ്റില്‍ വിജയകരമായി പങ്കെടുക്കാനായത്‌ മീരയ്ക്ക്‌ അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റുന്നുള്ളു. രണ്ടു ദിവസം മുമ്പാണ്‌ അവിടുത്തെ ജോയിണ്റ്റ്‌ ഡയറക്ടര്‍ സകുജ സാര്‍ പങ്കെടുക്കാമോ എന്ന്‌ അവളോടു ചോദിച്ചത്‌. പെട്ടെന്നു സമ്മതിച്ച മീര രണ്ടു ദിവസത്തെ എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനു ശേഷം ആണ്‌ പങ്കെടുത്തത്‌. പരസഹായമില്ലാതെ തന്നെ നടക്കാന്‍ ബുദ്ധിമുട്ടുന്ന മീരയുടെ ധൈര്യം അന്ന്‌ കര്‍ണ്ണാടകയിലെ വിവിധ പത്രങ്ങളും ചില വെബ്സൈറ്റുകളും പ്രാധാന്യത്തോടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. 13 വയസ്സിലെ മണിപ്പാലിലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ്‌ മീര കവിത എഴുതിത്തുടങ്ങിയത്‌. ജീവിതത്തിലെ ഒറ്റപ്പെടലും സങ്കടങ്ങളും, മീര കടലാസില്‍ പകര്‍ത്തി. എന്തിനോ വേണ്ടി തേങ്ങുന്നതെന്‍ മനം അറിയില്ലയെന്തിനുവേണ്ടിയെന്ന്‌ - ആദ്യകാലത്തെഴുതിയ മനസ്സ്‌ എന്ന കവിതയില്‍ കിട്ടാക്കനിയാണെന്നറിഞ്ഞിട്ടും നടത്തുന്ന സ്നേഹത്തെക്കുറിച്ചുള്ള മാനം പ്രകടിപ്പിക്കുന്നു. സ്വന്തം വേദനമാത്രമല്ല, മറ്റുള്ളവരുടെ വേദനകളും മീര കവിതക്കുവിഷയമാക്കി. പുതിയകാലത്തിണ്റ്റെ പുനര്‍വ്യാകരണങ്ങളില്‍ വഴിമാറുന്ന ഹൃദയബന്ധങ്ങളെക്കുറിച്ചുള്ള കുറിപ്പുകളോ, പ്രതികരണങ്ങളോ നേര്‍ക്കാഴ്ചകളോ ഒക്കെയാണ്‌ കൂടുതല്‍ കവിതകളും. അച്ഛനെ വൃദ്ധസദനത്തിലാക്കുന്ന ഒരു മകളുടെ ധര്‍മ്മസങ്കടമാണ്‌. അച്ഛനെയാണെനിക്കിഷ്ടം എന്ന കവിതയിലെ ഇതിവൃത്തം. വൃദ്ധസദനത്തില്‍ പടിയില്‍വച്ച്‌, പുഞ്ചിരിയച്ഛന്‍തൂകിയല്ലോ കരയുവാന്‍ കണ്ണീരുതിര്‍ന്നിരുന്നോമനസ്സില്
‍ വികാരം തണുത്തിരുന്നോ. എന്ന്‌ അച്ഛണ്റ്റെ മനസ്സിനെ അവള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഓണസന്ധ്യ ഓരോര്‍മ്മ സന്ധ്യ എന്ന കവിതയിലാകട്ടെ, ഓണത്തിന്‌ പൂക്കളമൊരുക്കി മകനെ കാത്തിരിക്കുന്ന അമ്മയുടെ വിതുമ്പലുകളാണ്‌. മകനെ പ്രതീക്ഷിക്കുന്ന അമ്മയ്ക്കുകിട്ടിയത്‌ ഈ-മെയിലില്‍ വന്ന ആശംസകാര്‍ഡാണ്‌. എന്നുവരുമവന്‍ എന്നുവരുമവന്‍ ഓണപ്പൂക്കളമിട്ടീടുവാന്‍ എന്നു കരയുന്ന അമ്മ ആശംസാ കാര്‍ഡു കണ്ടപ്പോള്‍ വിലപിക്കുന്നത്‌, തിരുവോണനാളില്‍ തുമ്പപ്പൂചോറായ്‌, വിഷാദമാണോയെന്നുണ്ണീവിളമ്പീത്‌, കണ്ണുനീരായതില്‍ സാമ്പാറും കാളനുംഈയോണ സ്മൃതികളായ്‌ കുട്ടുകറികളും വായിക്കുന്നവരെയും വായിച്ചു കേള്‍ക്കുന്നവരെയും കണ്ണീരണിയിക്കും. മനുഷ്യരുടെ മാത്രമല്ല മറ്റു ദുഃഖങ്ങളും മീര കണ്ടു. ഉത്സവങ്ങളിലെ ആനയുടെ ദുഃഖം, ഗജേന്ദ്രണ്റ്റെ കണ്ണുനീര്‍ എന്ന കവിതയില്‍ വിവരിച്ചിരിക്കുന്ന - അവനുടെ നെഞ്ചിലെ നൊമ്പരങ്ങള്‍ ആരറിയാന്‍, ആരാലറിയാന്‍ എന്ന ആനയുടെ ഭാഗത്തുനിന്നു ചിന്തിക്കുന്നു. എല്ലാവരും വെറുക്കുന്ന കൊതുകിണ്റ്റെ ഭാഗത്തു നിന്നുള്ള ചിന്തകളാണ്‌ കൊതുകിണ്റ്റെ കുമ്പസാരം എന്ന കവിതയില്‍ കണ്ണുണ്ടെങ്കിലും കാണാത്തവരെയും കാതുണ്ടെങ്കിലും കേള്‍ക്കാത്തവരെയും കുറിച്ച്‌ പറയുന്ന ഉയരുവതില്ലൊരു മന്യനും ഭൂമിയില്‍ എന്ന കവിതക്കാണ്‌ സാംസ്കാരികസാഹിതിയുടെ അവാര്‍ഡ്‌ ലഭിച്ചത്‌. വൈകല്യമുള്ളവരെ സഹായിക്കാനായി കുനിയുമ്പോഴാണ്‌ നാം കൂടുതല്‍ ഉയരുന്നതെന്ന്‌ കവി അഭിപ്രായപ്പെടുന്നു. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച മൊബൈല്‍ എന്ന കവിത എവിടെയെന്നറിയുവാന്‍ വാങ്ങിക്കൊടുത്തൊരാ മൊബൈലും മകളുമിന്നെവിടെയെന്നറിയുമോവായിച്ചിട്ട്‌ ഒരു നോവല്‍ വായിച്ച പ്രതീതിയാണെന്ന്‌ ഒന്നിലധികം പേര്‍ കത്തെഴുതുകയും വിളിച്ചുപറയുകയുമുണ്ടായി. തൃപ്പൂണിത്തുറ നടക്കുന്ന ചടങ്ങില്‍ പ്രശസ്തകവി ചെമ്മനം ചാക്കോയാണ്‌ പുസ്തകം പ്രകാശനം ചെയ്യുന്നത്‌. അവതാരികയെഴുതിയ കേരള കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ ഡോ.കെ.ജി.പൌലോസ്‌ ആദ്ധ്യക്ഷം വഹിക്കുന്നു. ഒരു കവി എന്ന നിലയിലുള്ള മീരയുടെ പുതിയ യാത്രയുടെ തുടക്കമാണ്‌ ഈ കവിതാസമാഹാരം. മീര പറയുന്നപോല, എണ്റ്റേതുമാത്രമീദീര്‍ഘയാത്ര സ്നേഹവാത്സല്യങ്ങള്‍ തേടും യാത്ര ഒരിക്കലുമവസാനിക്കാത്ത യാത്രജവഹര്‍ലാല്‍ നെഹ്‌റു ഡയറിയില്‍ പകര്‍ത്തിയ റോബര്‍ട്ട്‌ ഫ്രോസ്റ്ററിണ്റ്റെ കവിതയെ ഓര്‍മ്മിപ്പിക്കുന്നു. മിലെസ്‌ റ്റൊ ഗൊ ബെഫൊരെ ഇ സ്ളീപ്‌ മിലെസ്‌ റ്റൊ ഗൊ ബെഫൊരെ ഇ സ്ളീപ്‌

Saturday, July 11, 2009

വാക്കുകള്‍-ശ്രീദേവി നായര്‍





എന്റെ വാക്കുകള്‍ഒട്ടും സംസ്ക്കാരമില്ലാതെ
എന്നെ ഉപേക്ഷിച്ചു യാത്രയായി.
സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍,
ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ വിലക്കി.
വാക്കുകള്‍ പറഞ്ഞു,
ഞങ്ങള്‍ക്ക് കവിതയാകണം,
കവിയാണ് അവരുടെ ശത്രുവത്രെ!
വാക്കുകള്‍ കവിയെ വിട്ട്,
സ്വയം രംഗം പിടിച്ചെടുക്കുകയാണ്,
വാക്കുകള്‍ക്ക്‌ കവിതയാകാനുള്ള മണ്ണെവിടെ?
വാക്കുകള്‍ പറഞ്ഞു ;
മണ്ണ് ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്വേഷിച്ചത്‌ സത്യത്തെ തന്നെയായിരുന്നു.
ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;
എന്തുപറ്റി?
വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല,
സത്യാന്വേഷകരെ എത്രവേണമെങ്കിലും തരാം.

Friday, July 10, 2009

കാലചക്രം -ഇന്ദിരാ ബാലന്‍



സ്വപ്നജലാശയങ്ങളില്‍ പൂത്തുനിന്ന
കരിങ്കൂവളങ്ങള്‍ കണ്ണടച്ചിരിക്കുന്നു.
ഏകാന്തതയുടെ തടവിലേക്ക്‌
തള്ളിവിട്ട സ്വപ്നഗൃഹം
വിഷാദഭരിതയായ യുവതിയെപ്പോലെ
ഭാവി ഒരിരുണ്ട ഭൂതമായി
ദംഷ്‌ട്രകള്‍ നീട്ടി
അട്ടഹസിച്ചുകൊണ്ട്‌ മുന്നില്‍
വര്‍ത്തമാനമോ നിസ്സംഗയായും
ഭൂതകാലം പഴകി മറഞ്ഞ -
മഞ്ഞത്താളു പോലെ പിഞ്ഞിപ്പോയിരിക്കുന്നു.
കണ്ണുകള്‍ ശൂന്യമായ
വിദൂരതയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു
. അകമേ ഇരമ്പിമറിയുന്ന
കടലിന്‍റെ ഗര്‍ജ്ജനം
അപാര നീലിമയുടെ
സൌന്ദര്യത്തിടമ്പേന്തി നില്‍ക്കുന്ന
ആഴിയുടെ ഗര്‍ഭഗൃഹങ്ങളില്‍
ഭയത്തിന്‍റെ ഉരുള്‍പ്പൊട്ട
ലുകള്‍!
ഈ ആഘാതം ,
നേര്‍ത്ത ഹൃദയഭിത്തികള്‍ക്കു്‌
താങ്ങാനാകുമോ?
ഭയാശങ്കകളുടെ നൂലിഴകള്‍
തല നീട്ടുന്നു
ഏതു ശാപഭാരത്താലാണ്‌
ഈ കനത്ത ചുമടു ശിരസ്സിലമര്‍ന്നത്‌?
ഈ ശിക്ഷക്കൊരറുതിയില്ലേ?
എന്നും ഒരു പുതിയ സൂര്യവെളിച്ചം
ഉദിക്കുമെന്ന കിനാവ്‌ അങ്ങ്‌ വിദൂരതയില്‍..............
മരണതുല്യമായ നിമിഷങ്ങളെ
മറി കടക്കുവാനേതു
സിദ്ധൌഷധമാണ്‌ തേടേണ്ടത്‌?
ശാന്തിപര്‍വ്വത്തിനായി
ഏതു മഹാസാനുക്കളിലേക്കാണ്‌
യാത്ര തിരിക്കേണ്ടത്‌?
"നിരപരാധികള്‍ ശിക്ഷിക്കപ്പെ
ടുന്നു" വെന്ന
ക്രൂര സത്യത്തിനു മുന്നില്‍
പകച്ചു നില്‍ക്കുമ്പോള്‍
ഉത്തരങ്ങളില്ലാതെ
എല്ലാ പഴുതുകളും അടഞ്ഞുപോകുന്നു.
തുറക്കാത്ത വാതിലുകള്‍ക്കു മുന്നില്‍
കൂപ്പുകൈയുമായി എത്ര നേരം?
സാന്ത്വനത്തിന്‍റെ ഒരു ശംഖുനാദം പോലും ഉയരുന്നില്ലാ.

മൂര്‍ച്ഛയേറിയ ജീവിതയുളിയാല്‍
കുത്തിക്കീറി. ചോരയൊലിക്കുന്ന
, ഹൃദയവടുക്കളിലേക്ക്‌
കണ്ണീരിന്‍റെ ഉഷ്‌ണപ്രവാഹം. !
ഉപ്പുരസത്താല്‍ കുതിര്‍ന്ന്
മുറിവിന്‍റെ നീറ്റലിന്‌ ഒരവസാനമില്ലേ?
ആത്മശാന്തിയുടെ തീരമായ മരണത്തിലൊ,
ഈ കാത്തിരിപ്പിന്നന്ത്യം!
കാലചക്രത്തിന്‍റെ
ഗതിവിഗതികള്‍
ആര്‍ക്കറിയാം?

രക്ഷകന്‍: ആന്‍റണി ബോബന്‍

രക്ഷകൻ. ഏകാംഗ നാടകം

[അര്‍ധരാത്രി. പൂന്തോട്ടത്തില്‍ ക്രിസ്തുവും യൂദാസും. പശ്ചാത്തലത്തില്‍ ചന്ദ്രണ്റ്റെ മങ്ങിയ പ്രകാശം]
ക്രിസ്തു
: [താഴ്ന്ന ശബ്ദത്തില്‍] നീ കേള്‍ക്കുന്നുണ്ടോ യൂദാസ്‌?

യൂദാസ്‌: ഉവ്വ്‌ ഗുരോ


ക്രിസ്തു: നിനക്കേ അതിനു കഴിയൂ. നിനക്കു മാത്രം. പ്രവാചന്‍മാര്‍ കല്‍പ്പിച്ചതുപോലെ സംഭവിച്ചേ മതിയാകൂ. ലോകജനതയുടെ മോചനത്തിനായി, സഹനത്തിന്റെയും ക്ഷമയുടെയും
ഈ സമരത്തിന്റെ വിജയത്തിനായി, അതു സംഭവിക്കണം. നിനക്കല്ലാതെ മറ്റാര്‍ക്കുമാവില്ല അതു നിറവേറ്റാന്‍.

യൂദാസ്‌: പക്ഷേ പ്രഭോ ഞാന്‍... ?

ക്രിസ്തു: അതെ യൂദാസ്‌, നീ തന്നെ. മറ്റാര്‍ക്കുമതിനാവില്ല. അദ്ധ്വാനിക്കാതെ, വിയര്‍പ്പൊഴുക്കതെ, അപ്പത്തിനും വീഞ്ഞിനും മാത്രമായിവന്ന മറ്റാര്‍ക്കാണതിനാവുക. യൂദാസ്‌, നീ ഓര്‍ക്കുന്നുണ്ടോ, അഞ്ചപ്പംകൊണ്ട്‌ ഒരു പുരുഷാരത്തിണ്റ്റെ മുഴുവന്‍ വിശപ്പടക്കിക്കൊള്ളാന്‍ ഞാനാവശ്യപ്പെട്ടപ്പോള്‍ അവരിലൊരാള്‍ പോലും എന്നെ വിശ്വസിക്കുന്നുണ്ടായിരുന്നില്
ല.
അവര്‍ക്കറിയാമായിരുന്നു അവരിലൊരാല്‍ക്കുപോലും അഞ്ചിലേറെ അപ്പം വേണ്ടിവരുമെന്ന്‌. ഒടുവില്‍ എല്ലാവരും ഭക്ഷിച്ച്‌ മിച്ചം വരുവോളം. നീ അറിയുന്നിണ്ടോ, ഒരിക്കലെങ്കിലും എന്നെ വിട്ടുപോകാൻ ആഗ്രഹിക്കാത്ത ആരുമില്ലായിരുന്നു, നമ്മുടെ കൂടെ.

യൂദാസ്‌: പ്രഭോ, ഞാ
നും ?
ക്രിസ്തു: എനിക്കറിയാം യൂദാസ്‌, സാങ്കല്‍പ്പിക സ്വര്‍ഗ്ഗരാജ്യം സ്വപ്നം കണ്ടവരാണവര്‍. അവര്‍ക്കുവേണ്ടി എനിക്കു സൃഷ്ടിക്കേണ്ടിയിരുന്നത്‌ മൂഢന്‍മാരുടെ സ്വര്‍ഗരാജ്യത്തെയായിരുന്നു. അവര്‍ ഒരിക്കലും നിസ്വാര്‍ഥ സേവകരായിരുന്നില്ല. പ്രതിഭലേശ്ചയില്ലാത്ത ഒരു വിപ്ളവത്തിനും അവര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആവര്‍ത്തിക്കുന്നു, സാങ്കല്‍പ്പിക സ്വര്‍ഗ്ഗരാജ്യം സ്വപ്നം കണ്ടവരാണവര്‍.

യൂദാസ്‌: എങ്കില്‍ ഗുരോ, അങ്ങ്‌ അവര്‍ക്കു വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗരാജ്യം?

ക്രിസ്തു: ഉണ്ട്‌ യൂദാസ്‌, തീര്‍ച്ചയായും ഉണ്ട്‌.പക്ഷേ അത്‌ ആകാശങ്ങള്‍ക്കപ്പുറമോ, സ്വപ്നത്തിലോ അല്ല; ഇവിടെ, എനിക്കു ചുറ്റും, നിനക്കു ചുറ്റും. സര്‍വ്വരും ഒന്നായി വാഴുന്ന ലോകം. അതാണ്‌ സ്വര്‍ഗ്ഗരാജ്യം. നീ വാളിലൂടെ കണ്ടെത്താ
ന്‍ ശ്രമിച്ചതും, ഞാന്‍ ആത്മാവിലൂടെ വാഗ്ദാനം ചെയ്‌തതുമായ അതേ സ്വര്‍ഗ്ഗരാജ്യം. പക്ഷേ നിന്റെ മാര്‍ഗ്ഗം രക്തരൂക്ഷിതമായിരുന്നു

യൂദാസ്‌: അങ്ങയ്ടെ
ശബ്ദം ഒരു പരാചിതന്റെതാണ്‌. അതെന്നെ മടുപ്പിക്കുന്നു.

ക്രിസ്തു: നിന്നെ മാത്രമല്ല യൂദാസ്‌, എന്നെയും.

യൂദാസ്‌: ഗുരോ.... !

ക്രിസ്തു: യൂദാസ്‌ എന്റെ സഹോദരാ, നീയെന്നെ ഗുരോ എന്നു വിളിക്കരുത്‌, ഇമ്മാനുവേല്‍. 13-ആം വയസ്സില്‍ ഞാന്‍ നിന്നെ വിട്ടുപിരിയുന്നതുവരെ നീയെന്നെ അങ്ങിനെതന്നെയാണല്ലോ വിളിച്ചിരുന്നതും. ഒരിക്കല്‍കൂടി അതുകേള്‍ക്കാന്‍ എന്റെ കാതുകള്‍ കൊതിക്കുന്നു യൂദാസ്‌. പരജയപ്പെട്ട ഒരുവനെ ഗുരോ എന്നു വിളിക്കുന്നതും വ്യര്‍ഥം.

യൂദാസ്‌: ഗുരോ....

ക്രിസ്തു: ഇമ്മാനുവേല്‍ എന്നു വിളിക്കൂ യൂദാസ്‌.

യൂദാസ്‌: പക്ഷേ നീ പരാജയപ്പെട്ടു എന്നു കരുതുന്നതെന്ത്‌?

ക്രിസ്തു: അതേ യൂദാസ്‌, വാളെടുക്കുന്നവനോട്‌ വാള്‌ തന്നെയാണു മറുപടി പറയേണ്ടതെന്ന്‌ എനിക്കുപ്പോള്‍ തോന്നുന്നു.

യൂദാസ്‌: [ സൌമ്യവും ദൃഡവുമായ ശബ്ദത്തില്‍ ] വാളെടുത്തിട്ടുണ്ടോ നീ എപ്പോഴെങ്കിലും?

ക്രിസ്തു: [ആശ്ചര്യത്തോടെ] യൂദാസ്‌... !

യൂദാസ്‌: [ക്രൂദ്ധനായി] മറുപടി പറയ്‌. ചോര ചിന്തിയിട്ടുണ്ടോ എന്നെങ്കിലും?


ക്രിസ്തു: എന്റെ മാര്‍ഗം അതായിരുന്നില്ല.

യൂദാസ്‌: പക്ഷേ എന്റെ മാര്‍ഗം അതായിരുന്നു. വിളഞ്ഞു പഴുത്ത മുന്തിരിക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ ഞാന്‍ വിശന്നു കിടന്നു. ഏറ്റവും പഴക്കമേറിയ പതഞ്ഞുപൊങ്ങുന്ന വീഞ്ഞിനു മുന്‍പില്‍ ഉപവാസമിരുന്നിട്ടുണ്ട്‌ ഞാന്‍. എന്റെ യുദ്ധം ദൈവത്തോ
ടും സാത്താനോടുമായിരുന്നില്ല, അനീതിയോടായിരുന്നു. പട്ടിണിക്കാരണ്റ്റെ മുന്നില്‍ തത്വചിന്തയോതാനാവില്ല എനിക്ക്‌. വിശപ്പ്‌, വിശപ്പ്‌ മാത്രമായിരുന്നു എന്റെ തത്വശാസ്ത്രം. വിശക്കുന്നവനു മനസ്സില്ലാകത്ത ഒന്നും എനിക്കും മനസ്സിലാകുമായിരുന്നില്ല. പക്ഷേ നീ, നീയെന്റെ പ്രതീക്ഷകളെ തകര്‍ത്തുകളഞ്ഞു. വിയര്‍പ്പൊഴുക്കാതെ, ചോര ചിന്താതെ സ്വര്‍ഗ്ഗരാജ്യം നീ അവര്‍ക്കു വാഗ്ദാനം ചെയ്തു. വാചകമടിക്കാരും സുഖിമാന്‍മാരുമായ കുറെ തെമ്മാടികളെ നിനക്കു കൂട്ടും കിട്ടി. നിന്റെയും അവരുടെയും വാക്ധോരണികളില്‍ മയങ്ങിയ ജനം നിണ്റ്റെ കൂടെ വന്നു. പിന്നെ എന്റെ ഒളിപ്പോരാളികളും. സ്വപ്നം കണ്ട ലക്ഷ്യം ഒന്നായതുകൊണ്ടുമാത്രം ഞാനും. എന്നിട്ടിപ്പോള്‍ നീ പറയുന്നു, വാളാണു ശരിയെന്ന്‌. ലജ്ജയില്ലെ നിനക്കിതു പറയാന്‍? അരനാഴിക മുന്‍പ്‌ നീ പകുത്തു നല്‍കിയ അപ്പവും വീഞ്ഞും ഭുജിച്ച്‌ പിരിഞ്ഞു പോയ ആ വിഡ്ഡിപ്പരിഷകളോട്‌ എന്തുകൊണ്ടു നീയിതു പറഞ്ഞില്ല?

ക്രിസ്തു: [ തളര്‍ച്ചയോടെ] യൂദാസ്‌...... എണ്റ്റെ സഹോദരാ...

യൂദാസ്‌: നാവടക്ക്‌. ഒര
ല്‍പം മുന്‍പ്‌ നീ പറഞ്ഞില്ലേ നിന്റെ ശിഷ്യന്‍മാരിലൊരാള്‍ നിന്നെ ഒറ്റുകൊടുക്കുമെന്ന്‌?

ക്രിസ്തു: അതുപക്ഷെ നിന്നെക്കരുതിയല്ല.

യൂദാസ്‌: എനിക്കറിയാം. അങ്ങിനെ വേണ്ടിയിരുന്നെങ്കില്‍ത്തന്നെ ഞാനതു ചെയ്യില്ല. എന്റെ ഈ രണ്ടു വിരലുകള്‍കൊണ്ടു നിന്റെ
ജീവനെടുക്കുമായിരുന്നു ഞാന്‍. നിന്റെ ദുഷിച്ച രക്തംകൊണ്ട്‌ പങ്കിലാമാകുവാന്‍ എണ്റ്റെ വാളിനുപോലും അവസരം കൊടുക്കില്ലായിരുന്നു ഞാന്‍.

ക്രിസ്തു: എന്റെ സഹോദരാ, നീ എന്നെ അവിശ്വസിക്കുന്നുവോ യൂദാസ്‌?

യൂദാസ്‌: എന്തു തോന്നുന്നു നിനക്ക്‌ ?

ക്രിസ്തു: സൂര്യന്‍ കിഴക്ക്‌ ഒരിക്കലും ഉദിക്കുന്നില്ലെങ്കില്‍. റോമിന്റെ പട്ടാളം എന്നെന്നേക്കുമായി ആയുധങ്ങള്‍ ഉപേക്ഷിക്കുന്നൂവെങ്കില്‍. ഒന്നിനെയും നശിപ്പിക്കാതെ അഗ്നി കെട്ടടങ്ങുന്നുവെങ്കില്‍.

യൂദാസ്‌: കുഴിമടിയന്‍മാരെ വശത്താക്കിയ അതേ വാചാലത..... !

ക്രിസ്തു: യൂദാസ്‌, എന്റെ പ്രിയ സഹോദരാ, എന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. എന്റെ വിധി എന്നേ എഴുതപ്പെട്ടതാണ്‌. അതു നടപ്പിലാക്കാപ്പെടുവാന്‍ ഇനി നാഴികകള്‍ മാത്രം. പക്ഷെ എന്റെ സഹോദരാ, എനിക്കു പശ്ചാത്താപം തോന്നുന്നു.

യൂദാസ്‌: എന്തിന്‌, എന്തിനുവേണ്ടി നീ പശ്ചാത്തപിക്കണം?

ക്രിസ്തു: പൂര്‍ത്തീകരിക്കപ്പെടാതെ പോയ സ്വപ്നങ്ങളെ ഓര്‍ത്ത്‌, അനാധരാക്കപ്പെട്ട ജനത്തെ ഓര്‍ത്ത്‌,, അവര്‍ക്ക്‌ നല്‍കപ്പെട്ട വാഗ്ദാനങ്ങളെ ഓര്‍ത്ത്‌.

യൂദാസ്‌: നീ സ്വയം ക്രൂശിലേക്ക്‌ നടക്കുന്നു.

ക്രിസ്തു: മരണം അ
നിവാര്യതയാണ്‌ യൂദാസ്‌, എന്നേ പ്രവചിക്കപ്പെട്ടതും.

യൂദാസ്‌: ആരുടെ മരണം?

ക്രിസ്തു: ദൈവപുത്രന്റെ മരണം. ലോകപാപങ്ങള്‍ കഴുകിക്കളയാനായി അയക്കപ്പെട്ട ദൈവപുത്രന്റെ മരണം.

യൂദാസ്‌: എങ്കില്‍ നീ വഗ്ദാനം ചെയ്ത സ്വര്‍ഗരാജ്യം?

ക്രിസ്തു: സ്വര്‍ഗത്തിലേക്കുള്ള വഴി ഇരുണ്ടതും ഇടുങ്ങിയതുമാണ്‌.

യൂദാസ്‌: നീ ദൈവപുത്രനെങ്കില്‍, എന്തുകൊണ്ടു നിനക്കു രക്ഷപെട്ടുകൂട?

ക്രിസ്തു: അതൊരു നിയോഗമാണ്‌.

യൂദാസ്‌: നിനക്ക്‌ അത്ഭുതം പ്രവര്‍ത്തിക്കാനാവുമോ?

ക്രിസ്തു: എന്നു മറ്റുള്ളവര്‍ പറയുന്നു.

യൂദാസ്‌: മരിച്ച ലാസറിനെ നീ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു ജനം പറയുന്നു.

ക്രിസ്തു: കരുണാമയനായ സൃഷ്ടാവിന്റെ ഹിതം.

യൂദാസ്‌: നീ നിന്റെ ജനത്തെ സ്നേഹിക്കുന്നുവെങ്കില്‍, അവരോടു കരുണയുള്ളവനാണെങ്കില്‍, അവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗ്ഗരാജ്യം നേടിക്കൊടുക്കുവാന്‍ നീ ബാധ്യസ്തനാണ്‌.

ക്രിസ്തു: ദയാപരനായ ദൈവം അനുവദിക്കുവോളം ഞാന്‍ ശ്രമിച്ചിരുന്നു.

യൂദാസ്‌: ഇല്ല. നീ ശ്രമിച്ചിട്ടേയില്ല. നീ അ
വര്‍ക്ക്‌ വാഗ്ദാനങ്ങള്‍ നള്‍കുകമാത്രമേ ചെയ്തിട്ടുള്ളു. ഏറെ പ്രഘോശിച്ച ആ ലക്ഷ്യം നിറവേറ്റാന്‍ ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ നിനക്കായിട്ടില്ല. ഒടുവില്‍ ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടുന്നു. കഴുത്തൊടിഞ്ഞ ഒരടിമയെപ്പോലെ മരണം കാത്തുകിടക്കുന്നു. സുന്ദരമായ ആ സ്വപ്നസാക്ഷാത്കാരത്തിനായുള്ള നിസ്സരമായ സാധ്യതകളെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട്‌. യുദ്ധം ആരംഭിക്കുന്നതിനുമുന്‍പ്‌ ശത്രുവിന്റെ വാളിനു കഴുത്തു നീട്ടുന്ന പടനായകനാണു നീ. ലജ്ജാകരമായ അന്ത്യം.

ക്രിസ്തു: യൂദാസ്‌, പ്രിയമിത്രമേ, എന്റെ സഹോദരാ, നമ്മുടെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു.

യൂദാസ്‌: [ശാന്തനായി] പ്രഭോ, യുദ്ധത്തില്‍ ആദ്യം ചിന്തപ്പെടേണ്ട രക്തം പടയാളിയുടെതാണ്‌, രാജാവിന്റെതല്ല.

ക്രിസ്തു: എനിക്കു നിന്നെ മനസ്സിലാകുന്നില്ല യൂദാസ്‌

യൂദാസ്‌: [ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടുവന്ന്‌] പ്രഭോ, അവര്‍ക്കു വേണ്ടത്‌ രക്തമാണെങ്കില്‍, എന്റെത്‌, എന്റെ രക്തം കൊണ്ട്‌ ആ കുരിശു കഴുകപ്പെടട്ടെ. വിടുവായക്കാരനും മുന്‍കോപിയുമായ യൂദാസ്‌ ക്രൂശില്‍ മരിക്കട്ടെ.

ക്രിസ്തു: എന്റെ സഹോദരാ....

യൂദാസ്‌: അങ്ങയുടെ ശിഷ്യ
രില്‍ യൂദസ്‌ വെറും തൃണം. അവന്റെ രക്തത്തിന്‌ റോമിലെ വേശ്യയുടെ കണ്ണീരിനോളം പോലും വിലയില്ല. എന്റെ രക്തം ചിന്തപ്പെടട്ടെ. അത്യുന്നതനായ ദൈവപുത്രന്‍ അവന്റെ ലക്ഷ്യം നിറവേറ്റപ്പെടുവാനായി അവന്റെ ജനത്തിനു നടുവില്‍ വസിക്കട്ടെ. അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗരാജ്യം അവനിലൂടെ അവര്‍ക്കു ലഭിക്കട്ടെ. അങ്ങ്‌ അവര്‍ക്കിടയില്‍ ഉണ്ടാകണം. ഉണ്ടായേ മതിയാകൂ.

ക്രിസ്തു: പക്ഷെ യൂദാസ്‌ അവര്‍ക്കുവേണ്ടത്‌ യൂദാസിന്റെ രക്തമല്ല. എന്റെ രക്തമാണ്‌. അതാകട്ടെ, ചിന്തപ്പെടാനുള്ളതും.


യൂദാസ്‌:: വിഡ്ഡീത്തം. ഒരു പെണ്ണാടിന്റെ നാവില്‍നിന്നും മാത്രം വരുന്ന ബാലിശമായ വാക്കുകള്‍. കുലത്തൊഴില്‍പോലും നേരെ ചെയ്യാനറിയാത്ത ആശാരിച്ചെറുക്കന്റെ പുലമ്പല്‍.

ക്രിസ്തു: യൂദാസ്‌...... !

യൂദാസ്‌: ഗുരോ, അങ്ങയെ ജനങ്ങള്‍ക്കു വേണം. അവിടുത്തെ ചിന്തകളും വാചാലതയും അവര്‍ക്കു വേണം. അങ്ങ്‌ അവര്‍ക്ക്‌ വഴിയും വെളിച്ചവും സത്യവും ആകേണ്ടവന്‍. റോമന്‍ പടയാളികള്‍ക്കുവേണ്ടത്‌ അങ്ങയുടെ ശരീരം മാത്രമാണ്‌. ശരീരം മാത്രം. എന്നാല്‍ യൂദാസിന്റെ ശരീരം അങ്ങയുടെതിനെക്കള്‍ എത്രയോ ദൃഡ്ഡവും വേഗമേറിയതും. അങ്ങ്‌ ദൈവപുത്രനാണെങ്കില്‍, ലാസറിനു പുനരുദ്ധാനം ന
ല്‍കിയത്‌ അങ്ങാണെങ്കില്‍, അന്ധനായവന്‌ കാഴ്ച നല്‍കിയ ദിവ്യന്‍ അങ്ങാണെങ്കില്‍, യൂദാസിന്റെ ആത്മാവും ദൈവപുത്രന്റെ ശരീരവും ക്രൂശിലേറട്ടെ. എന്റെയീ ഉറച്ച പേശികളിലൂടെ ദൈവപുത്രന്‍ ജീവിച്ചിരിക്കട്ടെ. ലോകജനതക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗരാജ്യം വന്നുചേരുവാനായി യൂദാസിന്റെ ശരീരവും അങ്ങയുടെ ആത്മാവും ഒന്നുചേരട്ടെ.

ക്രിസ്തു: യൂദാസ്‌, നീ സ്വയം ഇല്ലാതാകാന്‍ കൊതിക്കുന്നു.

യൂദാസ്‌: ചപലത കളയൂ. എന്റെ ചിന്തകള്‍കും പ്രവര്‍ത്തികള്‍ക്കും ഉദാത്തമായ ലക്ഷ്യങ്ങളുണ്ട്‌. അവ സ്വയം സാധൂകരിക്കപ്പെട്ടവയും ആണ്‌.

ക്രിസ്തു: എങ്കിലും എന്റെ പ്രിയപ്പെട്ടവ
നേ, ദൈവഹിതം...... ?

യൂദാസ്‌: ദൈവഹിതം....അതെ, ദൈവഹിതം തന്നെ. അതു പക്ഷെ നീ കരുതുന്നതുപോലെയല്ല. പരമകാരുണ്യവാനായ ദൈവം നമുക്ക്‌ ലക്ഷ്യം മാത്രമേ കാണിച്ചുതരുന്നുള്ളു. മാര്‍ഗം കണ്ടെത്തേണ്ടതും അതു നടപ്പിലാക്കേണ്ടതും നാം തന്നെയാണ്‌.

ക്രിസ്തു: പക്ഷേ യൂദാസ്‌, സ്വയം രക്ഷപെടുന്നതിലേക്ക്‌, ഞാന്‍ എന്റെ സഹോദരനെ ബലികൊടുക്കുകയോ? അതും താല്‍ക്കാലികമായ രക്ഷ്പെടലിലേക്ക്‌? നിന്ദ്യരായ വേശ്യകള്‍പോലും ഇത്തരമൊരു നീചപ്രവൃത്തി ചെയ്യില്ല.

യൂദാസ്‌: ഇമ്മാനുവേല്‍, ഇതു ദൈവഹിതമാണ്‌. ഇതു മാത്രമാണു ദൈവഹിതം. അവന്റെ ജനത രക്ഷിക്കപ്പെടേണ്ടതിലേക്ക്‌, ലോകത്തിന്റെ പാപങ്ങള്‍ നീക്കപ്പെടേണ്ടതിന്‌, അവന്റെ ഇശ്ച നടപ്പാക്കപ്പെടേണ്ടതിന്‌, ഇതു നിര്‍വ്വഹിക്കപ്പെടണം. യൂദാസിന്റെ കലുഷിതമായ, രക്തശ്‌ചവി ചേറ്‍ന്ന ആത്മാവ്‌ ലോകത്തിനാവശ്യമില്ല. ദൈവപുത്രനായ നിന്നെയാണാവശ്യം. നിന്നെ മാത്രം. ചപലചിന്തകള്‍ക്ക്‌
വിട നല്‍കൂ. പ്രവൃത്തി; അതു മാത്രമാണഭികാമ്യം.

ക്രിസ്തു: [മുട്ടിലിരുന്ന്‌ ആകാശത്തേക്ക്‌ കൈകള്‍ വിരിച്ച്‌] ആകാശത്തിണ്റ്റെയും ഭൂമിയുടെയും അധിപനായ എന്റെ പിതാവേ, സമസ്ത്‌ ജീവജാലങ്ങളുടെയും സൃഷ്ടാവായ തമ്പുരാനേ, ഞാന്‍ വെറും കളിമണ്ണ്‌. അങ്ങയുടെ ഇശ്ച നടപ്പിലാക്കപ്പെടുവാനായി അയക്കപ്പെട്ടവന്‍. എന്റെ ആത്മാവും ശരീരവും അങ്ങേക്കു സ്വന്തം. അങ്ങയുടെ ഇശ്ച ഇതാണെങ്കില്‍ അതിനുമുന്‍പില്‍ ഈ പുത്രന്‍ ശിരസ്സുനമിക്കുന്നു.

[എഴുന്നേറ്റ്‌ മരച്ചുവട്ടിള്‍ചെന്നിരുന്നു പ്രാര്‍ഥിക്കുന്നു. പുറത്ത്‌ പടയാളികളുടെ ആരവം]

യൂദാസ്‌: പ്രഭോ, വേഗമാകട്ടെ, അവരതാ വന്നെത്തിയിരിക്കുന്നു. ആ ആരവം നീ കേള്‍ക്കുന്നില്ലേ വേഗം, സമയം നമ്മെ കാത്തുനില്‍ക്കുന്നില്ല.


[മുട്ടിലിരുന്ന്‌ ആകാശത്തേക്ക്‌ കൈകളുയേത്തി പ്രാര്‍ഥിക്കുന്നു. ഇടിമിന്നലും കാറ്റും. ക്രിസ്തുവിണ്റ്റെയും യൂദാസിന്റെയും ആത്മാവുകള്‍ പരസ്പരം മാറുന്നു. ] [പടയാളികളോടെപ്പം പുരോഹിതന്‍ കടന്നുവരുന്നു, അവര് യൂദാസിനെ കാണുന്നു. ]

ഒന്നാം പടയാളി: ഹേയ്‌, ആരാണു നീ ? കൊടുങ്കാറ്റും പേമാരിയും പെയ്യുന്ന ഈ രാത്രിയില്‍ നീയിവിടെ എന്താണ്‌ ചെയ്യുന്നത്‌? യാഹുദന്‍മാരുടെ രാജാവെന്നു സ്വയം പുകഴ്ത്തിനടക്കുന്ന ആശാരിച്ചെറുക്കന്നായ നസ്റേക്കരനെ കണ്ടിട്ടുണ്ടോ നീ ?

യൂദാസ്‌: നിങ്ങളന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ.

പുരോഹിതന്‍: എന്ത്‌, നസ്റേത്തിലെ മരപ്പണിക്കാരനായ ജോസഫിന്റെ പുത്രന്‍ യേശു നീ തന്നെയാണോ?

യൂദാസ്‌: അത്യുന്നതങ്ങളിലിരിക്കുന്നവനും, സര്‍വ്വതിന്റെയും സൃഷ്ടാവും രക്ഷകനുമായ ദൈവമാണ്‌ എന്റെ പിതാവ്‌.

രണ്ടാം പടയാളി: ഇവന്‍ നസ്രേക്കാരനായ യേശു അല്ല. ചുങ്കക്കാരെയും കച്ചവടക്കാരെയും ചാട്ടവാറിനടിച്ചോടിച്ച യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇതവനല്ല. ഇവന്‍ യേശു അല്ല.

മൂന്നാം പടയാളി: [ യൂദാസിന്റെ മുഖം പിടിച്ച്‌ നോക്കിക്കൊണ്ട്‌] ഇവന്‍ യേശു അല്ല, പക്ഷേ, ഇവനെ എനിക്കറിയാം. ( യൂദാസിനോട്‌) നീ യൂദാസ്‌കറിയാത്തോവല്ലേ ? (മറ്റുള്ളവരോട്‌) ഇവന്‍ യൂദാസ്‌ തന്നെ. സ്വന്തം പിതാവിന്റെ ധാന്യക്കലവറ കൊ
ള്ളയടിച്ച്‌ അടിമകള്‍ക്കും വേശ്യകള്‍ക്കും വിതരണം ചെയ്തവന്‍. ഇവന്റെ കൈകളില്‍ വാളിന്റെ തഴമ്പുണ്ടാകും. അരയില്‍ കഠാരയും.

ഒന്നാം പടയാളി: അതെ അതെ, ഇവന്‍ യൂദാസ്‌ തന്നെ. പക്ഷേ ഇവനെ ഞാന്‍ ആ നസ്റേക്കാരനൊപ്പം കണ്ടിട്ടുണ്ട്‌.

പുരോഹിതന്‍: ഇവന്‍ ആ നസ്റേക്കരന്റെ ശിഷ്യന്‍ യൂദാസ്‌ ആണെങ്കില്‍ ആ ആശാരിച്ചെറുക്കന്‍ എവിടെയുണ്ടെന്ന്‌ ഇവനറിയാം. ഇവനതു പറയുന്നില്ലെങ്കില്‍ ഇവന്റെ നാക്കു പിഴുതെടുക്കൂ.

യൂദാസ്‌: കണ്ണുള്ളവരോ കാണുന്നില്ല, കാതുള്ളവരോ കേള്‍ക്കുന്നുമില്ല. ആ മനുഷ്യന്‍ ഞാന്‍ തന്നെ.

രണ്ടാം പടയാളി: [ മരത്തിനു ചുവട്ടില്‍ പ്രാര്‍ഥിക്കുന്ന യേശുവിനെ കാണുന്നു] അതാ അവന്‍. അവന്‍ തന്നെ യേശു.

പുരോഹിതന്‍: യെഹോവയുടെ നിയമങ്ങളെ ധിക്കരിക്കുകയും, അടിമകളെയും തെമ്മാടികളെയും കൂട്ടുചേര്‍ത്ത്‌ കലാപമുണ്ടാക്കുക്കയും ചെയ്ത ഇവനെ പിടിച്ചു കെട്ടൂ.

[ഭടന്‍മാര് യേശുവിനെ പിടിച്ചുകെട്ടൂന്നു, അവജ്ങ്ങയോടെ കുതറുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്യുന്ന യേശു] [പുരോഹിതന്‍ പണക്കിഴി യൂദാസിനു നേരെ
എറിയുന്നു. അപ്രതീക്ഷിതമായി വന്ന പൊതി യൂദാസ്‌ പിടിക്കുന്നു ]

പുരോഹിതന്‍: ഇതാ ഇതു നിനക്കള്ളതാണ്‌. പീലാത്തോസ്‌ നീതിമാനാണ്‌. ഈ നസ്റേക്കരനെക്കുറിച്ച്‌ അടയാളം തരുന്നവനുള്ളതാണ്‌ ഈ മുപ്പത്‌ വെള്ളിപ്പണം. ഇതിനവകാശി നീ തന്നെ.

[പൊട്ടിക്കരഞ്ഞുകൊണ്ട്‌ യൂദാസ്‌ ഓടിമറയുന്നു. ]

പുരോഹിതന്‍: [യൂദാസിനോട്‌] നസ്റേക്കാരനായ യേശു നീ തന്നെയാണോ?

യൂദാസ്‌: നിങ്ങള്‍ക്കാവശ്യമുള്ളതു ലഭിച്ചുകഴിഞ്ഞു.

പുരോഹിതന്‍: അടിമകള്‍ക്കും വേശ്യകള്‍ക്കും സ്വര്‍‍ഗരാജ്യം വാഗ്ദാനം ചെയ്ത നസ്റേക്കാരനായ നീ യെഹൂദന്‍മാരുടെ രാജാവാണോ?

യൂദാസ്‌: എന്നു നിങ്ങള്‍ പറയുന്നു.

ഒന്നാം പടയാളി : തറ്‍ക്കുത്തരം പറയുന്നോടാ ധിക്കാരീ ( അടിക്കുന്നു )

രണ്ടാം പടയാളി : യാഹുദന്‍മാരുടെ രാജാവ്‌. ഹ..ഹ..ഹ.. (പരിഹസിക്കുന്നു. )

പടയാളികള്‍ ഒത്തുചേര്‍ന്ന്‌ :
യഹുദന്‍മാരുടെ രാജാവ്‌.
മരപ്പണിക്കാരന്‍ രാജാവ്‌
വേശ്യകളുടെ രക്ഷകന്‍
ദുര്‍മന്ത്രവാദി
മരിച്ചവര്‍ക്ക്‌ ജീവന്‍ നല്‍കുന്നവന്‍.

[ മുഖത്തു തുപ്പുന്നു, അടിക്കുന്നു]
[ക്രിസ്തുവിനെയുംകൊണ്ട്‌ എല്ലവരും പോകുന്നു]

[വെളിച്ചം ഇല്ലാതായി വീണ്ടും വരുന്നു. സന്ധ്യാ നേരം സൂചിപ്പിക്കുന്ന ചുവന്ന പ്രകാശം പശ്ചാത്തലത്തില്‍ ]
[ ഓടിക്കിതച്ചു വരുന്ന യൂദാസ്‌. ഭ്രാന്തമായ വേഷം. പാറിപ്പറന്ന തലമുടി. ]



യൂദാസ്‌ : എന്റെ സഹോദരാ, എന്റെ പ്രിപ്പെട്ടവനേ, നീ എവിടെയാണു യൂദാസ്‌. അവരവനെ കൊന്നു. സര്‍വ്വരക്ഷകനായ ദൈവമേ, ലോകപിതാവായ സര്‍വേശ്വരാ, നിന്റെ കണ്ണൂകള്‍ മൂടപ്പെട്ടുവോ?, ലോകപാപങ്ങള്‍ നീക്കുവാനായി അയക്കപ്പെട്ട എന്നെ നീ ഇവിടെ വിട്ട്‌ യൂദാസിനു ക്രൂശുമരണമോ? ഉത്തമരില്‍ ഉത്തമനായ, വിശ്വസ്തരില്‍ വിശസ്തനായ എന്റെ പ്രിയ സഹോദരാ നിന്നെ ക്രൂശുമരണത്തിലേക്ക്‌ തള്ളിവിട്ട ഞാന്‍ എത്ര പാപിയാണ്‌. നീ എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞല്ലോ യൂദാസ്‌. ദൈവമേ, ഞാന്‍ എന്തു നീചനാണ്‌, റോമിലെ വേശ്യപുത്രന്‍മാര്‍പോലും ചെയ്യാനറയ്ക്കുന്ന നീചപ്രവര്‍ത്തിയാണല്ലോ സഹോദരാ ഞാന്‍ നിന്നോട്‌ ചെയ്തത്‌. [പണസഞ്ചി ഉയര്‍ത്തി] ഇതാ മുപ്പതു വെള്ളിപണം. യൂദാസിനെ മരണത്തിലേക്കു വലിച്ചെറിഞ്ഞു കൊടുത്തതിനുകിട്ടിയ പ്രതിഫലം. രക്തത്തെ രക്തത്താലും, വെള്ളത്തെ വെള്ളത്താലും ഒറ്റിക്കൊടുത്തതിനുള്ള ശമ്പളം. ഓ യൂദാസ്‌ എന്റെ വിശ്വസ്തനായ സഹോദരാ, ഇതിന്റെ എഴുപതിരട്ടി വാഗ്ദാനം ചെയ്യപ്പെട്ടാല്‍പോലും നീ എന്നോടിങ്ങനെ ചെയ്യുമായിരുന്നില്ല. വീഞ്ഞും സുഗന്ധദ്രവ്യങ്ങളും റോമിലെ മുഴുവന്‍ കന്യകമാരും നിന്നെ പ്രലോഭിപ്പിച്ചിരുന്നില്ല. നിന്റെ പിതാവിണ്റ്റെ കലവറയിലെ മുഴുവന്‍ സ്വത്തും അടിമകള്‍ക്കു വാരിയെറിഞ്ഞുകൊടുക്കുമ്പോഴും യൂദാസ്‌, അവയിലൊന്നുപോലും നീതിയുക്തമായ നിന്റെ ഹൃദയത്തെ സ്വാധീനിച്ചില്ല. മഹാത്മാവേ, നീതിമാനായ നിന്റെ വില വെറും മുപ്പത്‌ വെള്ളിക്കാശ്‌.

[മുട്ടിലിരുന്ന്‌ കൈകള്‌ ആകാശത്തേക്ക്‌ വിരിച്ച്‌]

ദയാപരനായ പിതാവേ, ഞാന്‍ ദൈവപുത്രനാണെങ്കില്‍, ലോകപാപങ്ങള്‍ നീക്കപ്പെടുവാനായി എണ്റ്റെ ജീവിതവും മരണവും നീ വിധിച്ചുവെങ്കില്‍, എണ്റ്റെ സഹോദരനായ യൂദാസിനെ മുപ്പതു വെള്ളീക്കാശിനുവേണ്ടി ഒറ്റിക്കൊടുക്കപ്പെട്ട ഈ പൂങ്കാവനത്തിലെ വൃക്ഷലതാദികള്‍ മുഴുവന്‍ വളര്‍ച്ച മുരടിച്ചു നശിച്ചുപോകട്ടെ. പ്രേതാത്മാക്കള്‍പോലും ഇവിടേക്കു കടന്നുവരാന്‍ ഭയക്കട്ടെ. [എഴുന്നേല്‍ക്കുന്നു. പണസഞ്ചി വലിച്ചുകീറി പണം വാരിയെറിയുന്നു. ] ഇതാ എന്റെ സഹോദരനെ വിറ്റുകിട്ടിയ പണം. ഇതു വീഴുന്ന പ്രദേശം മുഴുവന്‍ എന്നെന്നേക്കുമായി കരിഞ്ഞുപോകട്ടെ. ആകാശത്തിലെ അഗ്നി മുഴുവന്‍ ഇവിടേക്കു പതിക്കട്ടെ. ഇവിടത്തെ മണല്‍ത്തരികള്‍പോലും വന്ധ്യരായിത്തീരട്ടെ.

[ അരയില്‍ കെട്ടിയിരിക്കുന്ന കയര്‍ അഴിക്കുന്നു. ]

യൂദാസ്‌, പ്രിയപ്പെട്ടവനേ, എന്റെ സഹോദരാ, ഞാന്‍ യേശുക്രിസ്തു. ലോകത്തിണ്റ്റെ പാപങ്ങള്‍ നീക്കുവാനായി ജന്‍മംകൊണ്ട ദൈവപുത്രന്‍. നീ പറഞ്ഞിട്ടുള്ളതുപോലെ, കുലത്തൊഴില്‍പോലും നേരെ ചെയ്യാനറിയാത്ത ആശാരിച്ചെറുക്കന്‍. നസ്രേക്കാരനായ ജോസഫിന്റെ പുത്രന്‍. പ്രവാചകന്‍മാരുടെ പ്രവചനം ശരിയാകണമെങ്കില്‍ ഞാന്‍ മരിക്കണം. ഇന്ന്‌ ഇപ്പോള്‍തന്നെ. ഇതാ എനിക്കുള്ള മരണക്കയര്‍. ഇതില്‍ എന്റെ ജീവന്‍ ഒടുങ്ങണം. നീതിമാനായ എന്റെ സ്നേഹിതാ, സ്വര്‍ഗം നിനക്കുമേല്‍ നന്‍മ ചൊരിയട്ടെ. ലോകം നിന്നെയോര്‍ത്ത്‌ ദുഖിക്കട്ടെ. വിട, വിട, വിട.

Monday, July 6, 2009

നോക്ക്-പി.എ. അനിഷ്



-യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.

സ്ലേറ്റില്‍

ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്

സ്വപ്നം കണ്ടിരുന്നു

പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കു
പ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച്
നിന്നു

വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്

Sunday, July 5, 2009

കഥയായി തീര്‍ന്ന കുട്ടിക്കാലം- മാത്യു നെല്ലിക്കുന്ന്‌



ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ
മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോവാത്ത
മൂവാറ്റുപുഴയാറില്‍ തുടിച്ചുനീന്തിയും കൈത്തോടുകളില്‍ നിന്ന്‌
മീന്‍പിടിച്ചും നടന്ന എന്‍റെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മ പോലും
ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാ കഥകള്‍ പറഞ്ഞിട്ടുണ്ട്‌.
അവര്‍ക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട
മുറികളില്‍ , കോണ്‍ക്രീറ്റ്‌ കൂടുകളില്‍ സ്കൂള്‍ബസ്സുകളില്‍
കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്‍പില്‍ ഒക്കെയാണ്‌ അവര്‍ വളര്‍ന്നത്‌.

അവരോടു കഥ പറയുമ്പോള്‍ ഞാന്‍ അഭിമാനിച്ചു. മണ്ണിന്‍റെ മണമറിഞ്ഞു
വളരാനായതില്‍ ആഹ്‌ളാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ
അനുഭവങ്ങളോര്‍ത്ത്‌ ഊറിയൂറി ചിരിച്ചു. ഇനിയും നാട്ടില്‍ ചെല്ലുമ്പോള്‍
പാടത്ത്‌ ചൂണ്ടയിട്ടു മീന്‍ പിടിക്കണം എന്ന മോഹമുദിച്ചത്‌ അങ്ങനെയാണ്‌.

പിന്നീടു നാട്ടില്‍ വന്നപ്പോള്‍ വീടിന്‍റെ മുന്‍പിലുള്ള പാടശേഖരങ്ങളുടെ
അരികിലെ തോടിന്‍റെ വരമ്പിലൂടെ ഞാന്‍ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടില്‍
ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളില്‍
ധാരാളമുണ്ടായിരുന്ന വരാല്‍ മുശി, പരല്‍മീനുകള്‍, ഞണ്ട്‌, ഞവിണി,
ഇവയിലൊന്നിനേപ്പോലും കണ്ടില്ല. തോടിന്‍റെയും, പാടത്തിന്‍റെയും
വരമ്പുകളില്‍ വന്നിരുന്ന്‌ മീന്‍ പിടിച്ചിരുന്ന പൊന്‍മാന്‍പക്ഷികള്‍
കൊറ്റികള്‍ എന്നിവയില്‍ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടില്‍
ചാടിത്തിമിര്‍ത്തും വാഴത്തട കൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ച്‌
മീന്‍ പിടിച്ചു രസിക്കാന്‍ കുട്ടികളുമില്ലാതായിരിക്കുന്നു.

രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളി തേച്ചു മുങ്ങികുളിക്കാനും,
തുണിനനക്കാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പില്‍ കണ്ടില്ല.
പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശിനികള്‍ ഒഴുകി തോട്ടിലെത്തുന്നതിനാലും
തോട്ടിറമ്പില്‍ കുളിക്കാന്‍ ഭയപ്പെട്ടുമാണത്രെ പെണ്ണുങ്ങള്‍
തോടുപേക്ഷിച്ചത്‌

.പ്രകൃതി കനിഞ്ഞു നല്‍കിയ വരങ്ങള്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു.
രാത്രിയും പകലും ഇടക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ട ശബ്ദവും
ആകാശത്തും താഴേയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും
കാണാനും കേള്‍ക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമായുണ്ടായിരുന്ന
കാക്കകളും തൊഴുത്തു നിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും പിന്നെ
വളര്‍ത്തുപൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.


കാര്‍ഷിക മേഖലയെയും വില കുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടിന്‍
പുറത്തുകാര്‍പോലുമെന്ന്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി.
കെട്ടിടനിര്‍മ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിര്‍മ്മാണത്തിനും
റബ്ബര്‍കൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞുനല്‍കിയിരുന്ന വരദാനങ്ങള്‍
നശിപ്പിച്ചുകൊണ്ട്‌ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച്‌ മണ്ണിനെ ചൂഷണം
ചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യര്‍. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു
സമൂഹവും ഭൂമുഖത്ത്‌ നിലനില്‍ക്കില്ല. അടുത്ത തലമുറക്കായി നാം
കരുതിവെച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത , കുടിക്കാന്‍ വെള്ളത്തിനായി
കേഴുന്ന , വനങ്ങളും വൃക്ഷങ്ങളും പക്ഷികളും, മൃഗങ്ങളും നഷ്‌ടപ്പെട്ട ,
വിഷമാലിന്യങ്ങള്‍ നിറഞ്ഞ മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റു
സൌധങ്ങള്‍ മാത്രമുള്ള ഒരു ശ്‌മശാനകേരളമാണ്‌

link: mathew nellickunnu