സമാഹരണം -കിളിരൂര്‍ രാധാകൃഷ്‌ണന്‍
ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
വൈക്കം മുഹമ്മദ് ബഷീറിന്‍റെ "പാത്തുമ്മയുടെ ആട്" എന്ന നോവലിലെ
കഥാപാത്രമാണ് അദ്ദേഹത്തിന്‍റെ സഹോദരന്‍ കൂടിയായ അബു. എം.ടി.
വാസുദേവന്‍നായരുടെ "കാലം" 'നാലുകെട്ട്' എന്നീ നോവലുകളിലെ കഥാപാത്രമാണ്
ചെറിയമ്മ. 'ബഷീര്‍- അബുവിന്‍റെ ഓര്‍മ്മകള്‍ എന്ന് പുസ്‌തകത്തില്‍
അബൂബക്കര്‍ ബഷീറിന്‍റെ രചനാ രീതികളിലേക്ക് വെളിച്ചം വീശുകയാണെങ്കില്‍
,എം.ടി.യും കൂടല്ലൂരും'എന്ന കൃതി രചിച്ചിരിക്കുന്നത് എം.ടി.യുടെ
ചെറിയമ്മയുടെ മകനായ എം.ടി. രവീന്ദ്രനാണ്. ഈ രണ്ടു പുസ്‌തകങ്ങളും ഒട്ടേറെ
സമാനതകളുള്‍ക്കൊള്ളുന്നവകളാണ്. ബഷീറിനേയും എം.ടി.യേയും കുറിച്ച്
പഠിക്കുന്നവര്‍ക്ക് വളരെ ഉപകാര പ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ഈ രണ്ടു
പുസ്‌തകങ്ങളിലുമുണ്ട്.
ബഷീറിന്‍റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്
ബഷീര്‍ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഭാഷയേയും
വ്യാകരണത്തേയും ബഷീര്‍ തിരുത്തിക്കുറിച്ചു. ആ മാന്ത്രിക സ്‌പര്‍ശത്തില്‍
വാക്കുകള്‍ പുതിയ അര്‍ത്ഥഭംഗികളണിഞ്ഞു. ലാവണ്യ സങ്കല്‍പ്പങ്ങള്‍
മാറിമറിഞ്ഞു. ക്ളേശഭൂയിഷ്‌ടവും വൈവിധ്യവുമാര്‍ന്നതാണ് ബഷീറിന്‍റെ
ജീവിതം. ജീവിതായോധനത്തില്‍ അദ്ദേഹം അഭിമുഖീകരിക്കാത്ത അനുഭവങ്ങളില്ല.
അനര്‍ഘമായ ഈ അനുഭവസമ്പത്ത് പിന്നീട് ഭാഷയുടേയും സാഹിത്യത്തിന്‍റെയും
സര്‍ഗ്ഗസമ്പത്തായിത്തീര്‍ന്നു എന്നത് സാഹിത്യ ചരിത്രമാണ്.
ബഷീറിന്‍റെ അനുജന്‍ അബൂബക്കര്‍ 'ഇക്ക'യുടെ സര്‍ഗ്ഗജീവിതത്തിലൂടെ
നടത്തുന്ന ഒരനുയാത്രയാണ് ബഷീര്‍-അബുവിന്‍റെ ഓര്‍മ്മകള്‍. ആ
ഓര്‍മ്മകള്‍ക്ക് കിളിരൂര്‍ രാധാകൃഷ്‌ണന്‍ അക്ഷരചൈതന്യം
നല്‍കിയിരിക്കുന്നു. ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മകള്‍കൊണ്ട് ധന്യമായ ഈ കൃതി
ബഷീറും അബുവും തമ്മിലുള്ള അപൂര്‍വ്വബന്ധത്തിന്‍റെ സുവര്‍ണ്ണരേഖ നമ്മെ
ബോധ്യപ്പെടുത്തുന്നു.
'ഒരു ബഷീര്‍അനുഭവം' എന്ന പേരില്‍ പെരുമ്പടവം ശ്രീധരന്‍
കാര്യമാത്രപ്രസക്തമായ ഒരു അവതാരിക ഈ പുസ്‌തകത്തിന് എഴുതിയിട്ടുണ്ട്.
പെരുമ്പടവം എഴുതുന്നു.' ബഷീര്‍ മലയാള സാഹിത്യത്തിലെ ഒരു യുഗമായിരുന്നു.
ഏതെങ്കിലും ചരിത്രകാരനു ഭാവിയില്‍ സത്യം പറയേണ്ടിവരുമ്പോള്‍ അയാള്‍ക്കു
മലയാളകഥയെ ബഷീറിനു മുമ്പെന്നും ബഷീറിനു പിന്‍പെന്നും വിഭജിക്കേണ്ടിവരും.
ഇതുപോലെ ഒരു പുസ്‌തകം വേറെ ഇല്ലെന്ന് എഴുതിയ പെരുമ്പടവം ഇങ്ങനെ
കൂട്ടിചേര്‍ക്കുന്നു. 'അനന്തതയില്‍ അകപ്പെട്ട ഏകാകിയായ മനുഷ്യന്‍റെ
കാല്‍പ്പാടുകള്‍ ബഷീറിന്‍റെ മിക്ക കഥകളിലും കണ്ടെത്താന്‍ കഴിയും ആ കഥകള്‍
വായിക്കുമ്പോള്‍ ഏതോ കരകാണാക്കടലിന്‍റെ ഇക്കരെ നിന്നു ബഷീര്‍ അക്കരെയുള്ള
അപാരതയോടു സംസാരിക്കുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ' ബഷീര്‍
കഥാപാത്രങ്ങളുടെ ആദിരൂപങ്ങള്‍ തലയോലപ്പറമ്പില്‍ ബഷീറിന്‍റെ
സമകാലികരായിരുന്നു എന്ന നിരീക്ഷണം ഉദാഹരണസഹിതം സഹോദരന്‍ അബൂബക്കര്‍
തന്‍റെ ഓര്‍മ്മകളില്‍ വ്യക്തമാക്കുന്നു.'
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ അബുവായിത്തന്നെ
പിറക്കണമെന്നാണ് ആഗ്രഹം. എന്‍റെ ഇക്കാക്കയെക്കുറിച്ച് അത്രയേറെ
അഭിമാനമുണ്ട്. എനിക്ക്. എന്ന് അബു എഴുതുന്നു. ജീവിതത്തേയും
സാഹിത്യത്തേയും വേര്‍തിരിച്ചു കാണാത്ത ബഷീറിന്‍റെ രചനാഭൂമികയിലേക്ക്
തലയോലപ്പറമ്പിലേക്ക് അബു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ബഷീറിന്‍റെ
കുസൃതികള്‍ നിറഞ്ഞ ബാല്യകാലവും പഠനകാലവും വൈക്കം സത്യാഗ്രഹത്തിനു വന്ന
ഗാന്ധിജിയെ ബഷീര്‍ തൊട്ട കാര്യവും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍
വേണ്ടി പഠനം ഉപേക്ഷിച്ച് വീടു വിട്ട കാര്യവും പിന്നെ വര്‍ഷങ്ങളോളം നാടു
വിട്ട കാര്യവും എല്ലാം അബു വിവരിക്കുന്നു. ബഷീര്‍ സാഹിത്യത്തെക്കുറിച്ച്
അബു വാചാലാനാവുന്നു. "ബഷീറിന്‍റെ കഥാപാത്രങ്ങളില്‍ ഒട്ടു മിക്കവരും
തലയോലപ്പറമ്പിലും പരിസരത്തുമായി ജീവിച്ചിരുന്നവരാണ്. ഇന്നും
ജീവിച്ചിരിക്കുന്നുണ്ട് പലരും. എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍
മുത്തപ്പയും ആനവാരിയും പൊന്‍കുരിശും മുച്ചീട്ടുകളിക്കാരന്‍ ഒറ്റക്കണ്ണന്‍
പോക്കറും ഒക്കെ ഈ പരിസരത്ത് ഉണ്ടായിരുന്നവരാണ്.......
അതുപോലെ" ഞാന്‍പെറ്റപ്പഴും ഡാക്കിട്ടര് വന്നല്ലോ" എന്ന് വീമ്പടിച്ച
അയിഷക്കുട്ടിയും ഞങ്ങളുടെ അയല്‍വാസിയായിരുന്നു. നത്തു ദാമു ശരിക്കും
ഞങ്ങളുടെ ദോസ്‌തായിരുന്നു. അബു നിരീക്ഷിക്കുന്നു." വൈക്കം മുഹമ്മദ്
ബഷീര്‍ നല്ലൊരു എഴുത്തുകാരനായി മാറിയത് നല്ലൊരു കുസൃതിക്കാരനെന്ന
ബാല്യത്തില്‍ നിന്നാണ്.
ബഷീര്‍ സാഹിത്യത്തിനു നേരേയും ബഷീറിനു നേരേയും വന്ന വിമര്‍ശനങ്ങള്‍ക്ക്
കാര്യകാരണ സഹിതം അബു മറുപടി പറയുന്നുണ്ട്. സാഹിത്യ രചനയുടെ പേരിലും
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരിലും നിരന്തരം ബഷീറിനെ
പോലീസ് വേട്ടയാടിയ കാര്യം അബു ഓര്‍മ്മകളില്‍ വ്യക്തമാക്കുന്നു. പോലീസ്
ബഷീരിന്‍റെ ഉമ്മയോടു ചോദിക്കുമായിരുന്നത്രെ " നീയെന്തിനാടി
ഇങ്ങനെയൊരുത്തനെ പ്രസവിച്ചത്?" അവന്‍ കാരണം നിങ്ങള്‍ക്കും ഞങ്ങള്‍ക്കും
ബുദ്ധിമുട്ടായില്ലേ?
അബു ഓര്‍ക്കുന്നു, 'ഞങ്ങളുടെ അക്കാലത്തെ ജീവിതം ഒരു തരത്തില്‍ പറഞ്ഞാല്‍
ഒരു മാതിരി യുദ്ധം തന്നെയായിരുന്നു. പ്രകൃതിയോടും ദാരിദ്ര്യത്തോടും
പ്രതികൂല സാഹചര്യങ്ങളോടുമെല്ലാം യുദ്ധം ചെയ്‌താണ് ഞങ്ങള്‍ ജീവിതം
തുഴഞ്ഞത്. നമുക്ക് ബഷീര്‍ നര്‍മ്മത്തിന്‍റെ കണ്ണീരുപ്പ് ഈ
പുസ്‌തകത്തില്‍ കാണാം
എം.ടിയും കൂടല്ലൂരും
- എംടി. രവീന്ദ്രന്‍
മെലിന്‍ഡ ബുക്‌സ്,
തിരുവനന്തപുരം
എം.ടി. വസുദേവന്‍ നായരെക്കുറിച്ച് മാടത്ത് തെക്കേപ്പാട്ട്
കുടുംബത്തില്‍ നിന്ന് ഉണ്ടാകുന്ന ആദ്യത്തെ പുസ്‌തകം എന്ന പ്രത്യേകത
എം.ടി. രവീന്ദ്രന്‍റെ "എം.ടി.യും കൂടല്ലൂരും" ഏറ്റുവാങ്ങുന്നു.
ഏവര്‍ക്കും വള്ളുവനാടന്‍ മലയാളത്തിന്‍റെ വളക്കിലുക്കം ഈ കൃതിയിലൂടെ
കേള്‍ക്കാമെന്ന് ഇയ്യങ്കോട് ശ്രീധരന്‍ അവതാരികയില്‍ പ്രശംസിക്കുന്നു.
സ്വന്തം ജന്‍മദേശമായ കൂടല്ലൂര്‍ ഗ്രാമത്തെ ലോകഭൂപടത്തില്‍ തന്നെ
അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി. എം.ടി.യുടെ കഥാപാത്രങ്ങളില്‍
പലരും എം.ടി.യുടെ കുടുംബാംഗങ്ങളൊ ബന്ധുക്കളൊ അയല്‍ക്കാരൊ ആണ്.
ചമയങ്ങളില്ലാതെ ചിലപ്പോള്‍ സ്വന്തം പേരുപോലും ഒളിച്ചുവെക്കാതെ എം.ടി.
ഒരുക്കിയ അരങ്ങിലേക്ക് അവര്‍ നിര്‍ഭയം കടന്നുവരുന്നു. എം.ടി. പലപ്പോഴും
പറഞ്ഞിട്ടുണ്ട്. "അറിയാത്ത അത്ഭുതങ്ങളെ വഹിക്കുന്ന മഹാനദികളേക്കാള്‍
ഞാന്‍ അറിയുന്ന എന്‍റെ നിളാനദിയാണ് എനിക്കിഷ്‌ടം
എം.ടി. രവീന്ദ്രന്‍ ആമുഖമായി ഇങ്ങനെ എഴുതുന്നു. എം.ടി.ക്ക് ജന്‍മം
നല്‍കാന്‍ ഭാഗ്യം ചെയ്ത, മകന്‍ പ്രശസ്‌തിയിലെത്തും മുന്‍പ് അകാലത്തില്‍
തന്നെ സ്‌നേഹിക്കുന്നവരോട് എന്നന്നേക്കുമായി വിട പറയാന്‍ വിധിക്കപ്പെട്ട
എന്‍റെ വലിയമ്മക്കും (എം.ടി.യുടെ അമ്മ, എന്‍റെ അമ്മയുടെ ജ്യേഷ്‌ഠസഹോദരി)
വികൃതിയും വാശിക്കാരനുമായ തന്‍റെ ജ്യേഷ്‌ഠത്തിയുടെ മകന്‍ വാസുവിന്‍റെ
ഭാഗ്യജാതകത്തെക്കുറിച്ച് , എം. ടി. യുടെ നാടും വീടും കാണാന്‍
വരുന്നവരോടൊക്കെ വാചാലമായി സംസാരിച്ചിരിക്കാറുള്ള എന്‍റെ അമ്മക്കും
(എം.ടിയുടെ ചെറിയമ്മ) ഞാന്‍ ഈ പുസ്‌തകം സമര്‍പ്പിക്കട്ടെ. അമ്മയും
ചെറിയമ്മയുമൊക്കെ എം.ടി.യുടെ പല നോവലുകളിലും ചെറുകഥകളിലും പലപ്പോഴും
സജീവസാന്നിധ്യമായിതീര്‍ന്നിട്ടു
എന്‍റെ ഓര്‍മ്മകളില്‍ കടന്നുവരുന്ന വേറേയും കുടുംബങ്ങളുണ്ട്.
സ്മൃതിചിത്രങ്ങളില്‍ തെളിയുംമുന്‍പ് ബാല്യത്തില്‍ തന്നെ നഷ്‌ടമായ
എന്‍റെ അച്ഛന്‍. വല്യച്ഛന്‍(എം.ടിയുടെ അച്ഛന്‍) ഞാനൊരിക്കലും
കണ്ടിട്ടില്ലാത്ത ഞങ്ങളുടെ മുത്തച്ഛന്‍ ഞങ്ങളുടെ മുത്തശ്ശി, ഞങ്ങളുടെ
രണ്ട് അമ്മാവന്‍മാര്‍.(അച്ചുമ്മാമ, കുട്ടന്‍മ്മാമ) വല്യമ്മയുടെ
മരിച്ചുപോയ രണ്ട് മക്കള്‍- വല്യേട്ടന്‍(എം.ടി.ഗോവിന്ദന്‍നാ
ബാലേട്ടന്‍ പരേതരുടെ ആത്മാവുകള്‍ക്ക് ഈ പുസ്‌തക കുമ്പിളിലൂടെ നല്‍കുന്ന
പൂവും നീരും കൂടിയാവട്ടെ എന്‍റെ ഈ ഉദ്യമം.
എം.ടിയുടെ കഥാപാത്രങ്ങളെ തേടി കൂടല്ലൂരില്‍ ജീവിക്കുന്ന എം.ടി.
രവീന്ദ്രന്‍ കഥാപാത്രങ്ങളുടെ ആദിരൂപങ്ങളെ കണ്ടെത്തുന്നു. "കുട്ട്യേടത്തി"
കാവുങ്ങല്‍ വളപ്പിലെ പാറുക്കുട്ടിയേടത്തിയുടെ സഹോദരിയായിരുന്നെന്നും
"ഇരുട്ടിന്‍റെ ആത്മാവ്" ഞങ്ങളുടെ ബന്ധുവും അയല്‍ക്കാരനുമായ വടക്കേലെ
വേലായുധേട്ടനായിരുന്നെന്നും ഞാന്‍ മനസ്സിലാക്കി. "നാലുകെട്ടിലെ "
അപ്പുണ്ണിയെ എനിക്കറിയില്ല. പക്ഷേ വിഷം കൊടുത്ത് കൊല്ലപ്പെട്ട
കോന്തുണ്ണിയേട്ടനെ പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. വടക്കേലെ
സുഭദ്രേടത്തിയുടേയും നാരായണിക്കുട്ടിയോപ്പോളുടേയും പത്മാവതിയോപ്പോളുടേയും
അച്ഛനായ കോന്തുണ്ണിമ്മാമ തന്നെ. മുതലാളിമാരുടെ സഹായത്തോടെ ജയിലില്‍
പോവാതെ ഒളിച്ചുകഴിഞ്ഞ ഒരു സെയ്‌താലിക്കുട്ടിയേയും എനിക്കറിയാം.
'അസുരവിത്ത്' വായിച്ചപ്പോള്‍ ഗോവിന്ദന്‍ക്കുട്ടിയെ ഞാന്‍ കണ്ടെത്തി.
ഗോപിയേട്ടന്‍ തന്നെ. ഞങ്ങളുടെ കുടുംബത്തിലെ ഒരു കാരണവര്‍. അമ്മയുടെ
വകയിലെ ഒരാങ്ങള. സുകൃതക്ഷയംകൊണ്ട് കള്ളനും മാപ്പിളയുമൊക്കെയായ ഒരാള്‍
കട്ടതും മാപ്പിളയായതും ഈ ഗോപിയേട്ടനല്ലാതെ മറ്റാര്? നാലുകെട്ടിലെ
സ്വകാര്യതയില്‍ നടന്നിരുന്ന എന്‍റെ അമ്മയെ എനിക്കറിയാം. ആ ചെറിയമ്മ
എന്‍റെ അമ്മ തന്നെ. പക്ഷേ പുകലപ്പൊടി വലിക്കുന്ന "ചെറിയമ്മ"യെ
തേടിയെത്തുന്നവര്‍ക്ക് നിരാശയാവും ഫലം. അമ്മ ഒരിക്കലും പുകലപ്പൊടി
വലിച്ചിട്ടില്ല. .... കാലത്തിലെ ചെറിയമ്മ എന്‍റെ അമ്മയാണ്. പക്ഷേ
കാലത്തിലെ ചെറിയമ്മക്കുള്ളതുപോലെ വെള്ളപ്പാണ്ടു കയറിയ ചുണ്ടുകള്‍ എന്‍റെ
അമ്മയ്ക്കില്ല. കാലത്തിലെ സേതു ഒരു സത്യമാണ് സുമിത്രയും സത്യമാണ്.
ചെറിയമ്മയുടെ മകള്‍ പത്മു എന്‍രെ ഓപ്പോളാണ്.
കൂടല്ലൂര്‍ തട്ടകത്തില്‍ നിന്നും എം.ടി. തന്‍റെ കഥാപാത്രങ്ങളെ
കണ്ടെത്തുമ്പോള്‍ ചരിത്രത്തെ സമീപിക്കുന്നതുപോലെ സാഹിത്യത്തെ
സമീപിക്കരുത് എന്ന് എം.ടി.രവീന്ദ്രന്‍ ഊന്നിപ്പറയുന്നു. ബഷീര്‍
സാഹിത്യത്തെ വിലയിരുത്തിയപ്പോള്‍ കഥാകൃത്ത് എന്‍. എസ്. മാധവനും തെറ്റ്
പറ്റിയത് ഇവിടെയാണ്. ബഷീറിന്‍റെ കാലവും ജീവിതവും വിലയിരുത്തിയപ്പോള്‍
സാഹിത്യപരമായ സമീപനത്തിനു പകരം ചരിത്രസമീപനമാണ് എന്‍ എസ് മാധവന്‍
സ്വീകരിച്ചത്. " ബഷീര്‍ അബുവിന്‍രെ ഓര്‍മ്മകള്‍" എന്ന പുസ്‌തകത്തില്‍
അബു സൂചിപ്പിക്കുന്നു. എം.ടി. രവീന്ദ്രനും കൂടല്ലൂരില്‍ എത്തുന്ന
ചരിത്രാന്വേഷകരോട് ചരിത്രത്തേയും സാഹിത്യത്തേയും വേര്‍തിരിച്ചു കാണാന്‍
തന്നെ ഉപദേശിക്കുന്നു. ഭാവനയുടെ അടിമയാണ് എഴുത്തുകാരനെന്ന സത്യം ചരിത്രം
തന്നെയായി സാഹിത്യത്തെ വിലയിരുത്തുന്നവര്‍ വിസ്‌മരിക്കുന്നു.
കൂടല്ലൂരിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്വതന്ത്രകഥാപാത്രത്തേയും എം.ടി.
സൃഷ്‌ടിച്ചതായി എം. ടി. രവീന്ദ്രന്‍ കണ്ടെത്തുന്നു. "നാലുകെട്ടിലെ
കഥാപാത്രങ്ങളെ തേടിയെത്തുന്നവരാരും കൂടല്ലൂരില്‍ ഇതുവരെ ഒരു അപ്പുണ്ണിയെ
കണ്ടിട്ടില്ല. അതിനു കാരണം അയാള്‍ നോവലില്‍ മാത്രമാണ് ജനിക്കുന്നതും
ജീവിക്കുന്നതും എന്നതു തന്നെയാണ്. എം.ടി.യുടെ സര്‍ഗ്ഗശക്തിയാല്‍
സൃഷ്‌ടിക്കപ്പെട്ട കഥാപാത്രമാണ് അപ്പുണ്ണി. പകയും വിദ്വേഷവും മാനസിക
വ്യഥകളും ഒക്കെയുള്ള ഒരു പച്ച മനുഷ്യന്‍.
എം.ടി ആത്മകഥ എഴുതിയിട്ടില്ല. എന്‍റെ എല്ലാ കഥകളും കൂട്ടിവായിച്ചാല്‍
ആത്മകഥയായിയെന്ന് എം.ടി എഴുതിയിട്ടുണ്ട്. ബഷീറിനും ഇത് ബാധകമാണ്.
അബുവിന്‍റെയും എം.ടി രവീന്ദ്രന്‍റെയും പുസ്‌തകങ്ങള്‍ ഇരുവരുടേയും
ആത്മകഥയുടെ അംശങ്ങള്‍ നമുക്കു നല്‍കുന്നു.