Sunday, July 5, 2009

സ്‌മാരകം -ബ്രിജി


പണിപ്പുരയില്‍ തിക്കും തിരക്കും കവിയുടെ പൂര്‍ണ്ണകായപ്രതിമയുടെ
അവസാനമിനുക്കുപണികള്‍ വെപ്രാളപ്പെട്ടു തീര്‍ക്കുകയാണ്‌ ശില്‍പ്പി.
നേതാവ്‌ നേരിട്ടന്വേഷിക്കാന്‍ വരികയാണ്‌. എല്ലാവരും മറന്നുകഴിഞ്ഞ കവിയുടെ
പേരില്‍ സ്‌മാരകവും വായനശാലയും മറ്റും പണിയാന്‍- മുന്നോട്ടു വന്ന
സായ്‌പ്‌ പണം വാരിക്കോരിയെറിഞ്ഞിട്ടുണ്ട്‌.

മതി മതി നേതാവെത്തി...ശ്‌...

നേതാവിന്‍റെ വലിയ ശരീരം കാറില്‍ നിന്നിറങ്ങി പ്രതിമ കൊത്തുന്ന
ഓലമറക്കുള്ളില്‍ കഷ്‌ടിച്ച്‌ കയറി നിന്നു. നേതാവ്‌ എന്തെങ്കിലും
പറയുമ്പോള്‍ കയ്യടിക്കാനും ചിരിക്കാനുമൊക്കെയുള്ള ശിങ്കിടികള്‍ക്ക്‌
പുറത്തു നില്‍ക്കേണ്ടി വന്നു.


നേതാവ്‌ പ്രതിമയെ ആകപ്പാടെയൊന്നു നോക്കി മുഖം കോട്ടി.

ഇതെന്താടോ ഇങ്ങനെ? ഇതിനു കവിയുടെ ഒരു ഛായയുമില്ല. എവിടുന്ന്‌ കിട്ടിയെടോ
ഈ ശില്‍പ്പിയെ?

ശ'.... സാര്‍ പതുക്കെ, പേരു കേട്ട ........ആണ്‌ ശില്‍പ്പി.


ഓലമറയുടെ തുളകളിലൂടെ കത്തിയിറങ്ങുന്ന വെയില്‍ നേതാവിന്‍റെ വെളുത്ത
ജുബ്ബയില്‍ പുള്ളി കുത്തി, വലിയ ശരീരം വിയര്‍ത്തൊഴുകി.



ഹൊ...എന്തൊരു ചൂട്‌...
ങ്‌ഹാ താഴെ കവിയുടെ പേര്‌ സ്വര്‍ണ്ണം പൂശിയ അക്ഷരങ്ങളാവണം. ഇംഗ്ളീഷില്‍
എന്താ പേരു പറഞ്ഞത്‌? ഇസഹാക്‌

എന്തു പേരാടൊ അ
ത്‌ കൃസ്ത്യാനിയൊ മുസ്ളീമൊ ആരാ... അയാള്‍? ഇനി വല്ല
അവര്‍ണ്ണനോ മറ്റോ ആണെടോ .. പ്രതിമ സ്ഥപിച്ചുകഴിഞ്ഞാല്‍ അവകാശം പറഞ്ഞ്‌
കൊടി പിടിക്കുമെടൊ..

..വിയര്‍ത്തൊട്ടിയ ജുബ്ബയുടെ പോക്കറ്റില്‍ അടുക്കിയ നോട്ടുകള്‍ തെളിഞ്ഞു
കണ്ടു. സംഘാടകന്‍ വിജയന്‍ തല ചൊറിഞ്ഞു. എന്തു വന്നാലും നാളെ
വൈകുന്നേരത്തേക്ക്‌ എല്ലാം റെഡിയായിരിക്കണം. അവര്‍ പട്ടണത്തില്‍
എത്തിക്കഴിഞ്ഞു.

നാളെ അവരുടെ വക ഡിന്നറാണ്‌. വായനശാലയുടേയും ഓഡിറ്റോറിയത്തിന്‍റെയും
മറ്റും തുകയുടെ ചെക്ക്‌ നാളെ തരും. ശില്‍പ്പിക്കുള്ളത്‌ നാളെ
സെക്രട്ടറിയുടെ കയ്യി
ല്‍ നിന്നും വാങ്ങിക്കൊള്ളാന്‍ പറ.

സെക്രട്ടറി കാറിന്‍റെ ഡോര്‍ തുറന്ന്‌ മാറി നിന്നു. ഞങ്ങിഞ്ഞെരുങ്ങി
അകത്തു കയറിപറ്റിയ നേതാവ്‌ പറഞ്ഞു ഇ സി കൂട്ടിയിടടൊ..... ങ്‌ഹാ...ആ

കവിയുടെ ഏതെങ്കിലും രണ്ടു പുസ്‌തകം തപ്പിയെടുക്കണം. നാളെ ഡിന്നറിനു
കാണുമ്പോള്‍ വല്ലതും രണ്ടു വരി തട്ടിവിടണ്ടേ?

അതു പക്ഷേ ഇംഗ്ളീഷിലല്ലേ സാര്‍...സെക്രട്ടറി പതുക്കെ പറഞ്ഞു.

താനെന്താടോ ആളെ കളിയാക്കാണോ?....

ങ്‌ഹാ...ഓഡിറ്റോറിയത്തിനു വാങ്ങിയ ആ സ്ഥലത്തിന്‍റെ കണക്കുവിവരങ്ങളൊക്കെ
താന്‍ തയ്യാറാക്കിയിട്ടില്ലേ..? അതിന്‍റെ തൊട്ടടുത്തെ പതിനാറു സെന്‍റു
വേറെ എഴുതിച്ചത്‌ അറിയരുത്‌....

അത്‌ സാര്‍....
തന്നെ ഞാന്‍ മറക്കില്ലെടോ... താനാദ്യം ആ കണക്ക്‌ വൃത്തിയായിട്ടെഴുത്‌..

ആങ്ങ്‌...അതു പോട്ടെ.....ആ കവിയുടെ ഭാര്യയേയും മകനേയും കണ്ടെത്തിയോ..?
അയാളുടെ വിധവക്ക്‌ കൊടുക്കാനുള്ള തുകയുടെ ചെക്ക്‌ സെക്രട്ടറിയേറ്റില്‍
നിന്നും കിട്ടിയിട്ടുണ്ട്‌. ആ
പേരും പറഞ്ഞ്‌ ഇവിടെ പണം പിരിച്ചതും
അറിയരുത്‌.

അത്‌....സാര്‍.


ങ്‌ഹാ പിന്നെയും താന്‍ എടോ എല്ലാം എനിക്കറിയാം. ആ സ്ത്രീയെ
കണ്ടെത്തിയോ..... അതു പറ.

വാസ്തവം പറഞ്ഞാല്‍ അവരുടെ ഒരു വിവരവുമില്ല വര്‍ഷമെത്രയായി
സാര്‍...മരിച്ചത്‌ ഒരു ധര്‍മ്മാശുപത്രിയില്‍ വെച്ചായിരുന്നു.

ആര്‌..... അവരും മരിച്ചോ..!

അല്ലാ സാര്‍ കവി മരിച്ചത്‌.... മരണവാര്‍ത്ത ഏതാനും പത്രങ്ങളില്‍ വന്നതു
തന്നെ ഒരാഴ്ച കഴിഞ്ഞിട്ടാണ്‌. ആശുപത്രിയില്‍ നിന്നും ശവം
ഏറ്റുവാങ്ങിയിരിക്കുന്നത്‌ ഒരു ഫാദറാണ്‌. അദ്ദേഹത്തേയും കണ്ടെത്തിയില്ല.
ആ സ്ത്രീയും കുഞ്ഞും എങ്ങോട്ടു പോയെന്നും അറിയില്ല.

പത്രമാപ്പീസുകളില്‍ ഒരു തിരച്ചില്‍ നടത്തിയപ്പോള്‍
അന്നുണ്ടായവരൊന്നുമ
ല്ല ഇപ്പോഴിവിടെ. !

നാണക്കേടു തന്നെ... ആ സായ്‌പ്പിനോട്‌ ഞാനെന്തു മറുപടി പറയും?

അയാള്‍ സായ്‌പ്പൊന്നുമല്ല സാറെ. കൂടെയുള്ള ആളാണ്‌ സായ്‌പ്പ്‌. കവിയുടെ
കവിത കണ്ടെത്തിയ ആള്‍. ലോകോത്തരകവികളെയെല്ലാം കടത്തിവെട്ടിയ കവിതകള്‍ ആണു
മിക്കതും.

ഇംഗ്ളീഷിലല്ലേ എടൊ ഇംഗ്ളീഷിലെഴുതാന്‍ സുഖമല്ലെ. വൃത്തവും പ്രാസവും ഒന്നും വേണ്ട.

ആരു പറഞ്ഞു? വെറുതെ മണ്ടത്തരം പറയാതെ സാറെ.

ശരി....ശരി... താനിവിടെ ഇറങ്ങിക്കോ. നാളെ അഞ്ചുമണിക്കു ശേഷം
അപ്പോയിന്‍മെന്‍റൊന്നും വേണ്ട.

പഞ്ച നക്ഷത്രഹോട്ടലിലെ മങ്ങിയ വെളിച്ചത്തില്‍ നുരയുന്ന ഗ്ളാസ്സിലേക്ക്‌
നോക്കി സ്‌പോണ്‍സര്‍ ഒരു മുഖവുരയുമില്ലാതെ കവിത ചൊല്ലാന്‍ തുടങ്ങി.


അല്ലയോ കഷ്‌ടം..!
ആരാണ്‌ എന്‍റെ സ്നേഹത്താല്‍ മുറിവേറ്റത്‌?
ആരാണ്‌ എന്‍റെ കണ്ണുനീരില്‍ മുങ്ങിമരിച്ചത്‌? ..

..അയാള്‍ വിഷാദമായി മന്ദഹസിച്ചു....... ഈ കവിത
ആരുടേതാണെന്നറിയുമെടോ....നേതാവ്
‌ ഒന്നു പരുങ്ങി. ഒന്നും
മിണ്ടാതിരിക്കുന്ന സായ്‌പ്പിന്‍റെ മുഖത്തും സ്‌പോണ്‍സറുടെ മുഖത്തും മാറി
മാറി നോക്കി.

ഇസഹാക്കിന്‍റെ ആയിരിക്കും

അതേടൊ .....ഇസഹാക്കിന്‍റെയാണ്‌. ഇസഹാക്കിന്‍റെ യഥാര്‍ത്ഥ പേരറിയുമോ നിനക്ക്‌ ?

'എടാ',താന്‍, നീ എന്നൊ
ക്കേയുള്ള സംബോധന കേട്ടു നേതാവു വിയര്‍ത്തു.
എന്നാലും ചെക്കുകള്‍ പലതും ഒപ്പിട്ടു കിട്ടണമല്ലൊ. .. നേതാവ്‌
ചിരിക്കാന്‍ ശ്രമിച്ചു. ഒന്നുകൂടെ ഒഴിക്കെടോ....

സാറിപ്പോള്‍ത്തന്നെ ഓവറാണ്‌. നാളെ കൃത്യം നാലു മണിക്ക്‌ പ്രതിമ അനാഛാദനം
,കെട്ടിടത്തിന്‍റെ തറക്കല്ലിടലും.

കൃത്യം നാലുമണി.... ഹും..?

സ്‌പോണ്‍സര്‍ കളിയാക്കി.

പന്തലിന്‍റെ ഇരുവശത്തും തയ്യാറാക്കിയ ചായസല്‍ക്കാരത്തില്‍ കവിയെപ്പറ്റി
നിര്‍ത്താതെ സംസാരിക്കുന്ന സാമുദായിക നായകന്‍മാരും പത്രക്കാരും നിരൂപകരും
പ്രസാധകരും മുഖ്യമന്ത്രി എത്തിയാലുടന്‍ പ്രതിമ അനാഛാദനവും
മീറ്റിംഗും.

ഒടുവില്‍ സന്ധ്യ കഴിഞ്ഞപ്പോള്‍ മീറ്റിംഗ്‌ തുടങ്ങാമെന്നായി. മന്ത്രി
വരുമ്പോള്‍ അനാഛാദനം നടത്തിയാല്‍ മതിയല്ലൊ.

സ്‌തംഭത്തില്‍ നിന്നിരുന്ന മൂടുപടമിട്ട കവിയെ നോക്കി സായ്‌പ്‌ ശുദ്ധമായ
ഇംഗ്ളീഷില്‍ കവിയുടെ കവിതകളെ പരാമര്‍ശിച്ച്‌ സംസാരിച്ച്‌ തുടങ്ങി.


വിപ്ളവകാരിയും സൌന്ദര്യാസ്വാദകനും ഒക്കെയായ കവിയുടെ സംഭാവനകളെക്കുറിച്ച്‌
നീണ്ട നീണ്ട പ്രസംഗങ്ങള്‍. ! കവി ജീവിച്ചിരുന്നപ്പോള്‍
മുട്ടിത്തുറക്കാത്ത വാതിലിനു പിന്നിലെ പലരും ദീര്‍ഘം ദീര്‍ഘം കവിയെ പാടി
പുകഴ്‌ത്തി.

പെട്ടെന്ന് മന്ത്രി വരുന്ന തിരക്ക്‌. പ്രതിമ അനാഛാദനം കഴിഞ്ഞ്‌ ആരോ
കൈമാറിയ ഒരു കടലാസ്സു നിവര്‍ത്തി മുഖ്യമന്ത്രി എന്തോ വായിച്ചു. എല്ലാവരും
കൈയ്യടിച്ചു പിന്നീട്‌ നാട്ടിലെ ദുരിതങ്ങളെക്കുറിച്ചും
ഭരണത്തെക്കുറിച്ചും ദീര്‍ഘമായി പ്രസംഗിച്ചു. സായ്‌പ്പിന്‍റെ അടുത്ത
കസേരയില്‍ ചെന്നിരുന്ന് അയാളോട്‌ സംസാരിക്കാന്‍ പണിപ്പെട്ടു.

പെട്ടെന്ന് ഒരറിയിപ്പുമായി സംഘാടകന്‍ മൈക്കെടുത്തു. ഇന്ന്, കവിയുടെ
വിധവയെ ആദരിക്കുകയും അവര്‍ക്ക്‌ പണക്കിഴി സംഭാവന ചെയ്യുന്നതുമായ
പരിപാടിയില്‍ ഒരു ചെറിയ മാറ്റമുണ്ടെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.
കാരണം കവിയുടെ വിധവക്ക്‌ ഇതില്‍ പങ്കെടുക്കാന്‍
ബുദ്ധിമുട്ടുണ്ടെന്നറിയിച്ചിട്
ടുണ്ട്‌. അതിനാല്‍ തുക അവരുടെ വീട്ടില്‍
എത്തിക്കുന്നതായിരിക്കും.

ഇനി ഈ സംരംഭങ്ങളുടേയെല്ലാം സ്‌പോണ്‍സറായ മറുനാടന്‍ സാഹിത്യ സ്നേഹി
രണ്ടുവാക്കു സംസാരിക്കുന്നതായിരിക്കും. ഉറക്കം തൂങ്ങുന്നവരെല്ലാം
ഉണര്‍ന്നു.!

സ്‌പോണ്‍സര്‍ മുരടനക്കി.

ഇപ്പോഴിവിടെ പറഞ്ഞപ്രകാരം കവിയുടെ വിധവക്ക്‌ ഇതില്‍ പങ്കെടുക്കാന്‍
ബുദ്ധിമുട്ടല്ല കാരണമെന്ന് പറയട്ടെ. ഇതിന്‍റെ സംഘാടര്‍ക്ക്‌ അവരെ
കണ്ടെത്താന്‍ കഴിയുകയുമില്ല.

അവരിന്നു ജീവിച്ചിരിപ്പില്ല !


സദസ്സിലെ പലരും തല കുനിച്ചു. സ്‌പോണ്‍സര്‍ തുടര്‍ന്നു. സ്വന്തം ജീവന്‍റെ
തന്ത്രികള്‍ മീട്ടി, കവിത മാത്രം ചൊല്ലാനറിയാവുന്ന കവി, തുറക്കാത്ത
വാതിലുകള്‍ മുട്ടിത്തളര്‍ന്നു. കവിത മനസ്സിലാകാത്ത നിരൂപകര്‍
വിമര്‍ശിച്ച്‌ തളര്‍ത്തിയ കവിയുടെ ജീവിതം ഏതാണ്ട്‌ നശിച്ചുതുടങ്ങി.
രോഗിയായ കവിയുടെ ചികിത്സക്കുപോലും പണമില്ലാതെ വിഷമിച്ച നാളുകള്‍. കവിതയെ
സ്‌നേഹിച്ച്‌ ദാരിദ്ര്യം വരിച്ച കവിയുടെ പത്‌നി, ഒന്നുമറിയാതെ
നിലവിളിക്കുന്ന കുഞ്ഞ്‌

.കവി മരിച്ചപ്പോള്‍ അഭിമാനിയായ അവള്‍ ആരുടെ മുമ്പിലും കൈ നീട്ടിയില്ല

വിളി കേള്‍ക്കാത്ത അമ്മയെ നോക്കി കരഞ്ഞു തളര്‍ന്ന കുഞ്ഞ്‌ . അപ്പോഴാണ്‌
ഒരു പാശ്ചാത്യ പുരസ്‌ക്കാരം കവിയെ തേടിയെത്തിയത്‌.


ആ പുരസ്‌ക്കാരത്തിന്‍റെ ട്രസ്റ്റ്‌ കുഞ്ഞിനെ ഏറ്റെടുത്തപ്പോള്‍ അതിന്‌
നിയമസാധുതയുണ്ടോ? എന്ന് മാത്രം ചിലര്‍ തല പുകഞ്ഞാലോചിച്ചു.

ഇന്ന്, ഈ മൂന്നു പതിറ്റാണ്ടിനു ശേഷം ഏതോ മറുനാടന്‍ മലയാളി പണമിറക്കാന്‍
തയ്യാറായപ്പോള്‍ അതിന്‍രെ പങ്കുപറ്റാമെന്ന മോഹത്തില്‍ സാഹിത്യാസ്വാദകരും
ഗവണ്‍മെന്‍റും ഒക്കെ കവിയുടെ വിധവയേയും മകനേയും അന്വേഷിക്കുന്നു. . അവരെ
ആദരിക്കാനും സഹായിക്കാനും വരെ തയ്യാറവുന്നു.

സാഹിത്യവും സമുദായവും അവഗണിച്ച അച്ഛനെ അവര്‍ തന്നെ ഇങ്ങനെ ആദരിക്കുന്നതു
കാണാന്‍ ഒരു മോഹം എന്നും ഞാന്‍ കൊണ്ടുനടന്നിരുന്നു.

സ്‌തംഭിച്ചിരുന്ന സദസ്സിനെ നോക്കി അയാള്‍ സാവധാനം അച്ഛന്‍റെ കവിത ചൊല്ലി.

അല്ലയോ കഷ്‌ടം.....അല്ലയോ കഷ്‌ടം !
ആരാണ്‌ എന്‍റെ സ്‌നേഹത്താല്‍ മുറിവേറ്റത്‌.. !
ആരാണ്‌ എന്‍റെ കണ്ണീരില്‍ മുങ്ങിമരിച്ചത്‌!