Wednesday, July 22, 2009

പ്രതിസന്ധിയും പ്രതിവിധിയും-എം.സി.രാജനാരായണൻ



ഏറെ കാലമായി കേൾക്കുന്നതും വിവിധ വേദികളിൽ ചർച്ച ചെയ്യുന്നതുമാണ്‌ മലയാള സിനിമയിലെ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി മാത്രമാണ്‌ മലയാള സിനിമ നേരിടുന്നതെന്ന നിലക്കാണ്‌ പലപ്പോഴും സംവാദങ്ങൾ ഉടലെടുക്കുന്നതും പുരോഗമിക്കുന്നതും. എന്നാൽ സാമ്പത്തികമെന്നപോലെ തന്നെ ക്രിയാത്മകം കൂടിയാണ്‌ മലയാള സിനിമയിലെ യഥാർത്ഥ പ്രതിസന്ധി. ആവിർഭാവം മുതൽ സിനിമയെന്നത്‌ അനിശ്ചിതത്വം നൽകുന്ന കലാ വ്യവസായമാണ്‌. സുനിശ്ചിതമായ ഒരു വിജയ സൂത്രവാക്യവും ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല.


ഒരു ചിത്രം വിജയിക്കുന്നതുകണ്ട്‌ അതിന്റെ പുതിയ പതിപ്പുകളിറക്കുന്നവർ പരാജയത്തിന്റെ കുഴി സ്വയം തോണ്ടുകയാണ്‌ ചെയ്യുന്നത്‌. പ്രദർശനത്തിനെത്തുന്ന സിനിമകളിൽ വൻവിജയം നേടുന്നവ, വിജയിക്കുന്നവ, മുടക്കു മുതൽ കഷ്ടി തിരിച്ചു പിടിക്കുന്നവ, പരാജയം ഏറ്റുവാങ്ങുന്നവ, എട്ടുതട്ടിൽ പൊട്ടുന്നവ എന്നിങ്ങനെ പോകുന്നു വേർതിരിവുകൾ. മലയാള സിനിമ കലാപരമായും കച്ചവടപരമായും ഉന്നതിയിൽ നിന്നിരുന്ന അറുപതുകളും എഴുപതുകളും പരിശോധിക്കുമ്പോൾ വിജയിക്കുന്നവ കൂടുതലും വമ്പൻ പരാജയങ്ങൾ കുറവുമായിരുന്നുവേന്നും കാണാം. മുതൽ മുടക്കു നഷ്ടപ്പെടാതെ രക്ഷപ്പെടുന്ന ഇടനില ചിത്രങ്ങളും ധാരാളമായിരുന്നു. പിന്നീട്‌ എൺപതുകളുടെ രണ്ടാം പകുതിയോടെ തുടങ്ങി തൊണ്ണൂറുകളോടെ വന്ന സ്ഥിതി വിശേഷം ഹിറ്റുകൾ വിരളവും ഫ്ലോപ്പുകൾ സർവ്വസാധാരണവും എന്നതാണ്‌. മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനവും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നിലിനിൽക്കുന്നത്‌.


താരരാജാക്കന്മാരുടെ തലവിലയിൽ വന്ന വമ്പൻ വർദ്ധന ഇതിന്‌ ഒരു കാരണം മാത്രമാണ്‌. താരരാജാക്കന്മാരെയും ചക്രവർത്തിമാരെയും ചക്രവർത്തിമാരെയും തേടിപോകുന്നതും സംവിധായകരും നിർമ്മാതാക്കളും തന്നെയാണല്ലോ. കുതിച്ചുയർന്ന്‌ ആകാശംമുട്ടിയ നിർമ്മാണച്ചിലവ്‌ നിയന്ത്രണമില്ലാതെ നിർമ്മാണത്തിനു മുതിരുന്നവർ ഈയാംപാറ്റകളെപോലെ അഗ്നിയുടെ ചൂടിൽ ചിറകുകരിഞ്ഞ്‌ വീഴുകയും ചെയ്യുന്നു. നല്ല പ്രമേയത്തിന്റെയും തിരകഥയുടെയും അഭാവം തുടങ്ങി സിനിമ സാഹിത്യത്തിൽ നിന്നും ജീവിതഗന്ധിയായ ഇതിവൃത്തങ്ങളിൽ നിന്നും അകന്നകന്നു പോകുന്നതും അപചയകാരണങ്ങളായി കാണാവുന്നതാണ്‌.


സൂപ്പർതാരങ്ങളുടെ മലയാള സിനിക്ക്‌ താങ്ങാനാവാത്ത പ്രതിഫലവും കാരണമായിക്കാണാമെങ്കിലും സിനിമക്ക്‌ സൂപ്പർതാരങ്ങൾ തന്നെ വേണമെന്ന്‌ നിർബ്ബന്ധമില്ലല്ലോ. ചെറിയ ബജറ്റിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തി ചിത്രം നിർമ്മിക്കുന്നതിനുള്ള ആത്മധൈര്യം നിർമ്മാതാക്കളും സംവിധായകരും കാണിക്കുന്നില്ല എന്നതാണ്‌ പ്രശ്നം. എഴുപതുകളിൽ സത്യനും നസീറും മധുവും മറ്റും താരരാജക്കന്മാരായി വിരാജിക്കുന്ന കാലത്തു തന്നെയാണ്‌ പി.എൻ.മേനോൻ പുതിയ താരങ്ങളുമായി ചെമ്പരത്തി യെടുത്ത്‌ വിജയം കൈവരിച്ചതു. പുതുമ പ്രേക്ഷകർ ഏക്കാളത്തും സ്വീകരിക്കാറുണ്ട്‌. കാലാകാലങ്ങളിൽ പ്രതിസന്ധി രൂക്ഷമെന്നും നിർമ്മാണം സ്തംഭനത്തിലെന്നുമൊക്കെ കേൾക്കാറുണ്ടെങ്കിലും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർബ്ബാധം തുടരുക തന്നെയാണ്‌ പതിവ്‌.


സൂപ്പർതാരങ്ങളുടെ പ്രതിഫലം കുറച്ച്‌ മലയാള സിനിമയെ രക്ഷിക്കണമെന്ന ആവശ്യത്തിന്‌ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അതിനൊന്നും ഒരു വിഭാഗവും തയ്യാറായിട്ടുമില്ല. താരപ്രതിഫലം ആകാശത്തേക്ക്‌ ഉയരുകയല്ലാതെ ഭൂമിയിലേക്കൊരിക്കലും തിരിച്ചു വരാറില്ലല്ലോ. എന്നാൽ സൂപ്പർതാരങ്ങളെ മറികടന്ന്‌ എങ്ങനെ ചിത്രം നിർമ്മിക്കാമെന്ന ചിന്ത വേണ്ടത്ര സജീവമാകാറില്ല. സൂപ്പർതാരങ്ങൾക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ്‌ സംവിധായകരും സിനിമയും. പുതിയ സംവിധായകർക്കും താരങ്ങൾക്കും അവസരമൊരുക്കുന്നതിൽ തമിഴ്‌ സിനിമ ഏറെ താൽപ്പര്യം കാണിക്കുമ്പോൾ ഇവിടെ സ്ഥിതി ഏറെ ശോചനീയമാണ്‌. പുതിയ സംവിധായകർക്കുപോലും മമ്മൂട്ടിയുടെയോ മോഹൻലാലീൻറെയോ ഡേറ്റ്‌ ലഭ്യമാണെങ്കിലേ നിർമ്മാതാവിനെ ലഭിക്കൂ എന്ന അവസ്ഥ. പിന്നീട്‌ സ്വന്തം കഴിവു തെളിയിച്ച പല സംവിധായകരും ഇങ്ങിനെ സൂപ്പർതാരങ്ങളായ മോഹൻലാളിന്റേയും മമ്മൂട്ടിയുടെയും അനുഗ്രഹാശിസ്സുകളോടെയും സഹായസഹകരണത്തോടെയും രംഗത്തുവന്നരാണ്‌.


സൂപ്പർതാരങ്ങളില്ലാതെ വൻ വിജയം നേടിയ ക്ലാസ്മേറ്റ്സ്‌ സംവിധാനം ചെയ്ത ലാൽജോസിന്റെ തുടക്കം മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെയായിരുന്നു. അതുപോലെ ബ്ലെസ്സിയും (കാഴ്ച) അൻവർ റഷീദും (രാജമാണിക്യം) മമ്മൂട്ടിയുടെ താരപ്പൊലിമയിലൂടെ രംഗത്തുവന്നവരാണ്‌. തുടരെ ഹിറ്റ്‌ ചിത്രങ്ങൾ സംഭാവന ചെയ്ത അൻവർ റഷീദിന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകൻ മോഹൻലാലും (ചോട്ടാമുംബൈ) മൂന്നാമത്തെ ചിത്രം അണ്ണൻതമ്പി മമ്മൂട്ടിയുടെ ഇരട്ട വേഷംകൊണ്ട്‌ ശ്രദ്ധ നേടിയതുമാണ്‌.


തമിഴിലാണെങ്കിൽ വെയിൽ, പരുത്തിവീരൻ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകൻ മാത്രമല്ല താരങ്ങളും പുതുമുഖങ്ങൾ തന്നെ. തമിഴിൽ വൻ വിജയം നേടിയ സുബ്രഹ്മണ്യപുരം സംവിധാനം ചെയ്തഭിനയിച്ച ശശികുമാർ പുതുമുഖ സങ്കൽപത്തിന്‌ പുതിയ പരിവേഷം സമ്മാനിക്കുകയും ചെയ്തു. ഇത്തരം സംരംഭങ്ങൾ മലയാള സിനിമയിൽ നടക്കുന്നില്ല എന്നതാണ്‌ ഏറെ ഖേദകരം. പക്ഷേ തമിഴിന്റെ പരീക്ഷണ വ്യഗ്രതയും വഴിമാറി നടപ്പും അനുസരിക്കാൻ മലയാള സിനിമ ഇനിയും വിസമ്മതിച്ചാൽ അത്‌ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും കൂട്ടുകയേയുള്ളു.



പുതിയ നായിക നായകന്മാരെയും അണിയറ പ്രവർത്തകരെയും അന്വേഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌ നല്ല സാഹിത്യകൃതികൾ സിനിമയിലേക്ക്‌ മൊഴിമാറ്റം നടത്തുക എന്നതും. മലയാള സിനിമക്ക്‌ ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ചെമ്മീൻ (രാമുകാര്യാട്ട്‌) തകഴിയുടെ വിഖ്യാതമായ നോവലിന്റെ അഭ്രാവിഷ്കാരമെന്നതുപോലെ ഉറൂബിന്റെയും, പാറപ്പുറത്തിന്റെയും, എം.ടി.വാസുദേവൻനായരുടെയും നോവലുകൾക്ക്‌ ചലച്ചിത്ര ഭാഷ്യം രചിച്ച സംവിധായകർ കലാപരമായും വാണിജ്യപരമായും സിനിമയുടെ വളർച്ചയിൽ സ്വാധീനം ചെലുത്തുകയാണ്‌ ചെയ്തത്‌. സാഹിത്യത്തിൽ നിന്ന്‌ സിനിമയിലെത്തിയ എം.ടിയും പത്മരാജനും മറ്റും മികച്ച തിരക്കഥകൾകൊണ്ട്‌ മലയാള സിനിമയെ സമ്പന്നമാക്കിയവരിൽ ഉൾപ്പെടുന്നു.


കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ചിത്രങ്ങളുടെ വിജയപരാജയങ്ങളുടെ കണക്കെടുക്കുമ്പോൾ സൂപ്പർതാരങ്ങളുടെ സാന്നിദ്ധ്യം മാത്രം ഒരു ചിത്രത്തിന്റെ വിജയം ഉറപ്പുവരുത്തുന്നില്ലെന്നു കാണുവാനാകും. കഥയും അവതരണവും സംവിധായകന്റെ മികവും എല്ലാം വിജയഘടകങ്ങളായി മാറുന്നു. ലാൽജോസിന്റെ തന്നെ സൂപ്പർസ്റ്റാർ ചിത്രം പട്ടാളം (മമ്മൂട്ടി) പൊട്ടിയപ്പോൾ ക്ലാസ്മേറ്റ്സ്‌, അറബിക്കഥ എന്നിവ വിജയം നേടുകയും ചെയ്തു. ഈ വർഷത്തെ കാര്യമെടുത്താൽത്തന്നെ പുതുമയും അവതരണവുമായെത്തിയ ചിത്രങ്ങളാണ്‌ ജനങ്ങൾ സ്വീകരിച്ചതെന്നുകാണാം. അക്കു അക്ബർ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ (ജയറാം) വൻ വിജയം നേടിയപ്പോൾ സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രം ഭാഗ്യദേവതയും കുടുംബസദസ്സിനെ ആകർഷിച്ച്‌ വിജയം നേടിയ പടമാണ്‌. മലയാള സിനിമയിൽ നിർമ്മാണ രംഗം സജീവമാണെങ്കിലും പ്രദർശന രംഗത്തെ അനിശ്ചിതത്വം തുടരുക തന്നെ ചെയ്യുന്നു.


വൻ മുതൽ മുടക്കുമായി തീയേറ്ററിലെത്തിയ ലൗ ഇൻ സിംഗപ്പോർ (മമ്മൂട്ടി) റെഡ്‌ ചില്ലീസ്‌ (മോഹൻലാൽ) തുടങ്ങിയവ അതിവേഗത്തിൽ അപ്രത്യക്ഷമായപ്പോൾ പാസഞ്ചർ പോലുള്ള ചെറുചിത്രങ്ങളാണ്‌ വിജയത്തിലേക്ക്‌ മുന്നേറിയത്‌. മലയാള സിനിമ സംവിധായകരും നിർമ്മാതാക്കളും ആത്മപരിശോധനക്കും സ്വയം വിമർശനത്തിനും തയ്യാറാകേണ്ടതുണ്ട്‌. പുതിയ പാതകൾ തേടുവാൻ, അവതരണരീതികൾ സമ്പന്നമാക്കുവാൻ, താരാധിപത്യമില്ലാതെ കഥാപാത്രങ്ങൾക്ക്‌ മുൻഗണന നൽകുന്ന സൃഷ്ടികൾക്ക്‌ ജന്മം നൽകുവാൻ ഇനിയും വിമുഖത കാണിച്ചാൽ അത്‌ സ്തംഭനാവസ്തയിൽ നിന്ന്‌ ശൂന്യതയിലേക്കായിരിക്കും മലയാള സിനിമയെ നയിക്കുന്നത്‌.