ഒരു പേരിലെന്തിരിക്കുന്നു എന്നു ഇതിഹാസ കവി വില്യം ഷേക്സ്പീയര്‍ തന്‍റെ
നാടകത്തില്‍ എഴുതാന്‍ കാരണമെന്തായിരിക്കും ? പേരിലല്ല, പെരുമാറ്റത്തിലെ
വ്യക്തിത്വത്തിലാണു മനുഷ്യത്വം എന്നൊരു ലോകതത്വം വിളമ്പാന്‍
മാത്രമായിരുന്നില്ല വിശ്വകവിയുടെ ഈ എഴുത്ത് എന്നാണെനിക്കു തോന്നുന്നത്.
അച്ഛനും അമ്മയും ചേര്‍ന്നിട്ട WILLIAM SHAKESPEARE എന്ന പേരിലെ അവസാനത്തെ
ഇ ഇല്ലാതെ WILLIAM SHAKESPEAR എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്ന
ബഹുഭൂരിപക്ഷത്തിന്‍റെ അരസികത്വത്തില്‍ മനം നൊന്തിട്ടാവണം അദ്ദേഹം ഇങ്ങനെ
ഒരു സംഭാഷണം തന്‍റെ നാടകത്തിലുള്‍ക്കൊള്ളിച്ചത് എന്നാണെന്‍റെ
വ്യക്തിപരമായ വിശ്വാസം .(ഇപ്പോഴും നമ്മുടെ എത്രയോ സാദാ സ്കൂളുകളില്‍
അധ്യാപകര്‍ കുട്ടികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഇതിഹാസനാടകകാരന്‍റെ പേര്‍
'കുന്തം കുലുക്കി' എന്നാണല്ലോ പറഞ്ഞുകൊടുക്കുന്നത്) കാരണം , വിശ്വകവിയോട്
സ്വയം തട്ടിച്ചു പറയുകയല്ലെങ്കിലും സ്വന്തം പേരിന്‍റെ കാര്യത്തില്‍
ഇത്തരത്തിലൊരു അസ്തിത്വ പ്രത്സന്ധിയിലാണു ഞാനും .
ചന്ദ്രശേഖരന്‍ എന്ന പേരിലെ ഒരല്‍പം സീനിയോറിട്ടി ഒഴിവാക്കാന്‍ 'ന്‍'
വെട്ടിക്കളഞ്ഞു ചന്ദ്രശേഖര്‍ എന്നു യുവത്വം നേടാന്‍ ശ്രമിച്ചതാണു ഞാന്‍
എന്ന മട്ടിലാണ്‍ മിക്കവരും എന്‍റെ പേര്‍ എഴുതിയും ഉച്ചരിച്ചും കണ്ടിട്ടും
കേട്ടിട്ടുമുള്ളത്.
സത്യമതല്ല. എന്റെ പേരിനു കേള്‍ക്കുമ്പോള്‍ പ്രായക്കൂടുതലോ കുറവോ ഉണ്ടോ
എന്നു ഞാനിതുവരെയും അന്വേഷിച്ചിട്ടില്ല. നരച്ച രോമങളില്‍ തെളിയുന്ന
പ്രായം പോലും മറച്ചുവയ്ക്കാത്ത ഞാനെന്തിനു പേരിലെ സൌന്ദര്യവല്‍കരണത്തിനു
തുനിയണം ? അച്ഛനും അമ്മയും ചേര്‍ന്നു തീരുമാനിച്ച് പിറവിയുടെ
ഇരുപത്തെട്ടാം ദിവസം അച്ഛന്‍ ചെവിയിലോതി വിളിച്ച എ.ചന്ദ്രശേഖര്‍ പേരാണു
ഇന്നും ഔദ്യോഗികമായും അനൌദ്യോഗികമായും ഞാന്‍ ഉപയോഗിക്കുന്നത്.
ചന്ദ്രശേഖരന്‍ എന്ന പേരിനെ ര്‍ ചേര്‍ത്തു പരീക്ഷിച്ച് ഒരല്‍പം
ഉത്തരേന്ത്യവല്‍കരിച്ചതിന്‍ ഒരു കാരണവും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
അടിയന്തര സന്ദര്‍ഭങ്ങളില്‍ സെല്‍ ഫോണും എന്‍ .എസ്. ഡിയുമൊന്നും
വ്യാപകമല്ലാതിരുന്ന കാലത്ത് കമ്പിയില്ലാക്കമ്പിയെ ആശ്രയിക്കേണ്ടി
വന്നിരുന്ന കാലത്ത്, 13 അക്ഷരം വരെയാണ് ഒരു താരീഫ്. ഒരക്ഷരം കൂടിയാല്‍
റേറ്റ് അടുത്ത വാക്കിന്‍റേതായി.അതുകൊണ്ടാണു ഇംഗ്ളീഷില്‍ ചന്ദ്രശേഖര്‍
എന്ന 13 അക്ഷരത്തില്‍ എന്നെ തളച്ചത്. ചന്ദ്രശേഖരന്‍
എന്നാക്കിയിരുന്നെങ്കില്‍ എ എന്‍ എന്നിങ്ങനെ രണ്ടക്ഷരം കൂടി കൂടിയേനെ!
ടെലഗ്രാമില്‍ കുറച്ച് ലാഭമുണ്ടാക്കാന്‍ അച്ഛന്‍ ചെയ്തുവച്ച പാതകം
എനിക്കൊരു തീരാശാപമാവുമെന്ന് പാവം അച്ഛന്‍ സ്വപ്നത്തില്‍ പോലും
വിചാരിച്ചിരുന്നില്ല. പക്ഷേ അതങ്ങനെ ആയിത്തീര്‍ന്നതിന്‍ അച്ഛന്‍ തന്നെ
പിന്നെ സാക്ഷിയാവുകയും ചെയ്തു.ജീവിതത്തില്‍ അച്ഛന്‍ ഏറെ ആരാധിച്ചിരുന്ന
അമ്മയുടെ അച്ഛന്‍ ചന്ദ്രശേഖര പിള്ളയുടെ ഓര്‍മയ്കായാണു വൈകി ജനിച്ച
പുത്രന്‍ അവര്‍ അതേ പേരിട്ടത്. അപ്പോള്‍ പക്ഷെ വാലറ്റത്തെ നായരെയോ
പിള്ളയേയോ ഒഴിവാക്കിയത് അച്ഛനും അമ്മയും വിശ്വസിക്കുന്ന സെക്കുലര്‍
സംസ്കാരം കൊണ്ടുകൂടിയായിരിക്കും എന്നു തന്നെയാണ്‍ എന്‍റെ ഉറച്ച വിശ്വാസം
എന്‍റെ അറിവില്‍ എന്‍റെ പേര്‍ ക്രത്യമായി വിളിച്ചു കേട്ടിട്ടുള്ളത്
മലയാള മനോരമയിലെ ജോസ് പനച്ചിപ്പുറവും മംഗളത്തിലെ ബിജു വര്‍ഗീസും
ശ്യാമപ്രസാദും പോലുള്ള ചിലര്‍ മാത്രമാണ്. മറ്റു ഭൂരിപക്ഷവും, അടുത്ത
സുഹ്രുത്തുക്കള്‍ വരെ ചന്ദ്രശേഖരാ അല്ലെങ്കില്‍ ചന്ദ്രശേഖരന്‍ എന്നേ
വിളിക്കുകയും പറയുകയും ചെയ്തുകേട്ടിട്ടുള്ളൂ. ഇന്ത്യാ ഗവണ്‍മെന്‍റു
കനിഞ്ഞരുളിത്തന്ന വോട്ടേഴ്സ് ഐഡന്‍റിറ്റി കാര്‍ഡില്‍ ഞാന്‍ അച്ച്യുതന്‍
നായര്‍ ചന്ദ്രശേഖരന്‍ നായര്‍ ആണ്.അപേക്ഷാ ഫോറത്തില്‍ കിറുകൃത്യമായി
ചന്ദ്രശേഖര്‍ എന്നെഴുതിക്കൊടുത്തെങ്കിലും ചത്തതു കീചകനെങ്കില്‍
ചന്ദ്രശേഖര്‍ ചന്ദ്രശേഖരന്‍ തന്നെ എന്നുറച്ചു വിശ്വസിക്കുന്ന ഏതോ
സര്‍ക്കാര്‍ ഗുമസ്തന്‍റെ കറയറ്റ ഭാഷാസ്നേഹം !
പുള്ളിക്കാരന്‍ എനിക്കായി എഴുതിച്ചേര്‍ത്ത വാലും നായരുമെല്ലാം ഔദ്യോഗിക
രേഖകളില്‍ എന്നെ ഞാനല്ലാതാക്കി. ചുരുക്കത്തില്‍ എന്നെ തിരിച്ചറിയിക്കാന്‍
ഈ തിരിച്ചറിയല്‍ കാര്‍ഡ് പോരാതെ വരുന്നു. കാരണം കാര്‍ഡ് പ്രകാരമുള്ള
നായരല്ലല്ലോ ചന്ദ്രശേഖര്‍ എന്ന ഈ ഞാന്‍ . പേരിന്‍റെ പേരില്‍ ഒരു പാവം
നായരു പിടിച്ച പുലിവാലേ!
റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ത്ത വിദ്വാന്‍ ഇത്രയും വലിയ പുലിവാലല്ല
സമ്മാനിച്ചത്. എങ്കിലും തന്നാല്‍ കഴിയുന്നവിധം ഒരു ന്‍ എഴുതി യുവാവായ
ചന്ദ്രശേഖറിനെ പ്രായപൂര്‍ത്തിയാക്കാന്‍ അദ്ദേഹവും മറന്നില്ല. സംഗതി, ആള്‍
ഗ്രഹനാഥനാണല്ലോ, അല്‍പം വെയിറ്റൊക്കെ ഇരിക്കട്ടെ എന്നു കരുതിയതാവും.
എന്നെപ്പോലെ പേരെഴുത്തില്‍ അസ്തിത്വദുഃഖവും സ്വത്വ പ്രതിസന്ധിയും
പങ്കുവയ്ക്കുന്ന ആയിരങ്ങള്‍ക്ക് പാരയായി ഭവിച്ചത് എസ്.എസ്.എല്‍ .സി
ബുക്കില്‍ ആദ്യമായി പേരു ചേര്‍ക്കുന്ന അധ്യാപകമഹാശയനായിരിക്കുമെന്നാണു
ഞാന്‍ കരുതുന്നത്. എന്‍റെ ഔദ്യോഗിക പേരിന്‍ അങ്ങനെയുമുണ്ട് ഒരു പാരഭാരം .
എ.ചന്ദ്രശേഖര്‍ എന്നാകിയ ഞാന്‍ ചന്ദ്രശേഖര്‍ എ എന്ന ക്രമത്തിലാണ്‍
ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അവതരിച്ചിരിക്കുന്നത്. സ്വാഭാവികമായി
ഇന്ത്യന്‍ പൌരന്‍റെ അടിസ്ഥാന രേഖ എന്ന അര്‍ഥത്തില്‍ ഈ ക്രമമാണ്‍
പിന്നീടെല്ലായ്പ്പോഴും ഞാന്‍ പിന്തുടര്‍ന്നുവന്നതുമ്. അതും പാരയായി ഒരു
ഉയര്‍ന്ന കോഴ്സിന്‍ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഒരു പ്രഫസര്‍ക്കു
മുന്നില്‍ അഭിമുഖത്തിനെത്തിയപ്പോള്‍.
"താനെന്താ അച്ഛനു മുമ്പേ ജനിച്ചതാണോ?" പ്രഫസറുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ചൂളി.
"അല്ല, എന്താ തന്‍റെ ധാരണ, അതാദ്യമറിയട്ടെ. എന്താണീ 'എ'. തന്റെ പേരിലെ എ
യെക്കുറിച്ചാണ്?"
"ഇനിഷ്യലാണു സാര്‍ . അച്ഛന്‍റെ പേരിന്‍റെ ചുരുക്കരൂപം "
"ഇനിഷ്യല്‍ എന്ന ഇംഗ്ളീഷ് വാക്കിന്‍റെ അര്‍ഥം അറിയാമോ തനിക്ക് ?"
"ഉവ്വ് സാര്‍ . ആദ്യം , തുടക്കം എന്നൊക്കെ..."
"അപ്പോള്‍ പേരിന്‍റെ ആദ്യം അല്ലെങ്കില്‍ തുടക്കം വരേണ്ട ഇനിഷ്യല്‍
എങ്ങനാണെടോ താന്‍ തന്‍റെ പേരിന്‍റെ അവസാനം ചേര്‍ക്കുന്നത്? അതോ ഇനി
നിങ്ങളുടെ നാട്ടിലെല്ലാം കഴുകിക്കഴിഞ്ഞ ശേഷമാണോ വെളിക്കിറങ്ങുന്നത്?"
പ്രഫസ്റുടെ പരിഹാസം മനസ്സില്‍ തറച്ചു എങ്കിലും അദ്ദേഹം പറഞ്ഞ
വാസ്തവത്തിലെ വസ്തുത ഞാന്‍ തിരിച്ചറിയാതെ പോയില്ല. ശരിയാണല്ലോ അച്ഛുതന്‍
നായര്‍ ചന്ദ്രശേഖര്‍ എന്നതിന്‍റെ ചുരുക്കെഴുത്ത് എ.ചന്ദ്രശേഖര്‍
എന്നായാല്‍ ശരി. പക്ഷേ അത് ചന്ദ്രശേഖര്‍ എ എന്നായാലത്തെ സ്ഥിതിയോ?
പാസ്പോര്‍ട്ടില്‍ എന്തോ ഭാഗ്യം എന്‍റെ പേരു ശരിയായിത്തന്നെയാണുള്ളത് .
അതില്‍ തെറ്റുണ്ടായിരുന്നെങ്കില്‍ ആകെ
കുഴയുമായിരുന്നു.കാര്യമെന്തെന്
എ.ചന്ദ്രശേഖര്‍ ആണു ഭര്‍ത്താവ്. അപ്പോള്‍ എന്‍ടെ പാസ്പോര്‍ട്ടില്‍ പേരു
ചന്ദ്രശേഖരന്‍ എന്നോ ചന്ദ്രശേഖരന്‍ നായര്‍ എന്നോ ആയിരുന്നെങ്കില്‍
സായിപ്പിന്‍ ആളുമാറിപ്പോയേനെ. ഭാര്യയ്ക്ക് ഭര്‍ത്താവിനെയും . ഈശ്വരന്‍
തുണച്ചു; അത്രയും ഒരു അത്യാഹിതമുണ്ടായില്ല.
--
A.CHANDRASEKHAR
Editor,
Kannyaka Women's Fortnightly
Mangalam Publications India Pvt.Ltd.,
S.H.Mount, Kottayam 686006
Tel:+91 481 2563024.
Mobile:+91 98950 10134
Personal Mobile:+91 97469 32538
e-mail:kanyakafortnightly@
Residence:Pavithram, TC 19/2210-1
Vattavila,Thirumala PO Thiruvananthapuram-695006.
Tel: +91-471-2353077
weblog:nairacs.blogspot.com