കോളേജ് പഠനകാലം കഴിഞ്ഞ് അനുഭവിക്കേണ്ടി വന്ന ഒരു നരകം പിടിച്ച
ഇടവേളയിലാണ് ഞാന്‍ ദസ്തയവ്‌സ്കിയെ പരിചയപ്പെടുന്നത്. ഒരു ദിവസം
സന്ധ്യക്ക് ഞാന്‍ വീട്ടുപടിക്കല്‍ വെറുതെ നില്‍ക്കുമ്പോള്‍ അതിലേ
കടന്നുപോയ ഷണ്‍മുഖന്‍റെ കയ്യില്‍ നിന്നാണ് "നിന്ദിതരും പീഡിതരും"
എനിക്ക് കിട്ടിയത്. തിരിഞ്ഞുനോക്കുമ്പോള്‍ ആ നിമിഷം വിധിയുടെ സവിശേഷ
മുദ്ര പതിഞ്ഞതായിരുന്നുവെന്ന് ഞാന്‍ കാണുന്നു. ഷണ്‍മുഖന്‍ സ്കൂളില്‍
എന്നോടൊപ്പം പഠിച്ചിരുന്നു. ആ സമയം അവന്‍ ഒരു ട്യൂഷന്‍
മാസ്റ്ററായിരുന്നു. അവന് ദസ്തയവ്‌സ്ക്കിയെപ്പറ്റി ഒന്നുമറിയില്ല.
ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകമെടുത്തു. -അത്
ദസ്തയവ്‌സ്ക്കിയുടേതായിപ്പോയി, അത്രമാത്രം.
ദസ്തയവ്‌സ്കിയുടെ ഒരു കൃതി ആദ്യമായി ഒരുവന്‍ വായിക്കുന്നുവെങ്കില്‍ അത്
നിന്ദിതരും പീഡിതരുമായിരിക്കണം. പോരാ, അയാള്‍ യുവാവുകൂടിയായിരിക്കണം.
എന്ന് സ്റ്റീഫന്‍ സ്വെയ്ഗ് പറഞ്ഞത് പിന്നീടാണ് ഞാനറിഞ്ഞത്.
നിന്ദിതരും പീഡിതരും എന്നെ ആഴത്തില്‍ ഇളക്കിമറിച്ചു. അത്രമേല്‍ എന്‍റെ
ആത്മാവെ സ്പര്‍ശിച്ച ഒരു കൃതി അതിനു മുന്‍പു ഞാന്‍ വായിച്ചിരുന്നില്ല.
വായിക്കുന്നതോടെ അത് തീര്‍ന്നുപോകുമല്ലോ എന്ന ചിന്ത എന്നെ
വേദനിപ്പിച്ചു. ദസ്തയവ്‌സ്ക്കിയിലേക്ക് എനിക്കുള്ള ചൂണ്ടുപലകയായിരുന്നു
ആ പുസ്തകം.
അതോടെ ദസ്തയവ്‌സ്ക്കിയന്‍ കൃതികള്‍ കൂടുതല്‍ വായിക്കുക ,
ദസ്തയവ്‌സ്ക്കിയെക്കുറിച്ച് ആവുന്നത്ര അറിയുക എന്നീ മോഹങ്ങള്‍ എന്നെ
വേട്ടയാടാന്‍ തുടങ്ങി. ഞാന്‍ ആ വഴിക്ക് അന്വേഷണങ്ങള്‍ ആരംഭിക്കുകയും
ചെയ്തു. എറണാംകുളം നാഷണല്‍ബുക്സ്റ്റാളിന്‍റെ ഇരുളടഞ്ഞ ഗോഡൌണില്‍ എന്നെ
കാത്ത്" ദസ്തയവ്‌സ്ക്കി കലയും ജീവിതവും" എന്ന ജി.എന്‍.പണിക്കരുടെ
പഠനഗ്രന്ഥം പൊടി പിടിച്ച് കിടന്നിരുന്നു. അവിടെ അവശേഷിച്ചിരുന്ന
ഏകകോപ്പി . അത് ദസ്തയവ്‌സ്ക്കിയെക്കുറിച്ച് എനിക്ക് ഒരു സമഗ്രചിത്രം
തന്നു. പിന്നീട് കെ. സുരേന്ദ്രന്‍റെ ദസ്തയവ്‌സ്ക്കിയുടെ കഥയും. ഈ
ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ആധാരമായിത്തീര്‍ന്ന അടിസ്ഥാനഗ്രന്ഥങ്ങള്‍
പില്‍ക്കാലത്ത് എനിക്ക് ലഭിക്കുകയുണ്ടായി.
മലയാളത്തില്‍ നാല്‍പ്പതുകളില്‍ത്തന്നെ ദസ്തയവ്‌സ്ക്കി അവതരിച്ചിരുന്നു.
"ഇഡിയറ്റ്" ഇടപ്പള്ളി കരുണാകരമേനോനും "കരമസോവ് സഹോദരര്‍" കെ.എന്‍
ദാമോദരനും ഭാഷാന്തരം ചെയ്തിരുന്നു. അതിനു ശേഷം എല്ലാക്കാലത്തും
ദസ്തയവ്‌സ്ക്കിക്ക് മലയാളത്തില്‍ അര്‍പ്പിതാരാധകരുണ്ടായിട്ടുണ്ട്
ന്യൂനപക്ഷമാണെങ്കിലും
.ദസ്തയവ്‌സ്ക്കിയെ വായിക്കുന്നതോടൊപ്പം ഭാഷാന്തരം ചെയ്യേണ്ടതിന്‍റെയും
ആവശ്യകത എനിക്കു ബോധ്യപ്പെട്ടു. ചൂതാട്ടക്കാരനാണ് ആദ്യം ചെയ്തത്
തുടര്‍ന്ന് ഒരപഹാസ്യന്‍റെ സ്വപ്നം, സൌമ്യാത്മാവ് ,ഒന്‍പതു കത്തുകളിലൂടെ
ഒരു നോവല്‍ കാരണവരുടെ കിനാവ്`, അപരം ,അപക്വയുവാവ് ,ക്ഷണിക്കപ്പെടാതെ ,
എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ് ,അധോതലക്കുറിപ്പുകള്‍ ,എന്നീ
നോവലുകളും കര്‍ഷകനായ മരിയ സ്വര്‍ഗ്ഗീയമായ ഒരു ക്രിസ്‌മസ്‌പ്പൂമരം എന്നീ
കഥകളും ഞാന്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തന പ്രക്രിയക്കിടെ എന്നെ
ഉന്‍മാദത്തിന്‍റെ വക്കിലൂടെ നടത്തിച്ചത് "എന്നെന്നേക്കുമായൊരു
ഭര്‍ത്താവാണ്." ദസ്തയവ്‌സ്ക്കിയുടെ പത്നിയുടെ ഓര്‍മ്മകള്‍ അന്നയുടെ
ഓര്‍മ്മകളാക്കി ഞാന്‍ പുറത്തിറക്കി. ഇഡിയറ്റാണ് എന്‍റെ ആത്മാവുമായി
ഏറ്റവും അടുത്തു നില്‍ക്കുന്ന കൃതി. ഞാന്‍ അത് ആവര്‍ത്തിച്ചു
വായിക്കുന്നു. ആനന്ദം കൊള്ളുന്നു. ദസ്തയവ്‌സ്ക്കിയന്‍ കൃതികളില്‍ എന്നെ
മടുപ്പിച്ച ഒരു രചനയുണ്ട്.-"ഭൂതാവിഷ്‌ടര്‍".
വേദാന്തത്തിന്‍റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും എനിക്ക്
ദസ്തയവ്‌സ്ക്കിയെ കൈവെടിയാനാകുന്നില്ല. മണ്ണിന്‍റെ വേദന അനുഭവിച്ചതിനു
ശേഷമേ വിണ്ണില്‍ പാര്‍ക്കാനാകു.- അതാണ് കൂടുതല്‍ അഭികാമ്യവും സുഖകരവും
'നിന്ദിതരും പീഡിതരും' എനിക്കു തന്ന ഷണ്‍മുഖന്‍ഈയിടെ ഒരു വാഹനം
വന്നിടിച്ചു മരിച്ചു. എല്ലാം മായാവിനോദന്‍റെ കല്‍പ്പനകള്‍, '