Monday, July 6, 2009

അവള്‍ ടി.വി. കാണുകയാണ്‌.- വിജയന്‍ വിളക്കുമാടം




എന്‍റെ സഹോദരിയുടെ വീട്ടില്‍ ഞാനാദ്യമായല്ല പോവുന്നത്‌. അവളുടെ
ഓമനപുത്രിയായ മൂന്നു വയസ്സുകാരിയാണ്‌ എന്‍റെ ലക്ഷ്യം. എല്ലാ
കുടുംബങ്ങളേയും പോലെ ഇരുപത്തിനാലു മണിക്കൂറും ടി. വി. എന്നതാണ്‌ ആ
കുടുംബത്തിന്‍റെയും മുദ്രാവാക്യം. മോളെ അന്വേഷിച്ചപ്പോള്‍ ആരോ
വിളിച്ചുപറയുന്നത്‌ കേട്ടു. അവള്‍ ടി.വി. കാണുകയാണ്‌. ഇതിനു മുമ്പൊക്കെ
വന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ആറു മാസം മുമ്പുവരെ പറമ്പിലും
തൊടിയിലും പാറിപ്പറന്നു നടന്നവള്‍. പൂമ്പാറ്റയേയും തുമ്പിയേയും പിടിച്ച്‌
നടന്നവള്‍.. ഇപ്പോള്‍ ടി.വിയുടെ മുമ്പില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല.
തമിഴ്‌ ചാനലുകളത്രെ അവള്‍ക്ക്‌ പ്രിയം. അതു തന്നെ നല്ല ശബ്‌ദത്തില്‍
വെക്കണം. ഏതു മാമന്‍, എന്തു മാമന്‍, എന്നതാണ്‌ ഇപ്പോഴത്തെ അവളുടെ
നിലപാട്‌. വീട്ടില്‍ ടി.വി. വരുന്നതിനു മുമ്പ്‌ അവള്‍ എന്‍റെ തോളത്തു
നിന്ന് ഇറങ്ങുമായിരുന്നില്ല. അത്‌ പഴയ ഒരോര്‍മ്മമാത്രമായിരിക്കുന്നു.

ടി.വി.യുടെ ബദ്ധശത്രുവായിരുന്ന അവളുടെ അച്ഛനാണ്‌ ഡിഷ്‌
ആന്‍റിനവെച്ചുകൊടുക്കുന്നത്‌. ഒരു കാലത്ത്‌ വീട്ടിലുള്ളവരാരും ടി. വി.
കാണാന്‍ അയാള്‍ സമ്മതിക്കുമായിരുന്നില്ല. ടി.വി കാണുന്നതിന്‌ അയാള്‍
കടുത്ത വിരോധിയായിരുന്നു. അങ്ങനെയുള്ള അളിയന്‌ വന്ന മാറ്റം എന്നെ
ഞെട്ടിച്ചു. ഇപ്പോളിതാ വീട്ടിനുള്ളില്‍ കാക്കത്തൊള്ളായിരം
ചാനലുകള്‍...... എല്‍.കെ.ജിയിലെ ഗൃഹപാഠം ചെയ്യാന്‍ അതു പറയുമ്പോള്‍ അവള്‍
പറയും ഞാനീ പാട്ടൊന്നു കേള്‍ക്കട്ടെ.

മിക്കവാറും എല്ലാ വീടുകളിലും
ടി.വി.പ്രതിഷ്‌ഠിച്ചിരിക്കുന്
നത്‌
ഹാളിലാണ്‌. ഈ ലോകത്തേക്കു കണ്ണു തുറക്കുന്ന പിഞ്ചുകുഞ്ഞു മുതല്‍
കണ്ണടക്കാന്‍ പോകുന്ന മുത്തശ്ശി വരെ അതില്‍ നോക്കിയിരിക്കാന്‍
നിര്‍ബന്ധരാകുന്നു. ചെറിയ വീടുകളിലെ അവസ്ഥ പറയുകയേ വേണ്ട. കുഞ്ഞുങ്ങളെ
ഭാവന നശിച്ച ബുദ്ധി മരവിച്ച വസ്‌തുക്കളാക്കാന്‍ മാത്രമേ ഇതു സഹായിക്കു.
അവര്‍ പ്രകൃതിയില്‍ നിന്നും അകന്നുപോകുന്നു. പ്രകൃതി സ്‌നേഹവും
ജന്തുസ്‌നേഹവുമൊക്കെ പഴങ്കഥകളായി മാറുന്നു. എന്തിന്‌... മനുഷ്യ സ്‌നേഹം
പോലും അന്യമായിത്തീരുന്നു

. അല്‍പ്പം ഏകാന്തതയും ഭാവനാവികാസവും നല്‍കുന്നതാണ്‌ യാത്രകള്‍.
എഴുത്തുകാരൊക്കെ യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. എന്നാല്‍ ഇപ്പോള്‍
ബസ്‌` യാത്രയില്‍ ചിന്തിക്കാനോ, സ്വപ്നം കാണാനോ പറ്റാത്ത അവസ്ഥയാണ്‌.
ദീര്‍ഘ ദൂര ബസ്സുകളില്‍ പ്രത്യേകിച്ചും. അടിപൊളി സിനിമകള്‍ ഫുള്‍
വോള്യത്തില്‍ അലയടിക്കുകയാണ്‌ ബസ്സിനുള്ളില്‍. സ്വപ്നം കാണുന്നതു പോകട്ടെ
ഒന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ യാത്രക്കാരന്‍
നിസ്സഹായനാവുന്നു. മനസ്സിന്‍റെ ഭാവാത്മകതയുടെ മേല്‍ ക്രൂരമായ
കയ്യേറ്റമാണ്‌ അവിടെ നടക്കുന്നത്‌. സ്റ്റണ്ടുകളുടെ ചെകിടടിപ്പിക്കുന്ന
ശബ്‌ദങ്ങളെ അപ്പടി വിഴുങ്ങുകയേ നിവൃത്തിയുള്ളു. അത്തരം
സിനിമാപ്രദര്‍ശനങ്ങള്‍ പരിഷ്‌ക്കാരത്തിന്‍റെയും പ്രൌഢിയുടേയും
ഭാഗമായിതീര്‍ന്നിരിക്കുന്നു. വായനശാലകളിലും ടി.വി. വ്യാപകമായി
തീര്‍ന്നിരിക്കുന്നു. വായിക്കുവാനല്ല ടി. വി. പരിപാടികള്‍ കാണാനാണ്‌
ഇന്ന് നല്ലൊരു പങ്കു്‌ ആളുകളും വായനശാലയിലെത്തുന്നത്‌. ക്രിക്കറ്റ്‌
മത്സരങ്ങള്‍ അരങ്ങേറുന്ന ദിവസങ്ങളില്‍ വായനശാലയിലെ ടി.വി.യുടെ മുന്നില്‍
വമ്പന്‍ ജനക്കൂട്ടമായിരിക്കും. ലൈബ്രറി തുറന്നില്ലെങ്കിലെന്ത്‌? ആരും
പുസ്‌തകം വായിച്ചില്ലെങ്കിലെന്ത്‌?