Wednesday, July 8, 2009

കവി(ത)ധം-നസീര്‍ കടിക്കാട്


kaymnazeer@yahoo.com


എന്നത്തേയും പോലെ ഇന്നും കവിതകളുണ്ടാവുന്നു.എന്നത്തേയും പോലെ മനുഷ്യന്‍ തിന്നുകയും കുടിക്കുകയും ഉടുക്കുകയും ഇണചേരുകയും കൂട്ടിവെക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു.അപ്പോഴും,എന്നത്തേയു

ം പോലെ ഇങ്ങിനെയായിരുന്നില്ലല്ലൊ പണ്ടെന്ന് വേവലാതി കൊള്ളുകയും,പരാതിപ്പെടുകയും ചെയ്യുകയും.

പണ്ടെന്നത് വളരെ പണ്ടായിരുന്ന കാലങ്ങള്‍ കടന്നുപോവുകയും,ഇന്ന് പണ്ടെന്നത് തൊട്ടുതലേന്ന് എന്നമട്ടില്‍ അത്രയ്ക്ക് തൊട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ കാലത്തേയും,മാറ്റത്തേയും ചൊല്ലിയുള്ള ആത്മപ്രതിസന്ധി വിഷാദമോ ഭ്രാന്തോ ആവുന്നുണ്ട്.കവിതയിലെ ഉച്ചത്തിലുള്ള രാഷ്ട്രീയകാലമെന്ന് അടയാളപ്പെട്ട എഴുപതുകള്‍ക്കും,എണ്‍പതുകള്‍ക് കും ശേഷം ചെറുതായി ചെറുതായി വന്ന കാലം,

അതിന്റെ ജീവിതവേഗം,സാമൂഹ്യമാ
യ തിടുക്കങ്ങള്‍,രാഷ്ട്രീയമായ ഒളിച്ചോട്ടങ്ങള്‍,സാംസ്കാരികമായ തിരസ്കാരങ്ങള്‍...ഇവയെല്ലാം ഇന്നത്തെ കവിതയെ ഏതെങ്കിലുമൊരു കാലത്തിലൂടെയോ,രാഷ്ടീയത്തിലൂടെ യോ വെളിപ്പെടുത്താനാവാത്ത മനുഷ്യന്റെ സ്വകാര്യമായ ജനല്‍ക്കാഴ്ചകളാക്കി മാറ്റുകയാണ്.ഒരുപക്ഷെ നമ്മുടെ സമകാലവും സംസ്കാരവും രൂപപ്പെടുന്നത് ഇത്തരമൊരു കാഴ്ചവട്ടത്തില്‍ വെച്ചാവണം!

വാക്കെന്നൊരു ഘടനയെ മുറുകെപ്പിടിക്കുന്നുണ്ട് ഇന്നത്തെ കവിത പലപ്പോഴും.അതുകൊണ്ടുതന്നെ വാക്കുമായുള്ള നിരന്തരമായ വഴക്ക് തന്നെയായി മാറുകയാണെന്ന് തോന്നുന്നു,പുതിയ കവിതയുടെ രാഷ്ട്രീയവും ആത്മീയതയും.കവിതയെന്നെഴുതപ്പെടു
ന്ന ഓരോ വാക്കിലും തെളിയുന്ന കാഴ്ചപ്പിടച്ചില്‍ നമ്മുടെ ജീവിതം തന്നെയാവണം.നമ്മുടെ കാലം തന്നെയാവണം.

മനുഷ്യനായി സ്വയം നിലനിര്‍ത്തുവാനുള്ള ഭാഷയുടെ ശീര്‍ഷാസനം.

..............................
.................................................................................

1)നിശ്ശബ്ദതയെന്ന വിപരീതപദം

മുറ്റത്തെ വെയിലിന്‍ ശബ്ദമായിരുന്നില്ല
പറമ്പില്‍ മേയും വെയിലിന്
മുറുക്കാന്‍ കടയില്‍ മൂന്നുംകൂട്ടി ചുവന്ന ശബ്ദമായിരുന്നില്ല

മുടിവെട്ടുകാരന്റെ കടയില്‍ വെട്ടിക്കയറിയ ചുവപ്പിന്
അന്തോണിയേട്ടന്റെ അടുക്കളയില്‍ വെന്ത ശബ്ദമായിരുന്നില്ല
ശേഖരേട്ടന്റെ അടുക്കളയില്‍ വെന്തതിന്
മയില്‍‌വാഹനം ബസ്സില്‍ തിക്കിത്തിരക്കിയ ശബ്ദമായിരുന്നില്ല
വൈറ്റ്‌വേ ബസ്സില്‍ തിക്കിത്തിരക്കിയതിന്
കുമ്പിടിപ്പുഴയില്‍ നീട്ടിപ്പാടിയ ശബ്ദമായിരുന്നില്ല
കുട്ടനാടന്‍ പുഴയിലെ
പാട്ടിന്
ആലീസിനെ കാത്തുനിന്ന വഴിയനക്കത്തിന്‍ ശബ്ദമായിരുന്നില്ല

ആസിയയെ കാത്തുകഴച്ച വഴിയനക്കത്തിന്
കുഞ്ഞിരാമന്‍ നായരുടെ നടപ്പിന്‍ ശബ്ദമായിരുന്നില്ല
അയ്യപ്പന്റെ വേച്ചുവിയര്‍‌ത്ത നടപ്പിന്
ഈച്ചിപ്പാടത്തെ കൊയ്ത്തിന്‍ ശബ്ദ
മായിരുന്നില്ല
കിഴക്കന്‍ പുഞ്ചയില്‍ നനഞ്ഞ കൊയ്ത്തിന്

നിശ്ശബ്ദതയെന്നിട്ടും
എവിടെയുമെപ്പൊഴും
ഒരേ ശബ്ദത്തില്‍!

2)പിന്‍ബെഞ്ച്

എല്ലാ ക്ളാസ്സിലും കാണാമായിരുന്നു,
അറബിക്‌മാഷും മോളിടിച്ചറും പ്രേമത്തിലാണെന്ന്
ആനക്ക്‌ അഞ്ചുകാലാണെന്ന്
അല്ലെടാ,ഒന്നു മറ്റേതാണെന്ന്
ജൂപ്പിറ്റര്‍ ടാക്കീസില്‍ പടം മാറിയെന്ന്
ഒരു പിന്‍ബെഞ്ച്‌

നാലഞ്ചുപേര്‍ പിന്‍ബെഞ്ചില്‍.

പാഠപുസ്തകം കീറി റോക്കറ്റുണ്ടാക്കും
മാഷുടെ കഷണ്ടിയിലേക്ക്‌ വിക്ഷേപിച്ച്‌
ശ്രീഹരിക്കോട്ട കെട്ടും

അരിവാള്‍ ചുറ്റിക വരച്ച്‌ പാര്‍ട്ടിയോഫീസും
കുഴിയണ്ടി കളിച്ച്‌ കശുമാവിന്‍തോട്ടവുമാകും.

നാലുകാലും മുകളിലാക്കി ശിര്‍ഷാസനത്തില്‍ നില്‍ക്കും,
പിന്‍ബെഞ്ച്‌.
അതിനു മുകളില്‍ കയറി പട്ടം പറത്തും
കാറ്റിന്‌റെ ഗതി കണ്ടുപിടിക്കും
മേഘം കറുക്കുന്നതറിയും

മാഷേ,മഴ വരുന്നേ കൂട്ടമണിയടിച്ചോ എന്ന്
പിന്‍ബെഞ്ച്‌ നിന്നു തുള്ളും.
മാഷും ടീച്ചറും കുട്ടികളും കുടനിവര്‍ത്തിയിറങ്ങുമ്പോള്‍
പിന്‍ബെഞ്ച്‌ മാത്രം പനം
തട്ടിക പൊക്കി
മഴയിലേക്ക്‌ എടുത്തുചാടും
മഴയില്‍ തിമിര്‍ത്ത്‌
മരത്തിലേക്ക്‌ തിരിച്ചു പോകും.

കാണാതായ പിന്‍ബെഞ്ചുകളാവണം
സ്ക്കൂള്‍പറമ്പില്‍ തണല്‍മരങ്ങളായി വളരുന്നത്‌.

3)മഷിത്തണ്ട്


യുദ്ധങ്ങള്‍ക്കൊടുവില്‍
സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നതും
ചരിത്രം ലിപികളാവുന്നതും
ഇരുട്ടിലാവണം,

സ്‌ളേറ്റുകള്‍ കറുത്തു പോയതും
അങ്ങിനെയാവണം.

തറപറ കയറി ഇരുട്ടത്തെത്തിയ
കലാപങ്ങള്‍
മായാത്ത മരണങ്ങള്‍
അമര്‍‌ന്നു പോവാത്ത നിലവിളികള്‍...

സ്‌ളേറ്റ് കാണുമ്പോള്‍ പേടിയാകും.

ഇരുട്ടത്തിരുന്ന് വിറച്ചെഴുതും,
അപ്പുറമിപ്പുറം നോക്കിയാല്‍
പല സ്‌ളേറ്റില്‍

പല ഇരുട്ടില്‍
പരിഭ്രമിച്ച് നില്‍ക്കുന്നുണ്ടാവും
കൂട്ടുകാര്‍.

കറുത്ത ബോര്‍‌ഡില്‍
മറഞ്ഞിരിപ്പുണ്ടാവും ദൈവം.

കാലാള്‍‌പ്പട
കുതിരപ്പട
കപ്പല്‍
വിമാനം...

ശബ്ദങ്ങളില്‍ ഉലഞ്ഞ്
പിടിവിട്ടു പോകുമോ സ്‌ളേറ്റ്?
സൈനികന്റെ ശിരസ്സില്‍ കപ്പലോടും
കുതിരക്കുളമ്പുകള്‍‌ക്കിടയിലൂ
ടെ വിമാനമിരമ്പും...
ഒന്നിച്ച് പിച്ചവെച്ചവന്റെ

ശിരസ്സറുക്കും
അയലത്തുള്ളവന്റെ
കൈ വെട്ടും
നടന്നു പോകുന്ന ആരെയോ
ആളുമാറി പിടിച്ചുകെട്ടും

പകച്ചിരുന്ന് എഴുതിയതൊക്കെയും

മഷിത്തണ്ടാല്‍ മായ്ച് കളയുമ്പോള്‍
ക്‌ളാസ്സുകള്‍ മാറി മാറിയിരിക്കുമ്പോള്‍
ഉള്ളിലുണ്ടാവും,
ജയിച്ചു കയറിയവന്റെ
ഒളിച്ചുവെച്ച ഇരുട്ട്.


4)തിരിച്ചിടുമ്പോള്‍

തിരിച്ചിടുമ്പോള്‍
മത്സ്യത്തിന്‍റെ വെന്തുമൊരിഞ്ഞ ഇടത്തേനെഞ്ച്‌,
പൊള്ളാന്‍ തുടങ്ങുന്ന വലതു നെഞ്ചിനെക്കുറിച്ച്‌
പറഞ്ഞു പറഞ്ഞ്‌ എന്നെ കരയിക്കും.

പാതിവെന്ത മത്സ്യങ്ങളെ
കടലിലേക്ക്‌ തിരിച്ചുവിടും
ആഴക്കടലിലേക്ക്‌ എത്ര ആട്ടിയകറ്റിയാലും
തിരകളോടൊപ്പം തിരിച്ചുവരും
തിളച്ച എണ്ണയിലേക്കു തന്നെ തുഴഞ്ഞുകയറും.

5)അജന്ത ഹെയര്‍കട്ടിംഗ്‌ സെന്‍റര്‍

മുടിവെട്ടുവാനിരിക്കു
മ്പോള്‍
അനുസരണയുള്ള പൌരനാവുന്നതും,
കസേരയില്‍
ചരിത്രവും പൌരധര്‍മ്മവും
പ്രതിഷേധവും കലാപവുമി
ല്ലാത്ത
ഒരു രാജ്യത്തിന്‍റെ
കറക്കമാവുന്നതും കാണാം.

ചീര്‍പ്പും കത്രികയും
മുന്നിലും പിന്നിലുമുള്ള കണ്ണാടിയും
മാത്രമല്ല,
മുടിവെട്ടുകാരനും
ഇടതടവില്ലാതെ സംസാരിക്കും

അച്ചടക്കത്തെക്കുറിച്ച്‌
കത്രിക വെട്ടിവെ
ട്ടി കയറും

കട്ടപിടിക്കുന്ന ഏകാന്തതകളെക്കുറിച്ച്‌
ചീര്‍പ്പ്‌ മുടിയിഴകള്‍ക്കിടയിലൂ
ടെ
പട്ടാളവണ്ടിയോടിക്കും

മുഖം മിനുക്കുന്നതെങ്ങിനെയെന്ന്
കണ്ണാടി
സ്വാതന്ത്ര്യദിനസന്ദേശം വായിക്കും

ചെവികള്‍ക്കിടയിലൂടെ,
ചുണ്ടിനുമേല്‍ മീശക്കരുകിലൂടെ
മൂര്‍ച്ചയുള്ള ബ്ളേഡ്‌
നിയമോപദേശം തരും.

മുടിവെട്ടുകാരന്‍റെ കൈവിരലുകള്‍
ഭൂഗോളത്തിലെ
എല്ലാ കടലിടുക്കുകളും
വന്‍കരകളും താണ്ടും.


ഇയാളാര്‌,
ഇബ്‌ന്‍ബത്തൂത്തയോ എന്ന്
മൂക്ക്‌ വിടര്‍ത്തുമ്പോള്‍

ചരിത്രത്തിലെ വായ്‌നാറ്റം
വെള്ളം ചീറ്റും...

കസേരക്കൈയില്‍
അമര്‍ത്തിപിടിച്ചിരുന്ന് കറങ്ങും
ഓരോ മുടിവെട്ടും.

എന്നിട്ടും,
ചരിത്രനിയോഗമാവണം
പറഞ്ഞുപറഞ്ഞ്‌

കലഹത്തില്‍ തന്നെയെത്തും.

ചീര്‍പ്പും കത്രികയും
പരസ്പരം തല്ലിച്ചാവും
കണ്ണാടികള്‍ കൂട്ടിയിടിച്ച്‌
പൊടിഞ്ഞ്‌ മണ്ണാകും
ബ്ളേഡ്‌,
സ്വയം കീറിമുറിച്ച്‌
ചോര വാര്‍ന്ന് മരിക്കും....

മുടിവെട്ടുകാരന്‍റെ മുഖത്ത്‌
തെളിഞ്ഞൊരു ചിരി
നിശ്ശബ്ദമാകും;

പുതിയ ഭൂഖണ്ഡം കണ്ടെത്തിയ
കപ്പലോട്ടക്കാരന്‍റെ
കൊടിയടയാളമാകും.

6)മൌസ്‌

എലിയുടെ ജീവപര്യന്തത്തെക്കുറിച്ച്‌
പൂച്ച വാചാലമാവും.

പൂച്ചയ്ക്കു മാത്രമല്ല,
ഭൂപടം വിട്ടൊഴിഞ്ഞ
എല്ലാ വന്‍കരകള്‍ക്കുമറിയാം
തിന്നുതീരുന്ന ജീവിതം.

പഴയ ആധാരക്കെട്ടുക
ളില്‍ കാണാം
എലിയെക്കുറിച്ചുള്ള വിശദവിവ
രണം.
കുഴിക്കൂറിനും വേലിക്കുമിടയിലെ
ഒന്നരസെന്‌റ്‌
അപ്രത്യക്ഷമായതിനെക്കുറിച്ച്‌ മാത്രമല്ല
രാജ്യങ്ങള്‍ തിന്നുതീര്‍ന്നതിന്‌റെ
അവശിഷ്ടങ്ങളും.

അലമാരക്കള്ളികള്‍ക്കറിയാം
ചന്തുമേനോനും
മാര്‍ക്കേസിനുമിടയില്‍ നിന്ന്
കേശവദേവിനെ കാണാതായതും
മഗ്ദലനമറിയം പാതിശരീരമായതും.

തകര്‍ന്നുവീണിട്ടില്ലാത്ത
ചുവരുകള്‍ വിളിച്ചുപറയും,
രവിവര്‍മ്മയുടെ സ്ത്രീശരീരങ്ങളില്‍
മുല പറിഞ്ഞതും
എം.എഫ്‌. ഹുസ്സൈന്‌റെ കുതിരകള്‍ക്ക്‌
കാലുകള്‍ പോയതും.

ഫെബ്രുവരിക്ക്‌ മാത്രമല്ല
മാര്‍ച്ചിനും
ഇരുപത്തെട്ട്‌ ദിവസങ്ങളെന്ന്,
ഏപ്രിലൊന്നിലേക്ക്‌
എങ്ങിനെ എത്തിപ്പെടുമെന്ന്
കലണ്ടര്‍ കൈമലര്‍ത്തും.


വഴിക്കണക്കിലെ
ഒരക്കം മോഷ്ടിക്കപ്പെട്ടതും
സാമൂഹ്യപാഠത്തില്‍ നിന്നൊരു കുട്ടി
ഓടിപ്പോയതും
അടുക്കിവെച്ച പുസ്തക്കെട്ട്‌
ഏട്‌ നിവര്‍ത്തും.

എന്നിട്ടും
എലി എങ്ങിനെയാണ്‌
വാഹനമായി മാറിയതെന്ന്
പൂച്ചയോട്‌ ചോദിച്ചാല്‍

കണ്ണ്‌ രണ്ടും ഇറുകെപൂട്ടി
പൂച്ച,
പാല്‍ കുടിക്കാന്‍ തുട
ങ്ങും.

7)ഉച്ചയുറക്കം

ഉച്ചയുറക്കം പതിവാണ്‌
രാത്രിയുറക്കം പോലെയല്ല.

രാത്രി
കതകിലൊരു മുട്ട്
കള്ളന്റെ കാലൊച്ച

കള്ളിയങ്കാട്ട്‌ നീലി
ഡ്രാക്കുള
എല്ലാവരും താരാട്ടാനെത്തും.

പറഞ്ഞുനിര്‍ത്തിയത്‌

പ്രാവായും
ഗരുഡനായും
പറന്നിറങ്ങും.

ഓര്‍ത്തു നടന്നത്‌
ഒന്നും രണ്ടും പറഞ്ഞ്‌
പിണങ്ങും
വായില്‍ തോന്നിയത്‌
വിളിച്ചു പറയും.

തൊട്ടടുത്ത്‌
ഞാനും ഉറങ്ങുകയാണെന്ന്‌
കൂര്‍ക്കം വലി
കുശുമ്പെടുക്കും.


നക്ഷത്രങ്ങള്‍
ഉറക്കം നോക്കി
തോണ്ടാനും
എണ്ണാനും തുടങ്ങും.

ഉച്ചയുറക്കം
എത്ര സ്വസ്ഥമാണ്‌

8)തീര്‍ച്ചയായും മരം നമ്മെ കാണുന്നുണ്ട്‌

ഇവിടെ നിന്നാല്‍ കാണാം
അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും.
മരത്തിന്‌ പച്ച

ഇലകളെന്നേ തോന്നൂ

കാലങ്ങളായുള്ള കാത്തുനില്പിലേക്കോ
തൊട്ടുതാഴേക്ക് ഊര്‍ന്നുവീഴും നിഴലിലേക്കോ
കണ്ണെത്തില്ല

ഗതികെട്ടവരായി
പലവഴിക്ക് പോകുന്ന ചില്ലകള്‍
മറ്റൊരു മരമാവുന്നേയില്ല

കൈയെത്താത്ത ഉയരത്തില്‍
കാറ്റിനെ തൊടാനോടുകയാവണം

പലജന്മങ്ങളിലേക്കി
ഴയുന്ന വേരുകള്‍
ആഴത്തിലുമാഴത്തില്‍
വീട് പണിയുന്നുണ്ടാവണം

എത്രനേരം നോക്കിനിന്നാലും
കണ്ടതേയില്ലെന്ന്
പച്ചയുടെ നിറം നിനക്കറിയില്ലെന്ന്
മരം കളിയാക്കി ചിരിക്കും

എവിടെയെല്ലാം വെച്ച്...

നേര്‍ക്കുനേര്‍ നിന്നിട്ടില്ല മരത്തിന്‌ മുമ്പില്‍
ഒരു ചില്ലയിലൊ ഇലയിലൊ
പച്ച പച്ച എന്ന് തടഞ്ഞുവീഴും

വെയില്‍പാളി കണ്ണ്‌
തെറ്റിക്കും
മഴയിഴകള്‍ കണ്ണ്‌പൊത്തും
മരത്തണലില്‍ ഒളിച്ചുകളിച്ചവരൊ
തളര്‍ന്നിരുന്നവരൊ
പ്രണയിച്ചവരൊ
തെറിവിളിച്ച് ആട്ടിയോടിക്കും

കൂട്ടുകാരായെന്ന് മരത്തെ വിളിച്ചിട്ടില്ല
തോളൊപ്പമെത്താതെ
കൈകള്‍ ഉയരങ്ങള്‍ കയറിപോകും

ഓരോ വിരലും കൊത്തിയെടുത്ത്
മേഘങ്ങള്‍ക്കുള്ളില്‍ ആരോ ഒളിഞ്ഞിരിക്കുന്നുണ്ട്‌
പച്ച പച്ച എന്ന്‌
പക്ഷികള്‍ ചിറകടിക്കും

എന്റേതെന്ന്‌ അടക്കിപിടിച്ചിട്ടില്ല
കൈവട്ടം നെടുകെ പിളര്‍ന്ന്‌
ഈര്‍ച്ചവാള്‍
ഹൃദയത്തിലേക്കാണ്‌
ഓടിവരിക

പച്ച പച്ച എന്ന്‌
ഇരിപ്പുമുറിയുടെ വാതിലും
ജനല്‍പാളികളും
കസേരയും ഉറക്കെ വിളിച്ചുപറയുന്നുണ്ട്‌

കേള്‍ക്കുന്നുണ്ട്‌...




തലകുനിച്ച്‌നിന്ന മരം ചൂണ്ടി
നിനക്കൊന്നും തോന്നുന്നില്ലേയെന്ന്‌
ചോദിച്ച കൂട്ടുകാരന്‌



9)മാര്‍ക്കറ്റ്

അരിപീടികയോട് ചേർന്ന മുറിയിൽ
സോപ്പ് ചീർപ്പ് കണ്ണാടി.
അരിമണികൾ
കണ്ണാടി നോക്കാൻ പോകും
പൊട്ട് കുത്തി പൗഡറിട്ട്
ദൂരെയുള്ള പാടങ്ങളിലേക്ക്
നൃത്തം ചെയ്യാനിറങ്ങും.

പച്ചക്കറികൾക്കടുത്ത് ഇറച്ചിക്കട.
ആരും കാണാതെ
ആട്ടിൻ തലയും പോത്തിൻ തലയും
പച്ചക്കറി തിന്നാനെത്തും

ആട്ടിൻ കുട്ടികൾ
എല്ലാം തട്ടിമറിച്ച് ഓടിനടക്കും.

തുണികടക്ക് നേരെ മുമ്പിൽ
പെയിന്റ്‌ കട.
നിറങ്ങൾ റോഡ് മുറിച്ച് കടക്കും
മഞ്ഞസാരി പച്ചയാവും
വെള്ളമുണ്ട് കറുപ്പാവും
ചില നിറം അഴുക്ക് ചാലിലേക്കൊഴുകും.

പലതരം അക്വേറിയങ്ങൾക്കരികെ
മീൻ കച്ചവടത്തിന്റെ കൂക്ക്.
മീനുകൾ ആൾക്കൂട്ടത്തിലൂടെ
തുഴഞ്ഞ് പോകും
അക്വേറിയത്തിൽ കയറി

കടലിളക്കവും കപ്പലോട്ടവും കാണും.

സൈക്കിൾ ഷോപ്പിനടുത്ത ഷോപ്പിൽ
നിറയെ പാവകളാണ്.
ഇരുന്ന് മടുക്കുമ്പോൾ
ചില പാവകൾ
സൈക്കിളെടുത്ത് സവാരി പോകും
പഴയ കൂട്ടുകാരെ തേടിപിടിക്കും.

മാർക്കറ്റിനടുത്തെ ഫ്ലാറ്റിലെ
ബാൽക്കണിയിൽ നിന്നാൽ എല്ലാം കാണം.
അങ്ങിനെയാണ് ആളുകൾ
ബാൽക്കണിയിൽ നിന്ന്
താഴേക്ക് ചാടാനും
മരിക്കാനും തുടങ്ങിയത്!

10)വിരൽ

എന്റെ വിരൽ
എത്ര മടക്കികൂട്ടിയാലുമാവില്ല
നിന്റെ കണക്ക്

വഴി തെറ്റും

എത്രയെളുപ്പം കണക്ക്
എന്നാലും എന്റെ വിരൽ

നിന്നെ വഴി തെറ്റിക്കും

തള്ളവിരൽ
അമ്മയെ കാണാൻ പോയതും
ചൂണ്ടുവിരൽ
ജാഥ നയിക്കാനോടിയതും
നീയറിഞ്ഞിട്ടുണ്ടാവില്ല

നടുവിരൽ
നെഞ്ചിലേക്ക് നീണ്ടതും
മോതിരവിരൽ
ഒളിച്ചിരുന്നതും
ചെറുവിരൽ
ചെവിയിൽ തിരയുന്നതും
നിനക്കറിയില്ല

കണക്ക് തെറ്റിയെന്ന്
വിരൽ കുടയും നീ

കണക്കായെന്ന്
വിരൽ ഞൊടിക്കും ഞാൻ

നമുക്കിടയിലേക്ക്
എത്ര പെട്ടെന്നാണ്
ആരോ
വിരൽ ചൂണ്ടുന്നത്