Sunday, July 5, 2009

കഥയായി തീര്‍ന്ന കുട്ടിക്കാലം- മാത്യു നെല്ലിക്കുന്ന്‌



ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ
മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോവാത്ത
മൂവാറ്റുപുഴയാറില്‍ തുടിച്ചുനീന്തിയും കൈത്തോടുകളില്‍ നിന്ന്‌
മീന്‍പിടിച്ചും നടന്ന എന്‍റെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മ പോലും
ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാ കഥകള്‍ പറഞ്ഞിട്ടുണ്ട്‌.
അവര്‍ക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട
മുറികളില്‍ , കോണ്‍ക്രീറ്റ്‌ കൂടുകളില്‍ സ്കൂള്‍ബസ്സുകളില്‍
കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്‍പില്‍ ഒക്കെയാണ്‌ അവര്‍ വളര്‍ന്നത്‌.

അവരോടു കഥ പറയുമ്പോള്‍ ഞാന്‍ അഭിമാനിച്ചു. മണ്ണിന്‍റെ മണമറിഞ്ഞു
വളരാനായതില്‍ ആഹ്‌ളാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ
അനുഭവങ്ങളോര്‍ത്ത്‌ ഊറിയൂറി ചിരിച്ചു. ഇനിയും നാട്ടില്‍ ചെല്ലുമ്പോള്‍
പാടത്ത്‌ ചൂണ്ടയിട്ടു മീന്‍ പിടിക്കണം എന്ന മോഹമുദിച്ചത്‌ അങ്ങനെയാണ്‌.

പിന്നീടു നാട്ടില്‍ വന്നപ്പോള്‍ വീടിന്‍റെ മുന്‍പിലുള്ള പാടശേഖരങ്ങളുടെ
അരികിലെ തോടിന്‍റെ വരമ്പിലൂടെ ഞാന്‍ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടില്‍
ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളില്‍
ധാരാളമുണ്ടായിരുന്ന വരാല്‍ മുശി, പരല്‍മീനുകള്‍, ഞണ്ട്‌, ഞവിണി,
ഇവയിലൊന്നിനേപ്പോലും കണ്ടില്ല. തോടിന്‍റെയും, പാടത്തിന്‍റെയും
വരമ്പുകളില്‍ വന്നിരുന്ന്‌ മീന്‍ പിടിച്ചിരുന്ന പൊന്‍മാന്‍പക്ഷികള്‍
കൊറ്റികള്‍ എന്നിവയില്‍ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടില്‍
ചാടിത്തിമിര്‍ത്തും വാഴത്തട കൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ച്‌
മീന്‍ പിടിച്ചു രസിക്കാന്‍ കുട്ടികളുമില്ലാതായിരിക്കുന്നു.

രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളി തേച്ചു മുങ്ങികുളിക്കാനും,
തുണിനനക്കാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പില്‍ കണ്ടില്ല.
പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശിനികള്‍ ഒഴുകി തോട്ടിലെത്തുന്നതിനാലും
തോട്ടിറമ്പില്‍ കുളിക്കാന്‍ ഭയപ്പെട്ടുമാണത്രെ പെണ്ണുങ്ങള്‍
തോടുപേക്ഷിച്ചത്‌

.പ്രകൃതി കനിഞ്ഞു നല്‍കിയ വരങ്ങള്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു.
രാത്രിയും പകലും ഇടക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ട ശബ്ദവും
ആകാശത്തും താഴേയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും
കാണാനും കേള്‍ക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമായുണ്ടായിരുന്ന
കാക്കകളും തൊഴുത്തു നിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും പിന്നെ
വളര്‍ത്തുപൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.


കാര്‍ഷിക മേഖലയെയും വില കുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടിന്‍
പുറത്തുകാര്‍പോലുമെന്ന്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി.
കെട്ടിടനിര്‍മ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിര്‍മ്മാണത്തിനും
റബ്ബര്‍കൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞുനല്‍കിയിരുന്ന വരദാനങ്ങള്‍
നശിപ്പിച്ചുകൊണ്ട്‌ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച്‌ മണ്ണിനെ ചൂഷണം
ചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യര്‍. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു
സമൂഹവും ഭൂമുഖത്ത്‌ നിലനില്‍ക്കില്ല. അടുത്ത തലമുറക്കായി നാം
കരുതിവെച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത , കുടിക്കാന്‍ വെള്ളത്തിനായി
കേഴുന്ന , വനങ്ങളും വൃക്ഷങ്ങളും പക്ഷികളും, മൃഗങ്ങളും നഷ്‌ടപ്പെട്ട ,
വിഷമാലിന്യങ്ങള്‍ നിറഞ്ഞ മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റു
സൌധങ്ങള്‍ മാത്രമുള്ള ഒരു ശ്‌മശാനകേരളമാണ്‌

link: mathew nellickunnu