Sunday, July 19, 2009

ഫിഫ്റ്റി പൂർത്തി-ചെമ്മനം ചാക്കോ







എന്റെ അമ്പതാംപിറന്നാൾ ദിവസം രാവിലെ ഞാൻ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗംഭീരന്മാരായ നാല
ഞ്ചുപേർ വീട്ടിലേക്കു കയറിവന്നു. രാഷ്ട്രീയത്തിന്റെ മേലിടങ്ങളിൽ എവിടെയോ ഒക്കെ ഇവരെ കണ്ടിട്ടുണ്ടെന്ന്‌ ഒരു തോന്നൽ.
വന്നവർ പറഞ്ഞു: ഈ നാടിന്റെ ഹൃദയമിടിപ്പുകളാണ്‌ അങ്ങയുടെ തൂലിക പകർത്തുന്നത്‌. സാമൂഹികതിന്മകൾക്കുനേരെ ഇത്ര ധൈര്യമായി കൂരമ്പുകൾ എയ്യുന്ന കവി വേറെയില്ല. നിഷ്പക്ഷമായി നീ മുഴക്കുന്ന ധർമ്മകാഹളം നാടിന്നു രക്ഷാമന്ത്രമാണ്‌. അടുത്ത വർഷം ഇതേ ദിവസം അങ്ങേയ്ക്ക്‌ അമ്പതു വയസ്സു പൂർത്തിയാകും എന്നു ഞങ്ങളറിഞ്ഞു. അങ്ങയുടെ ഫിഫ്റ്റിപൂർത്തി നാട്ടുകാരുടെ മഹോത്സവമായി ആഘോഷിക്കണമെന്നും ഞങ്ങളുടെ പാർട്ടി ഇന്നലെ നിശ്ചയിച്ചു.
ഫിഫ്റ്റിപൂർത്തിയോ? അത്ഭുതം കലർന്ന എന്റെ ചോദ്യത്തിന്‌ അവർ ഇങ്ങനെ മറുപടി നൽകി.
അതേ, കവിസാറേ! ഷഷ്ടിപൂർത്തി പോലെ ഫിഫ്റ്റിപൂർത്തിയും. പലതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന നാം അതിന്റെ പകുതി, അമ്പത്‌, അഘോഷിക്കുന്നതല്ലേ അറുപത്‌ ആഘോഷിക്കുന്നതിനേക്കാൾ യുക്തി? അതുതന്നെ ഫിഫ്റ്റിപൂർത്തി.
രാഷ്ട്രീയനൂലാമാലകളിൽപ്പെട്ടു കഴിയുന്ന നിങ്ങൾക്ക്‌ ഇതിനോക്കെ സമയം കിട്ടുമോ? ഞാൻ ചോദിച്ചു.

തിരഞ്ഞെടുപ്പ്‌ ഇന്നത്തെ പോക്കിന്‌ ഇനി ഒരു കൊല്ലം കഴിഞ്ഞേ ഉണ്ടാകൂ. ചിലപ്പോൾ ആറുമാസംകൂടി നീളാൻ സാദ്ധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപിന്‌ അതുവരെ കലയും സംസ്കാരവും സജീവരംഗമാക്കാൻ ഞങ്ങൾ നിശ്ചയിച്ചു. സാറിനു ഷഷ്ടിപൂർത്തിയാകണമെങ്കിൽ ഇനി വേണം പത്തുകൊല്ലം. ഒരു കൊല്ലത്തെ ആഘോഷമാണ്‌ ഫിഫ്റ്റിപൂർത്തിക്കു ഞങ്ങൾ പ്ലാനിടുന്നത്‌. നാളെ മുതൽ തുടങ്ങാം. നാടെങ്ങും ഇടയ്ക്കിടയ്ക്ക്‌ ഇതിനായി ഞങ്ങൾ യോഗങ്ങളും മൂശായിരകളും കീശായിരകളുമൊക്കെ സംഘടിപ്പിക്കും. ഈടുള്ള ഒരു പണക്കിഴിയും സമർപ്പിക്കും. അവർ വിശദീകരിച്ചു.
രണ്ടു കൈയും കൂപ്പി തൊഴുതുകൊണ്ട്‌ ഞാൻ തിരക്കി. ഈ അദ്ഭുതങ്ങളൊക്കെ കാണിക്കാൻ എവിടുന്നാണു പണം?
ഉത്തരം കിട്ടി ഇതിനു സംസ്ഥാനവ്യാപകമായ ഒരു കമ്മിറ്റിയുണ്ടാക്കും. അങ്ങയുടെപേരിൽ ഒരു പിഴവു ചോദിക്കുന്നതു ഞങ്ങൾക്കഭിമാനകരമാണ്‌. കൂടുതലൊന്നും അങ്ങ്‌ അറിയേണ്ട. എല്ലാം ഞങ്ങൾ ഭദ്രമായി ചെയ്തുകൊള്ളാം. ഒന്നു സമ്മതംമൂളിയേച്ചാ
ൽ മതി.
സംഗതികളുടെ കിടപ്പിന്റെ മണം കിട്ടി. ഞാനും രാഷ്ട്രീയക്കച്ചവടക്കാരാകണമോ? ജനങ്ങൾക്ക്‌ എന്നോടുള്ള സ്നേഹാദരങ്ങൾ വിപണിയിൽ എത്തിക്കുകയോ? ഞാൻ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച രണ്ടു മണിക്കു വരൂ. അപ്പോൾ ഞാൻ ഉത്തരം പറയാം.


മണിക്കൂർ ഒന്നായില്ല. വേറൊരു പാർട്ടി വന്നു. അവരും പറഞ്ഞു. ദേശദ്രോഹികളായ ആരെയും മുഖം നോക്കാതെ അമ്പെയ്തുവീഴ്ത്തുന്ന നാടിന്റെ ധീരനായ കവിയുടെ ഫിഫ്റ്റിപൂർത്തി ആഘോഷം ഗംഭീരമാക്കണമെന്ന്‌. എന്റെ വീട്ടുമുറ്റത്ത്‌ എന്റെ ഒരു പൂർണ്ണകായ ലോഹ പ്രതിമ സ്ഥാപിക്കാൻകൂടി അവർ ഉദ്ദേശിക്കുന്നുപോലും! സംസ്ഥാന വ്യാപകമായ ഒരു ചെറിയ പിരിവ്‌ ഇതിന്‌ അവരും സംഘടിപ്പിക്കുന്നു. സമ്മതം നൽകണം. അവരോടും ഞാൻ പറഞ്ഞു.
വെള്ളിയാഴ്ച രണ്ടുമണിക്കു വരൂ, അപ്പോൾ തീരുമാനം പറയാം.
പല പാർട്ടികളും പാർ
ട്ടിതന്ത്രങ്ങൾ പകർത്തുന്ന യൂണിയനുകളും എല്ലാം കലാ-സാംസ്കാരിക പ്രവർത്തനത്തിൽ ഉത്സുകരായിരിക്കുന്നു. തൽക്കാലഭരണത്തെ വീഴ്ത്താൻ എളുപ്പമല്ലെന്ന്‌ ഉറപ്പ്‌. വാഗ്ദാന വൈഭവക്കാരായ വേറെ ചില പാർട്ടികളും സംഘടനകളുംകൂടി എന്റെ അമ്പതാംപിറന്നാൾ ഫിഫ്റ്റിപൂർത്തിയാക്കാൻ വരികയായി. പണപ്പിരിവ്‌ പ്രിയതമയെപ്പോലെ എല്ലാവരുടെയും കൂടെയുണ്ട്‌. വാഹനം വാങ്ങിച്ചു തരുന്നു ചിലർ, വീടു പൊളിച്ചു പണിതുതരുന്നു ചിലർ. എന്റെ പേരിൽ എൻഡോവ്‌മന്റ്‌ ഏർപ്പെടുത്തുന്നു ചിലർ. സ്വർണ്ണത്തിൽ പുളിശ്ശേരിവച്ചു തരാമെന്നായിരിക്കും അടുത്തു വരുന്നവരുടെ വാഗ്ദാനം. വന്നവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു. വെള്ളിയാഴ്ച രണ്ടു മണിക്കു വരു. അപ്പോൾ പറയാം.
വെള്ളിയാഴ്ചയായി, ഉച്ചയ്ക്കു രണ്ടുമണിയോടെ നേരത്തെ വന്ന കൂട്ടരെല്ലാം വീട്ടിലെത്തി. ഓരോ ഗ്രൂപ്പും അന്യോന്യം മുഖംതിരിഞ്ഞ്‌ ഇരിപ്പായി, സാംസ്കാരികരംഗത്ത്‌ പുത്തൻ കാൽവയ്പുകൾ നടത്താൻ തിരിച്ചവർ!
ഞാൻ കൃത്യം രണ്ടുമണിക്കുതന്നെ അവരുടെ മുന്നിലെത്തി നമസ്കാരം നൽകി പറഞ്ഞു. സംസ്കാരതൽപരന്മാരേ, നിങ്ങൾക്ക്‌ എന്റെ നമസ്കാരം! കലയുടെ കൈപിടിച്ചു ജനസേവനം ചെയ്ത കവിയെ ബഹുമാനിക്കാൻ വന്നവരാണല്ലോ നിങ്ങളെല്ലാവരും. ലക്ഷ്യം ഭിന്നമല്ല. അതിനാൽ ആദ്യംതന്നെ അന്യോന്യം മുഖം കാണത്തക്കവിധം ഇരുന്നാലും ഫിഫ്റ്റിപൂർത്തി എന്നത്‌ ഗംഭീരമായ ഒരു ആശയംതന്നെ. അതു ഞാൻ അൽപം പരിഷ്കരിക്കുന്നു. കൊട്ടും കുഴലൂത്തുമൊന്നും വേണ്ട അതിന്‌. പിരിവ്‌ ഒട്ടും തന്നെ വേണ്ട. എന്റെ ഫിഫ്റ്റിപൂർത്തിയുടെ പേരിൽ ഒരു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും, നിങ്ങൾ സ്വയം ജോലിചെയ്തുണ്ടാക്കിയ കാശുകൊണ്ട്‌ എന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു വന്നാലും. അപ്പോഴേക്കും തിരഞ്ഞെടുപ്പാകുമല്ലോ. അതിന്റെ ബഹളവും ബദ്ധപ്പാടും കൂടി ഒന്നു കഴിഞ്ഞോട്ടെ. അനന്തരം നമുക്ക്‌ ഫിഫ്റ്റിവൺപൂർത്തി ആഘോഷിക്കാം. ഉടൻ ചായ വരും. അതു കുടിച്ചിട്ട്‌ ഇപ്പോൾ നിങ്ങൾ പോയാലും!