Sunday, July 19, 2009

മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ -ബൃന്ദ


അവൻറെ
നേത്രങ്ങൾ നീണ്ടു വിടർന്നതായിരുന്നു
ഒരു പെൺകുട്ടിയുടേതുപോലെ .
സ്ത്രീകൾക്കു മാത്രമേ നീൾമിഴികൾ
പാടുള്ളൂ?
അവൻറെ ചോദ്യം.
കേട്ടറിവുകളുടെ പരിചയപ്പെരുമയിൽ നിന്ന്
ഉണർന്നെണീറ്റ്‌ വന്ന്
ഞാനവനെ കൺപീലിയിൽ ചുംബിച്ചു .
ഓരോ ചുംബനവും
പ്രണയേതിഹാസത്തിലെ ഓരോ
ഏടാണ്‌ .
നാമിപ്പോൾ
ഒരേ മഴത്തുള്ളിയിൽ
മുഖം നോക്കുന്നു.
ഓരോ മഴത്തുള്ളിയും പ്രണയ കാലത്തിൻറെ
ജൈവാടയാളങ്ങളാണ്‌ .
എനിക്ക്‌
നിൻറെയരികിൽ
കുറേ നേരം ഇരിക്കണം
പാതിവാക്കിൽ പെയ്യാതെപോയ
പ്രണയ മേഘങ്ങളെ തൊട്ടെടുക്കണം .
എനിക്കിപ്പോൾ
നിൻറെ മുഖമല്ലാതെ
മറ്റൊന്നും
ഓർക്കുവാൻ പറ്റുന്നതേയില്ല.
നിൻറെ മാത്രം സൗരഭ്യങ്ങൾ
നിൻറെ പരിരംഭണങ്ങളുടെ ഊർജ്ജ പ്രവാഹങ്ങൾ
നീയും ഞാനും

പ്രേമിച്ചൊഴുകിപ്പോവുന്ന
താഴ്‌വാരങ്ങൾ
നിന്നെ എന്നിലേക്ക്‌ ആവാഹിക്കുന്ന
സൂക്ഷമ സംവേദനങ്ങൾ
വീണ്ടും വീണ്ടും
നിന്നിലേക്കിറങ്ങിവരാൻ
മോഹിപ്പിക്കുന്ന
നിൻറെ അനുരാഗം.
പിന്നീടെപ്പോഴെങ്കിലും
കേൾക്കാനായി
ഞാൻ കാത്തുവച്ച നിൻറെ മൗനം .
ന്നെ മാത്രം ശ്വസിക്കുന്നതു കൊണ്ട്‌
പൊള്ളിച്ചുവന്നുപോയ നിൻറെ നാസികകൾ
ഉണ്മ്മയുടെ നിതാന്ത രഹസ്യങ്ങളെയും
ജീവൻറെ മൺവീണകളെയും
എനിക്ക്‌ തൊട്ടറിയുവാൻ
നീ മെനഞ്ഞ താരാപ്രപഞ്ചം
നീ ഉള്ളിൽ എന്നെയും നിന്നെയുമൊളിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവനേ ,
വിസ്മയ കാഴ്ചകളുടെ പക്ഷിലോകങ്ങളിൽ
നിന്നെ ഞാൻ തിന്നുകൊണ്ടിരിക്കും.
ഞാവൽപ്പഴത്തിൻറെ
കരിനീല പോലെ
ൻറെ നാവ്‌ തുടുക്കും വരെ .