മലയാളഭാഷയില്‍ ചെറുകഥ, നോവല്‍, നാടകം, നിരൂപണം എന്നീ
സാഹിത്യശാഖകള്‍ ഉദയം
ചെയ്യുന്ന ഘട്ടത്തിലാണ് കേരളത്തില്‍ സര്‍ക്കസ്സ് രൂപപ്പെടുന്നത്.
മലയാളകവിതയില്‍ കാല്പനികതയുടെ ഉദയവും
ഇതേഘട്ടത്തില്‍ത്തന്നെയാണ് .
ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും
ശക്തിപ്രാപിക്കുകയും ചെയ്ത ആ കാലയളവിനെക്കുറിച്ചുള്ള പഠനങ്ങളില്‍ സര്‍ക്കസ്സിനെക്കുറിച്ച് പഠിതാക്കള്‍
ഉദാസീനത പാലിക്കുകയാണ് ചെയ്തത്. കേരളീയനവോത്ഥാനവും സര്‍ക്കസ്സ് മേഖലയിലുള്ള കേരളത്തിന്റെ
സാന്നിദ്ധ്യവും തമ്മില്‍ ഏതു രീതിയിലാണ് ബന്ധപ്പെടുന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
കേരളീയര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍സര്‍ക്കസ്സില്‍ നവോത്ഥാനമൂല്യങ്ങള്‍
വിധത്തിലാണ് സ്വാധീനം ചെലുത്തിയത് എന്ന അന്വേഷണവും പ്രസക്തമാണ്.
കേരളീയനവോത്ഥാനത്തെക്കുറിച്ചുള്ള ആദ്യപഠനങ്ങള്‍ സാഹിത്യസംബന്ധിയായിരുന്നു.
കുമാരനാശാന്റെയും വള്ളത്തോളിന്റേയും കവിതകളെക്കുറിച്ച് തായാട്ട് ശങ്കരന്‍ നടത്തിയ പഠനങ്ങളും
ചന്തുമേനോന്റെ നോവലുകളെ ആധാരമാക്കി പി.കെ.ബാലകൃഷ്ണന്‍ നടത്തിയ സാഹിത്യനിരൂപണവുമാണ് അവ.
കേരളീയ നവോത്ഥാനത്തെക്കുറിച്ച് മലയാളികളുടെ പൊതുബോധത്തെ രൂപപ്പെടുത്തിയത്
ആ സാഹിത്യനിരൂപണങ്ങളാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭൂമികയാണ് ഭാരതീയനവോത്ഥാനം
എന്ന സങ്കല്പമാണ് ആ പഠനങ്ങള്‍ അവലംബിക്കുന്ന പൂര്‍വ്വാനുമാനം. ബംഗാളില്‍ രാജാറാം മോഹന്‍റായ്,
കേശ ബ് ചന്ദ്രസെന്‍ എന്നിവരില്‍ നിന്ന് ആരംഭിക്കുന്ന പരിഷ്കരണപ്രസ്ഥാനങ്ങളുടെ
സ്വാഭാവികവികാസമായി ഇന്ത്യന്‍ നവോത്ഥാനപ്രസ്ഥാനത്തെ വീക്ഷിക്കുന്ന ആ കാഴ്ചപ്പാട്,
ആംഗലവിദ്യാഭ്യാസവും കൊളോണി യല്‍ ഭരണസ്ഥാപനങ്ങളും നവോത്ഥാനത്തിന്റെ
ഊര്‍ജ്ജപ്രഭവങ്ങളാണെന്നും കരുതുന്നു. കേരളീയ നവോത്ഥാനത്തെക്കുറിച്ച് പില്ക്കാലത്തുണ്ടായ
അക്കാദമി പഠനങ്ങള്‍ ആംഗലവിദ്യാഭ്യാസവും കൊളോണിയല്‍ വാഴ്ചയുമായി ബന്ധപ്പെട്ട പരിവര്‍ത്തനങ്ങളുടെ
വാഹകര്‍ എന്ന നിലയില്‍ ക്രൈസ്തവ മിഷണറിമാരെ കാണുകയും, മിഷണറിമാര്‍ നവോത്ഥാനത്തിന്റെ
ചാലകശക്തിയായി രുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
നവോത്ഥാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ചത് മുഖ്യമായും രണ്ട് സങ്കല്പനങ്ങളാണ്.
ഒന്ന്.സാഹിത്യത്തില്‍ പ്രതിഫലിച്ചു കാണുന്ന നൂതനപ്രവണതകള്‍ നവോത്ഥാനത്തിന്റെ ഫലമാണ്.
നവോത്ഥാനം സാമൂഹികമായ ഒരു പ്രക്രിയയാണെങ്കിലും അത് സാഹിത്യത്തെ ആധാരമാക്കി പഠിക്കാവുന്നതാണ്.
രണ്ട്. പാശ്ചാത്യസ്വാധീനമാണ് നവോത്ഥാനത്തിന്റെ പ്രകടമായ ഹേതു. കൊളോണിയല്‍വാഴ്ചയുടെ
ഭാഗമായി നിലവില്‍ വന്ന പുതിയ സ്ഥാപനങ്ങളും ക്രൈസ്തവമിഷണറിമാരുടെ
`സംഭാവന'കളുമാണ് നവോത്ഥാനത്തിന്റെ ചാലകശക്തി.
കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള നേരത്തെ പറഞ്ഞ പഠനങ്ങളെല്ലാം ആ മുന്‍വിധികള്‍ പങ്കിടുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അറിവുകളാണ് പത്തൊമ്പതാം
ശതകത്തില്‍ കേരളത്തിലെ കീഴാളസമൂഹവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ വെളിവാക്കുന്നത്.
തെക്കന്‍ തിരുവിതാംകൂറില്‍ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍ നിരന്തരം
ഉണ്ടായിക്കൊണ്ടിരുന്ന കായികമായ ഏറ്റുമുട്ടലുകള്‍ക്ക് അറുതിവരുത്തുവാനായി തിരുവിതാംകൂര്‍
രാജാവ് സ്തംഭലിഖിതം എന്നപേരില്‍ അറിയപ്പെടുന്ന ഒരു വിളംബരം പുറത്തിറക്കിയിരുന്നു.
ഇന്നത്തെ കന്യാകുമാരി ജില്ലയിലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നത്.
ലിഖിതം സ്ഥാപിക്കപ്പെട്ടതും അവിടെത്തന്നെ. കന്യാകുമാരി ജില്ലയിലെ ചാന്നാര്‍
സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വൈകുണ്ഠസ്വാമി എന്ന ആത്മീയാചാര്യനെക്കറിച്ച്
എം.എസ്.എസ്.പാണ്ഡ്യന്‍ നടത്തിയ പഠനങ്ങളും നേരത്തെ പറഞ്ഞ മുന്‍വിധികള്‍
വിമര്‍ശനവിധേയമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അതു പോലെ പ്രസക്തമായ മറ്റൊരു
വസ്തുത, പാണ്ടിപ്പറയ സമുദായാംഗമായ തൈക്കാട്ട് അയ്യാവുസ്വാമികളായിരുന്നു ശ്രീനാരായണഗുരുവിന്റേയും
ചട്ടമ്പിസ്വാമികളുടേയും ഗുരുവെന്നതാണ്. കുമാരനാശാന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍
ദൂഷ്ടിയില്‍ പ്പെട്ടാലും ദോഷമുള്ളോരായിരുന്ന ഒരു ജനതയുടെ ഇടയില്‍ പത്തൊമ്പതാം ശതകത്തിന്റെ
പ്രാരംഭഘട്ടത്തില്‍ ശക്തിപ്രാപിച്ച വിമോചനതൃഷ്ണയിലും സ്വത്വസ്ഥാപനശ്രമങ്ങളില്‍ നിന്നുമാണ്
കേരളീയനവോത്ഥാനം ഉദയം ചെയ്യുന്നത്. സാമുദായികജീവിതത്തിന്റെ കീഴ്ത്തട്ടില്‍ നിന്നും മുകളിലേക്കു
വ്യാപിച്ച ഒരു പ്രവാഹഗതിയാണ് കേരളീയനവോത്ഥാനത്തിന് ഉണ്ടായിരുന്നത്.
ബംഗാളില്‍ രാജാറാം മോഹന്‍റായിയുടേയും കേശബ് ചന്ദ്രസെന്നിന്റേയും പ്രവര്‍ത്തനങ്ങള്‍
ഒരു ന്യൂനപക്ഷത്തെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് തികച്ചും
കേരളത്തിലെ നിരക്ഷരസമൂഹം സ്വത്വസ്ഥാപനത്തിന്നായി കര്‍മ്മനിരതരായത്. ആ പ്രവര്‍ത്തനത്തില്‍
ചാലകശക്തി എന്ന നിലയിലുള്ള ദൗത്യം ക്രൈസ്തവമിഷനറിമാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല,
കീഴാളസമൂഹത്തിന്റെ ആ പ്രവര്‍ത്തനം ക്രൈസ്തവമിഷനറിമാര്‍ക്ക് എതിരായിരുന്നുവെന്ന്
എം.എസ്.എസ്.പാണ്ഡ്യന്‍ വൈകുണ്ഠ സ്വാമിയെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സവര്‍ണ്ണജനസമൂഹത്തില്‍ നടന്ന പരിഷ്കരണപരിശ്രമങ്ങളായി
കേരളീയ നവോത്ഥാനത്തെ അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തികച്ചും
യാന്ത്രികമായി വാര്‍പ്പുമാതൃകകളെ പിന്തുടരുകയാണ് ചെയ്തത്. അക്കാരണത്താല്‍,
കേരളീയര്‍ക്ക് മുന്‍കൈ ഉണ്ടായിരുന്ന ഇന്ത്യന്‍ സര്‍ക്കസ്സിനെ, നവോത്ഥാനത്തിന്റെ
ചരിത്രസന്ധിയില്‍ രൂപംകൊണ്ട സാംസ്കാരികാവിഷ്കാരമാണ് അതെന്നു തിരിച്ചറിയുവാനോ
വിലയിരുത്തുവാനോ നമ്മുടെ പഠനങ്ങള്‍ക്ക് സാധിക്കാതെ പോയി. ഉത്തരേന്ത്യയിലെ
സവര്‍ണ്ണഭൂവുടമകള്‍ക്കിടയിലുണ്ടായ പരിഷ്കരണപ്രസ്ഥാനത്തിന്റെ അളവുകോലില്‍
വിലയിരുത്തുന്ന രീതി ഇന്നും തുടരുന്നതിനാലാണ് ദലിത്- ആദിവാസി സമൂഹങ്ങളുടെ
സ്വത്വസ്ഥാപനത്തിനു വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാന്തവല്ക്കരിക്കപ്പെടുന്നത്.
നവോത്ഥാനത്തെക്കുറിച്ചുള്ള അക്കാദമി വ്യവഹാരങ്ങളാണ് കേരളീയരുടെ പൊതുബോധത്തെ
നിര്‍ണ്ണയിച്ചുകൊണ്ട് ഇന്നും നിലയുറപ്പിച്ച് നില്ക്കുന്നത്.
മഹാരാഷ്ട്രയിലെ കുരുന്ദ്‌വാഡ് രാജാവിന്റെ അശ്വാലയം സൂക്ഷിപ്പുകാരനായിരുന്ന
വിഷ്ണപന്ത് ഛത്രെയാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവ്.
ഇറ്റലിയില്‍ നിന്ന് ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ചിരിനീസ് സര്‍ക്കസ്സിന്റെ ഉടമസ്ഥന്‍
തന്റെ അഭ്യാസപ്രകടനങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനും അസാധ്യമാണെന്നു പറയുകയും
വെല്ലുവിളിക്കുകയും ചെയ്തു. ഛത്രെ ആ വെല്ലുവിളി ഏറ്റെടുക്കുകയും ഒരു വര്‍ഷത്തിനകം
ചിരിനീസ് സര്‍ക്കസ്സിന്റെ അഭിമാനമായിരുന്ന അശ്വാഭ്യാസങ്ങള്‍ പരിശീലിക്കുകയും
അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് അംഗീകരിക്കപ്പെട്ട ചരിത്രം.
ഛത്രെയുടെ പ്രകടനം നടക്കുന്നത് 1880 മാര്‍ച്ച് 20 നായിരുന്നു. ഛത്രെ പിന്നീട് ഒരു സര്‍ക്കസ്സ്
കമ്പനിയുണ്ടാക്കി ഇന്ത്യയില്‍ പര്യടനം നടത്തി.കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ ആ സര്‍ക്കസ്സ് പ്രകടനം
കണ്ടുവെന്നും അതിലെ അഭ്യാസങ്ങള്‍ സ്വയം പരിശീലിച്ചെന്നും രേഖപ്പെടുത്തിക്കാണുന്നു.
കീലേരിയുടെ ശിഷ്യന്മാരായ കാരായി കൃഷ്ണന്‍ ടീച്ചര്‍, പരയാലി കണ്ണന്‍ടീച്ചര്‍,
കീഴന്തി ഗോപാലന്‍ടീച്ചര്‍ എന്നിവര്‍ സര്‍ക്കസ്സ് അഭ്യാസങ്ങള്‍ പരിശീലിക്കുകയും
പരിശീലിപ്പിക്കുകയും ചെയ്തു. ഇവരിലൂടെയും ഇവരുടെ ശിഷ്യപരമ്പരയിലൂടെയുമാണ്
ഇന്ത്യന്‍ സര്‍ക്കസ്സ് മലയാളികളുടെ കുത്തകയായിത്തീര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി
സര്‍ക്കസ്സ് പരിശീലനത്തിനായി ഒരു സ്ഥിരം കളരി സ്ഥാപിക്കപ്പെടുന്നത് 1901 ല്‍ തലശ്ശേരിയിലാണ്.
കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചറായിരുന്നു അതിന്റെ സ്ഥാപകന്‍. പിന്നീട് എം.കെ.രാമന്‍ ടീച്ചറായി അതിന്റെ സാരഥി.
ഛത്രെയുടെ സര്‍ക്കസ്സ്പര്യടനം കേരളത്തില്‍ ഉണര്‍ത്തിയതുപോലെ ഒരു താല്പര്യം മറ്റു പ്രദേശങ്ങളില്‍
ഉണര്‍ത്തിയതായി കാണുന്നില്ല. തലശ്ശേരിയില്‍ കീലേരിയും ശിഷ്യന്മാരും സര്‍ക്കസ്സില്‍ ആസക്തരാവുകയും
സര്‍ക്കസ്സ് അഭ്യാസികള്‍ എന്ന നിലയില്‍ സ്വയം പരിശീലനം നടത്തുകയും ചെയ്തു. അവരും ശിഷ്യന്മാരും
തൊഴില്‍ എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിക്കുകയും ഒരു തൊഴില്‍മേഖല എന്ന നിലയില്‍ തങ്ങളുടെ
ശിഷ്യരെ സര്‍ക്കസ്സിലേക്കു നയിക്കുകയും ചെയ്തു. കേരളത്തിലെ കളരിസമ്പ്രദായവും ആയോധന
മലയാളികള്‍ക്ക് സര്‍ക്കസ്സിനോട് രൂപപ്പെട്ട തല്പര്യത്തിന്റെ ഹേതുവായി പൊതുവേ പറയാറ്.
എന്നാല്‍ കേരളത്തിലേതിന് സമാനവും നമ്മുടേതിനേക്കാള്‍ വൈചിത്ര്യപൂര്‍ണ്ണവുമായ
ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍ ഇന്നും നിലവിലുണ്ട്. എന്നിരിക്കെ മലയാളികള്‍ക്കു സവിശേഷമായി
സര്‍ക്കസ്സില്‍ താല്പര്യമുണരുവാന്‍ കാരണമെന്ത് എന്ന ചോദ്യവും അന്വേഷണ വിഷയമാണ്.
പത്തൊമ്പതാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന കളരിസമ്പ്രദായവും ഇന്ത്യയിലെ മറ്റു
പ്രദേശങ്ങളിലെ
സദൂശമായ ആയോധനകലകളും ഉത്തരേന്ത്യയിലെ ഗുസ്തിസമ്പ്രദായവുമായി ബന്ധപ്പെട്ട അഖ്ഡാ പാരമ്പര്യവും
സര്‍ക്കസ്സുമായി ഏതു രീതിയില്‍ ബന്ധം പുലര്‍ത്തുന്നുവെന്ന ചോദ്യം ആ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു.
മേല്പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് ആധുനികസര്‍ക്കസ്സിന്റെ അടിത്തറയായിത്തീരുമോ? ചോദ്യത്തിന്
പോള്‍ ബൂയ്‌സാക്കിന്റെ പഠനം ഉത്തരം നല്‍കുന്നുണ്ട്.
സര്‍ക്കസ്സും സംസ്കാരവും (Circus and Culture,Indiana University)എന്ന
തന്റെ കൃതിയില്‍ ചിഹ്നവിജ്ഞാനത്തിന്റെ ഉപദര്‍ശനങ്ങളുടെ വെളിച്ചത്തില്‍
നിഷ്കൃഷ്ടമായ സാംസ്കാരികവ്യവഹാരങ്ങളാണ് സര്‍ക്കസ്സ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കസ്സിനെ മുന്‍നിര്‍ത്തി അദ്ദേഹം നടത്തിയ പഠനങ്ങളില്‍ പങ്കാളിയാകുവാനുള്ള
അവസരം ലേഖകന് ലഭിച്ചിട്ടുണ്ട്. മിത്തിന്റേയും ഇന്ത്യന്‍ കോറിയോഗ്രാഫിയുടേയും
സ്വാധീനം ഇന്ത്യന്‍ സര്‍ക്കസ്സില്‍ എപ്രകാരമാണ് പ്രകടമാകുന്നതെന്ന ഒരു പഠനം
പോള്‍ ബൂയ്‌സാക്ക് നിര്‍വ്വഹിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് നിലനില്ക്കുന്ന വിദ്യാഭ്യാസവ്യവസ്ഥ പോലെ സര്‍ക്കസ്സും
ഒരു പാശ്ചാത്യമാതൃകയുടെ
അടിസ്ഥാനത്തിലുള്ള ഘടനയാണ്. ആശയവിനിമയവ്യവസ്ഥയുടേയും
അതിന്റെ ധര്‍മ്മത്തിന്റേയും അളവുകോലുകള്‍ വെച്ച് പരിശോധിക്കുമ്പോള്‍
കളരിയും ഗുസ്തിയും സര്‍ക്കസ്സുമായി അതിവിദൂരമായ ബന്ധം മാത്രമേ
പുലര്‍ത്തുന്നുള്ളൂ എന്ന് വ്യക്തമാകും. ഒരു സര്‍ക്കസ്സ് പ്രകടനത്തിന് സവിശേഷമായ ഘടനയുണ്ട്.
ഓരോ ഇനവും ഘടനയുടെ അനുക്രമമായ വികാസത്തിന് യോജിച്ച രീതിയിലാണ് ഉള്‍ക്കൊള്ളിക്കപ്പെടുന്നത്.
അതിനാല്‍ ഒരു സര്‍ക്കസ്സ് കമ്പനി ഒരു ദിവസം അവതരിപ്പിക്കുന്ന ഇരുപത് അല്ലെങ്കില്‍
ഇരുപത്തിയഞ്ച് ഇനങ്ങള്‍ അവര്‍ അവതരിപ്പിക്കുന്ന അമ്പതോ അറുപതോ ഇനങ്ങളില്‍ നിന്ന്
ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത് സംഘടിപ്പിക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ആ ഘടന ഒരു നിശ്ചിതമായ സാംസ്കാരികവിനിമയമാണ് നിര്‍വ്വഹിക്കുന്നത്.
ഇത്തരം ഒരു ചിന്താപദ്ധതി, സര്‍ക്കസ്സ് കലാകാരനെ/കലാകാരിയെ
`സാമ്പ്രദായിക`മായ രീതിയിലല്ലാതെ കാണാന്‍ നമ്മുക്ക് അവസരം നല്കുന്നുണ്ട്.
നാടകത്തിന്റെ അരങ്ങില്‍ ഒരു കലാകാരന്‍/കലാകാരി നിര്‍വ്വഹിക്കുന്നതിന് സമാനമായ
കര്‍ത്തവ്യമാണ് സര്‍ക്കസ്സിലെ കലാകാരന്മാരും ക്ലൗണുകളും നിര്‍വ്വഹിക്കുന്നത്
എന്ന് മനസ്സിലാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
കേളപ്പജിയുടെ ജീവചരിത്രത്തില്‍, ഉത്തരകേരളത്തിലെ കളരിയുടെ പുനരുജ്ജീവനത്തിന് അദ്ദേഹം
നല്കിയ
സംഭാവനകള്‍ എം.പി.മന്മഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴശ്ശിരാജയുമായുള്ള യുദ്ധം,
മലബാര്‍ കലാപം എന്നിവ ഉത്തരകേരളത്തിന്റെ ആയോധനകലാപൈതൃകത്തെ
ബ്രിട്ടീഷ് ഭരണകൂടം കുറ്റകരമായി വിലയിരുത്തുവാന്‍ കാരണമായി.
ഇതിനെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയില്‍ കേളപ്പജിയുടെ പ്രവര്‍ത്തനത്തെ
വിശദീകരിക്കാവുന്നതാണ്.എന്നാല്‍ ഇതിലുപരി ശരീരം, സ്വത്വം,
ആവിഷ്കാരം എന്നിവ തമ്മിലുള്ള സംഘര്‍ഷം അന്തര്‍ഭവിച്ചിട്ടുള്ള
ഒരു സവിശേഷമായ ചരിത്രസന്ധിയായിരുന്നു അതെന്ന് ഇന്ന് നമ്മുക്ക് തിരിച്ചറിയാന്‍ സാധിക്കും.
ഫ്യൂഡല്‍കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിത്വം പ്രാമുഖ്യം നേടുന്ന ചരിത്രസന്ധിയാണ് ആധുനികത.
വ്യക്തി, താന്‍ ആരെന്നു തിരിച്ചറിയുകയും സ്വന്തം സ്വത്വം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃനാവുകയും
ചെയ്യുന്ന അത്തരം ഒരു ഘട്ടത്തില്‍ കേരളീയസമൂഹത്തില്‍ സ്വത്വാവിഷ്കാരത്തിനുള്ള
ഉപാധി എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിക്കപ്പെടുകയായിരുന്നു.
സ്വത്വം ശരീരനിരപേക്ഷമായ ഒരു സംപ്രത്യയമല്ല. കായികാഭ്യാസങ്ങളും ആയോധനകലകളും
ശാരീരികതയില്‍ ഊന്നിനില്ക്കുന്ന കലാവിഷ്കാരങ്ങളാണ്.
പഴയ സാമൂഹികാവസ്ഥയില്‍ സ്വത്വാവിഷ്കരണമെന്ന നിലയിലല്ലാതെ
വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെ സേവിക്കുകയാണ് ശരീരനിഷ്ഠമായ
കലകള്‍ ചെയ്തിരുന്നത്. ഇന്നും കളരി ആധുനികതയുടെ
വ്യവഹാരമണ്ഡലത്തില്‍ പ്രവേശനമില്ലാതെ തുടരുവാനുള്ള
കാരണം ഇതില്‍ നിന്ന് മനസ്സിലാക്കാം .
പത്തൊമ്പതാം ശതകത്തിന്റെ സാംസ്കരികാവസ്ഥയില്‍
ശരീരത്തെ സ്വത്വാവിഷ്കരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ പരിവര്‍ത്തിപ്പിക്കുകയാണ്
കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ ചെയ്തത്. അതിനാല്‍ കളരിയുടെ പുനരുജ്ജീവനശ്രമത്തെക്കാള്‍
ക്രാന്തദര്‍ശിത്വം കീലേരിയുടെ പരിശ്രമങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.
ഒരു തൊഴില്‍ എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിച്ച തലശ്ശേരിയിലും
പരിസരങ്ങളിലുമുള്ള കീഴാളജനവിഭാഗത്തിന് ഇത് വിമോചനമാര്‍ഗ്ഗം കൂടി ആയിരുന്നു.
ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍ സമാനമായ ശാരീരികകലകള്‍ ഉണ്ടായിരുന്നെങ്കിലും
അവിടെ ആര്‍ക്കും കീലേരിക്ക് സാധ്യമായ സാഹസികത നിറഞ്ഞതും ഉള്‍ക്കാഴ്ചയുടെ
പ്രകാശത്താല്‍ നയിക്കപ്പെട്ടതുമായ ഇത്തരം ദൗത്യം ഏറ്റെടുക്കാന്‍ കഴിയാതെ പോയി.
ഇതിനു കാരണം സാമൂഹികശാസ്ത്രപരമാണ്. അത് കേരളീയനവോത്ഥാനത്തിന്റെ
ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കേളപ്പജി പുനരുജ്ജീവിപ്പിച്ച
കളരിയില്‍ നിന്ന് സര്‍ക്കസ്സിന് ഒരു നേട്ടവും ഉണ്ടായില്ല. പില്‍ക്കാലത്ത് ഇത്തരം
ആയോധനകലാപൈതൃകം തികച്ചും പ്രതിലോമപരമായ ഉള്ളടക്കത്തോടെയാണ്
ഉപയോഗിക്കപ്പെട്ടത് എന്ന് നമ്മുക്കറിയാം.
ദേശീയത, സ്വത്വം, ശരീരം എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ
ഒരു പ്രശ്‌നപരിസരമാണ് കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ പ്രതിനിധാനം ചെയ്യുന്നത്
എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്യമിക്കുന്നത്. മലയാള സാഹിത്യത്തിലെ
ആധുനികകാലഘട്ടവുമായി ബന്ധപ്പെട്ട സാഹിത്യകൃതികള്‍ ശരീരത്തിന്റെ
വിവരണത്തെ സ്വത്വാവിഷ്കാരത്തിന്റെ രൂപങ്ങള്‍ എന്ന നിലയില്‍ അവകരിപ്പിക്കുന്നുണ്ട്.
മണിപ്രവാളസാഹിത്യത്തിലെ നായികാവര്‍ണ്ണനയും ചന്തുമേനോന്‍ ഇന്ദുലേഖയെ
വര്‍ണ്ണിക്കുന്നതും താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. സി.വി.രാമന്‍പിള്ളയുടെ
സുഭദ്ര ആത്മത്യാഗപരമായ ദൗത്യം ഏല്ക്കുകയും പില്ക്കാലത്ത് പൈങ്കിളിഭാഷയില്‍
`സൂര്യപുത്രി'യായി പരിണമിക്കുകയും ചെയ്തു. അനന്തപത്മനാഭന്‍ ശാരീരികക്ഷമതയുടെ
അസാമാന്യമായ തലത്തില്‍ ഉയര്‍ന്ന് സാഹസികനായകനായി പരിണമിക്കുന്നു.
ആധുനികതയുടെ കാലഘട്ടം സാഹിത്യത്തില്‍ ഇപ്രകാരം അതിഭാവുകത്വത്തോടെ
അസംബന്ധതയുമായി സംബന്ധത്തിലേര്‍പ്പെടുമ്പോള്‍ അതില്‍നിന്നും
വേറിട്ട് ശരീരത്തെ സ്വത്വാവിഷ്കാരത്തിന്റെ വാഹകമാക്കി വളര്‍ത്തുകയും
സര്‍ക്കസ്സ് കലയുടെ സാംസ്കാരികാവിഷ്കാരത്തിന്റെ ഭാഗമാക്കുകയും
ചെയ്തവരാണ് സര്‍ക്കസ്സിലെ കലാകാരന്മാരും കലാകാരികളും.
നോവല്‍, ചെറുകഥ, നാടകം എന്നിവപോലെ സര്‍ക്കസ്സും
പാശ്ചാത്യമാതൃകയുടെ സ്വദേശീയമായ രൂപത്തെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
മിത്തോ-കോറിയോഗ്രഫി സ്ട്രചേഴ്‌സ് ഇന്‍ ഇന്ത്യന്‍ സര്‍ക്കസ്സ്
എന്ന പ്രബന്ധത്തില്‍ പോള്‍ ബൂയ്‌സാക്ക് ആവസ്തുത വെളിവാക്കിയിട്ടുണ്ട്.
സര്‍ക്കസ്സ് അടിസ്ഥാനപരമായി പാശ്ചാത്യമാണെങ്കിലും
അത് നമ്മുടെ കലാവിഷ്കാരത്തിനുള്ള സമര്‍ത്ഥമായ രൂപമാക്കി നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നവോത്ഥാനത്തെക്കുറിച്ചും ആധുനികതയെക്കുറിച്ചും നമ്മുടെ ആലോചനകള്‍ സാഹിത്യനിഷ്ഠമായിരുന്നു.
സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ നിന്നും മുകളിലേക്കായിരുന്നു കേരളത്തില്‍ നവോത്ഥാനപ്രവണതയുടെ
പ്രവാഹഗതി എന്ന് മനസ്സിലാക്കുന്നതിന്നു പകരം ഒരു പാന്‍-ഇന്ത്യന്‍ വാര്‍പ്പുമാതൃക പിന്തുടരാനാണ്
നമ്മുടെ നവോത്ഥാനപഠനങ്ങള്‍ ശ്രമിച്ചത്. സാഹിത്യചര്‍ച്ചയില്‍ നവോത്ഥാനത്തിന്റേയും
ദേശീയതയുടേയും ഉറവുകള്‍ തിരയുമ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും
നമ്പൂതിരിയെ മനുഷ്യനാക്കലിലും നമ്മുടെ ചിന്തയെ തളച്ചിട്ടു. കേരളീയനവോത്ഥാനത്തിന്റെ
ധാരയില്‍ ഏറ്റവും ഒടുവില്‍ മാത്രം കടന്നു വന്നവര്‍ അതിന്റെ
കേന്ദ്രമാകുന്ന വിധത്തില്‍ വിന്യസിക്കപ്പെട്ട ഒരു വ്യവഹാരമാക്കി നവോത്ഥാനപഠനത്തെ
മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് സാഹിത്യാധിഷ്ഠിതപഠനങ്ങള്‍ക്കുണ്ട്.
ഭാവുകത്വപരമായി മലയാളസാഹിത്യത്തില്‍ പ്രകടമായ കാലുഷ്യങ്ങള്‍
ആധുനികതയെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മലയാളത്തിലെ നോവല്‍-ചെറുകഥാസാഹിത്യങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയും
ആവിഷ്കരിക്കുകയും ചെയ്യുന്നതിന് സമാന്തരമായി കവിതയില്‍ കാല്പനികവസന്തമായിരുന്നു.
തകഴി-ദേവ്-ബഷീര്‍ കാലഘട്ടത്തിന് സമാന്തരമായി കവിതയില്‍ ഇടപ്പള്ളിയും ചങ്ങമ്പുഴയും
നായകത്വം വഹിക്കുകയായിരുന്നു. ഒരേ സമയം വ്യത്യസ്തവും വിരുദ്ധവുമായ കാഴ്ചപ്പാടുകള്‍
കൊണ്ടുനടക്കുവാനുള്ള നമ്മുടെ സഹജമായ സിദ്ധിയുടെ ഒരു ഉദാഹരണമാണിത്.
ആധുനികത അതിന്റെ വികാസഗതിയില്‍ ഒടുവില്‍ ദാര്‍ശനികനമായി അസ്തിത്വവാദത്തില്‍
ഉറച്ചു നിന്നതിനു ശേഷവും കവിതയില്‍ നാം നവകാല്പനികഭാവുകത്വത്തിന്റെ
മസൃണാനുഭവങ്ങളുടെ ഉപഭോക്താക്കളായിരുന്നു. ഇത് സാഹിതീയമായ ഭാവുകത്വത്തിന്റെ
പ്രശ്‌നം മാത്രമല്ല. അത് നമ്മുടെ സ്വത്വബോധത്തിന്റെ പ്രശ്‌നം കൂടിയാണ്.
മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചവര്‍, അയ്യങ്കാളിയായാലും
ശ്രീനാരായണഗുരുവായിരുന്നാലും, അക്കാലത്തെ പാശ്ചാത്യദര്‍ശനമാതൃകയേതെന്ന
ചിന്താക്ലേശം അനുഭവിച്ചവരല്ല. ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള
അഭിമുഖസംഭാഷണം ഇതിന് ഉദാഹരണമാണ്. അവര്‍ രണ്ടു പേരും അഭിസംബോധനചെയ്യുന്ന
പ്രശ്‌നങ്ങള്‍ ഒന്നല്ല എന്ന തിരിച്ചറിവിന്റെ പ്രകാശമാണ് ആ സംഭാഷണത്തെ പ്രസക്തമാക്കുന്നത്.
വാര്‍പ്പുമാതൃകകളുടെ പ്രയോഗം നമ്മുടെ സാംസ്കാരികാവസ്ഥയെ തിരിച്ചറിയുന്നതിന് പലപ്പാഴും
മതിയായ വെളിച്ചം നല്കുന്നില്ല.
മലയാളസാഹിത്യത്തില്‍ ആധുനികതയുടെ കാലം മുതല്‍ വ്യത്യസ്തങ്ങളായ
രൂപത്തില്‍ സര്‍ക്കസ്സ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചെറുകഥാസാഹിത്യത്തില്‍
ഉറൂബിന്റെ രചനകള്‍ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നു. ആ കഥകളില്‍ നിന്ന് പ്രചോദനം
ഉള്‍ക്കൊണ്ട് നായരു പിടിച്ച പുലിവാല് എന്ന സിനിമയും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഉത്തരകേരളത്തില്‍
കിട്ടുണ്ണി സര്‍ക്കസ്സ് എന്ന ഒരു ചൊല്ല് നിലവിലുണ്ട്. ഒരാള്‍ തന്നെ എല്ലാ പണിയും ചെയ്യുന്ന ദരിദ്രമായ
ഒരു സ്ഥാപനം എന്നാണ് ഇതിന്റെ സൂചന. സര്‍ക്കസ്സിന്റെ ഇത്തരം പ്രതിനിധാനങ്ങള്‍ ഒരു സമൂഹം
എന്ന നിലയില്‍ കേരളീയരുടെ ചിന്തയെ അത് സ്വാധീച്ചിരുന്നുവെന്നതിന്റെ തെളിവായി കണക്കാക്കാം.
സൗഹൃദപൂര്‍വ്വവും സരസവുമായ ഇത്തരം സര്‍ക്കസ്സ് പ്രതിനിധാനങ്ങളല്ല ഇന്ന് നിലവിലുള്ളത്. ചൂഷണം,
പീഢനം, സഹനം എന്നിവയുടെ ഒരു പ്രതിരൂപമാണ് മുഖ്യധാരാവ്യവഹാരങ്ങളില്‍ ഇന്ന് സര്‍ക്കസ്സ്.
എന്നാല്‍ സര്‍ക്കസ്സിനെക്കുരിച്ചുള്ള നേരനുഭവമുള്ളവര്‍ ഒരിക്കലും ഇങ്ങനെ സര്‍ക്കസ്സിനെ കാണുന്നില്ല.
കാല്പനികമായ സൗന്ദര്യത്തോടെയല്ലെങ്കിലും സേ്‌നഹവും സംരക്ഷണവും നല്കുന്ന സര്‍ക്കസ്സ് അവര്‍ക്ക്
ജീവിതം പോലെ അനിര്‍വ്വചനീയമായ യാഥാര്‍ത്ഥ്യമാകുന്നു. ശ്രീധരന്‍ ചമ്പാടിന്റെ ആ നോവലില്‍
സര്‍ക്കസ്സിലെ കലാകാരന്മാര്‍ പ്രകടമാക്കുന്ന സേ്‌നഹദ്വേഷബന്ധം ശ്രദ്ധേയമാണ്. സര്‍ക്കസ്സ്
വിട്ടുപോരാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അങ്ങിനെ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇതിലെ
കഥാപാത്രങ്ങള്‍ സര്‍ക്കസ്സിനെ ജീവിതം തന്നെയായി കാണുന്നുവെന്ന് പറയുന്നത് ഒട്ടും ആലങ്കാരികമായല്ല.
നല്ലവരും ദുഷിച്ചവരുമായ മനുഷ്യര്‍ എവിടെയുമുണ്ടെന്നതുപോലെ സര്‍ക്കസ്സിലുമുണ്ട്. അവര്‍ക്കിടയില്‍
എല്ലാ മാനുഷികവികാര ങ്ങളുമുണ്ട്. എന്തു തന്നെ സംഭവിച്ചാലും കളി നടക്കണം, ദ ഷോ മസ്റ്റ് ഗോ
ഓണ്‍, എന്ന് പറയുന്നത് ജീവിതത്തെക്കുറിച്ചു തന്നെയാണ്. കളിയും ജീവിതവും അവിച്ഛിന്നമായി
കിടക്കുകയാണിവിടെ. സര്‍ക്കസ്സില്‍ ജോലി ചെയ്യുകയും നേരനുഭവങ്ങളുടെ പ്രകാശത്തില്‍ രചന
നടത്തുകയും ചെയ്യുന്ന ശ്രീധരന്‍ ചമ്പാടിന്റേതില്‍ നിന്നും വ്യത്യസ്തമായ സര്‍ക്കസ്സ് പ്രതിനിധാനമാണ്
സൂചിപ്പിച്ചു. മൃഗസമാനമായ ജീവിതാവസ്ഥയാണ് സര്‍ക്കസ്സിലേത് എന്നും ചൂഷണത്തിന്റേയും
പീഢനത്തിന്റേയും ലോകമാണ് സര്‍ക്കസ്സ് എന്നും വീക്ഷണം നിര്‍ദ്ദേശിക്കുന്നു. ചൂഷക-ചൂഷിത
ബന്ധത്തെക്കുറിച്ച് നാം ഉല്ക്കണ്ഠാകുലരായ ജീവത്സാഹിത്യകാലത്തുപോലും ഇത്രത്തോളം
അനാരോഗ്യകരമായ അന്തരീക്ഷമാണ് സര്‍ക്കസ്സിലേത് എന്ന് നാം കരുതിയിരുന്നില്ല.
മുഖ്യധാരാവ്യവഹാരങ്ങളിലും പത്രപ്രവര്‍ത്തനത്തിലും കാലം തെറ്റിപ്പിറന്ന ആ സങ്കല്പം
മനുഷ്യജീവിതത്തെക്കുറിച്ചും ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമുള്ള കാല്പനികമായ വ്യാഖ്യാനമാണ്.
ഒരു താരകയെക്കാണ്‍കെ രാവു മറക്കുന്ന കാല്പനികതയ്ക്ക് ജീവിതത്തോട് ഉദാസീനമാകാന്‍ സാധിച്ചുവെന്നു വരാം.
സാഹിത്യത്തിലെ ഹ്യൂമനിസ്റ്റ് എന്നു വിളികൊണ്ട ഉറൂബ് കണ്ടതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയാണ്
എം.ടി.വാസുദേവന്‍നായര്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. കൈരളി ടിവിക്കു
വേണ്ടി ദീപ നാരായണന്‍ സര്‍ക്കസ്സിനെക്കുറിച്ച് (നാട്ടകം എന്ന സാംസ്കാരികപത്രികാപരമ്പരയില്‍)
ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. സര്‍ക്കസ്സിനെക്കുറിച്ചുള്ള മുഖ്യധാരാവ്യവഹാരങ്ങളിലേതില്‍ നിന്നും
വ്യത്യസ്തമായ സ്വരമാണ് പ്രസ്തുത പരിപാടിയില്‍ സംസാരിച്ച മുന്‍കാല സര്‍ക്കസ്സ് കലാകാരന്മാര്‍
പ്രകടിപ്പിച്ചത്. മിശ്രവിവാഹത്തെത്തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നപ്പോള്‍
ജാതിയും മതവുമൊന്നുമില്ലാത്ത സര്‍ക്കസ്സിന്റെ തമ്പായിരുന്നു തന്റെ അഭയസ്ഥാനം
എന്ന് സരസമായി സ്മരിക്കുന്നവര്‍ മുതല്‍ പെന്‍ഷന്‍ കിട്ടാത്തതിന്റെ പരാതി
പറയുമ്പോഴും സര്‍ക്കാസ്സാണ് തന്റെ ജീവിതമെന്ന് അനുസ്മരിക്കുന്ന കലാകാരി വരെ
സര്‍ക്കസ്സിന്റെ നേരനുഭവമാണ് വിവരിക്കുന്നത്.
കൊളോണിയല്‍ ആധുനികതയുടെ സവിശേഷത ദേശീയതയെക്കുറിച്ച്
അത് രൂപപ്പെടുത്തിയ ധാരണകളാണ്.
കേരളീയനവോത്ഥാനത്തിന്റെ സര്‍ഗ്ഗമാതൃകകളെല്ലാം കേരളത്തിന്റെ
ദേശകാലങ്ങളുടെ പരിധിക്കുള്ളില്‍ ലോകത്തെ ഒതുക്കിയപ്പോള്‍ സര്‍ക്കസ്സ്
ദേശാന്തരസഞ്ചാരത്തിലൂടെ ലോകത്തിന്റെ വിസ്തൃതിയെ നേരിട്ട് അറിഞ്ഞു.
സര്‍ക്കസ്സിന്റെ വിനിമയം എല്ലായേ്പാഴും സാര്‍വ്വലൗകികമായ വിനിമയതലം
സ്പര്‍ശിക്കുവാനുള്ള സന്നദ്ധതയോടെ ലോകത്തെ അഭിമുഖീകരിച്ചു. മലയാളത്തിലെ മികച്ച
സാഹിത്യകൃതികള്‍ അഭിസംബോധന ചെയ്യുന്ന കൊച്ചുസമൂഹങ്ങള്‍ക്കു പകരം ഓരോ സര്‍ക്കസ്സ്
പ്രകടനവും പൊതുസമൂഹത്തെ മൊത്തത്തിലാണ് അഭിസംബോധന ചെയ്തിരുന്നത് എന്ന് ഓര്‍ക്കുക.
വിഭാഗീയവുമായ വിനിമയമല്ല സര്‍ക്കസ്സിന്റേത്. ഇന്ത്യന്‍ സര്‍ക്കസ്സ് ദേശീയമായ
ഒരു സ്വത്വം സര്‍ക്കസ്സ് ലോകത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ സമാന്തരമായി
ലോകമാസകലമുള്ള സര്‍ക്കസ്സ് പൈതൃകത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്നു.
സ്വന്തം മുരിങ്ങാച്ചുവട്ടില്‍ നിന്ന് കാണാവുന്ന ആകാശപരിധിയാണ് ലോകം
എന്ന് മേനി നടിക്കുന്ന നമ്മുടെ ധൈഷണികകാലാവസ്ഥയില്‍ ഇത്തരം നേര്‍കാഴ്ചകള്‍
കൗശലമില്ലാത്തവന്റെ വിഡ്ഢിത്തമായി പരിഹസിക്കപ്പെട്ടേക്കാം. വിഡ്ഢിയുടെ തലയില്‍
ഏത് കോമാളിത്തൊപ്പിയും കയറ്റിവെക്കാന്‍ വളരെ എളുപ്പമാണ്.
ശ്രീധരന്‍ ചമ്പാടിന്റെ നോവലിലേക്ക് വരിക:
ഇവിടെ നാം കാണുന്നത് സര്‍ക്കസ്സിന്റെ യഥാര്‍ത്ഥലോകമാണ്.
കാശി എന്ന കുള്ളനായ കോമാളിയാണ് ആ നോവലിലെ നായകകഥാപാത്രം.
ഉയരക്കുറവുള്ളവന്‍ എന്ന നിലയില്‍ കുടുംബത്തില്‍ അവമതിക്കപ്പെടുകയും അവഗണിക്കപ്പെടുകയും
ചെയ്ത കാശി തികച്ചും യാദൂച്ഛികമായി തന്നെപ്പോലെയുള്ള ഒരാളെ തെരുവുസര്‍ക്കസ്സില്‍ കണ്ടു.
ഇതാണ് തന്റെ ലോകം, ഇതാണ് തന്റെ ജീവിതം എന്ന വെളിപാടിലേക്ക് കാശി ചെന്നെത്തുന്നത്
അപ്പോഴാണ്.
തെരുവുസര്‍ക്കസ്സില്‍ നിന്ന് പിന്നീട് സര്‍ക്കസ്സ് കമ്പനിയിലെ കളിക്കാരനായി അയാള്‍ മാറുന്നു.
ജീവിതത്തിന്റെ കയ്പും മധുരവും സര്‍ക്കസ്സ് കാശിക്ക് അനുഭവപ്പെടുത്തിക്കൊടുത്തു.
കണക്കുകള്‍ തീര്‍ത്ത് കളി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാശി ഒരുങ്ങി
നില്ക്കുന്നിടത്തു
നിന്നുമാണ് നോവല്‍ ആരംഭിക്കുന്നത്. കാരണങ്ങള്‍ പലതാണ്, കാശിക്ക്
നാട്ടിലേക്ക് മടങ്ങാനാവുന്നില്ല.
എന്തു തന്നെ സംഭവിച്ചാലും കളി തുടരണം എന്ന സര്‍ക്കസ്സിന്റെ നിശ്ചയം കാശിയുടേയും
സര്‍ക്കസ്സിലെ മറ്റുള്ളവരുടേയും നിശ്ചയമായി മാറുന്നത് നാം ആ നോവലില്‍ കാണുന്നു.
കൂടാരത്തിന്റെ അകത്തു നിന്നുമുള്ള കാഴ്ചയാണ് നമ്മുക്ക് നോവലിസ്റ്റ് നല്കുന്നത്.
പട്ടാളജീവിതം പരാമര്‍ശിക്കപ്പെടുന്ന കഥകളും നോവലുകളുമെഴുതുന്ന വരെ പട്ടാളക്കാഥികര്‍
എന്ന് നമ്മുടെ നിരൂപകര്‍ വിശേഷിപ്പിക്കാറുണ്ട്. കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും കുറിച്ചുള്ള
പരാമര്‍ശം ഒരു നോവലിനെ സൈബര്‍നോവല്‍ എന്നും വിശേഷിപ്പിക്കപ്പെടുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.
ഇത്തരം വിശേഷണങ്ങള്‍ അവമതികളായിരിക്കാനിടയില്ല. എന്നാല്‍ സര്‍ക്കസ്സിനെക്കുറിച്ചുള്ള
നോവലുകള്‍ക്ക് ഇത്തരം വിശേഷണങ്ങള്‍ക്കുള്ള സൗഭാഗ്യം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ.
ചിത്രകാരനായ പാബ്ലോ പിക്കാസ്സോ സര്‍ക്കസ്സിന്റെ ആരാധകനായിരുന്നു. ചലച്ചിത്രകാരന്മാരായ
ചാര്‍ലി ചാപ്ലിനും ഫ്രെദറിക്കോ ഫെല്ലിനിയും സര്‍ക്കസ്സില്‍ അനുരക്തരായിരുന്നു.
ഒരു പക്ഷേ,
ഒരു സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ഞാന്‍ സര്‍ക്കസ്സുകാരനാകുമായിരുന്നുവെന്ന് ഫെല്ലിനി പറഞ്ഞിട്ടുണ്ട്.
നമ്മുടെ ആഢ്യസാംസ്കാരികവ്യവഹാരങ്ങള്‍ക്കിടയില്‍ പ്രാന്തവത്കരിക്കപ്പെട്ടതാണെങ്കിലും
അരവിന്ദനെ സര്‍ക്കസ്സും ശ്രീധരന്‍ ചമ്പാടിന്റെ നോവലും ആകര്‍ഷിച്ചിട്ടുണ്ട്. മലയാള സാഹിത്യചരിത്രത്തിലെ
സര്‍ക്കസ്സ് പ്രതിനിധാനത്തിന്റെ തിളക്കമുള്ള മാതൃകയാണ് അന്തരം. ഉറൂബിന്റേത് ഉള്‍പ്പെടെ
മലയാളത്തിലെ സര്‍ക്കസ്സ് കഥകളോടൊപ്പം അരവിന്ദന്റെ
തമ്പ് എന്ന സിനിമയോടൊപ്പം കണ്ടമ്പുള്ളി ബാലന്റെ സര്‍ക്കസ്സ് എന്ന പഴയ പുസ്തകത്തോടൊപ്പം
ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്.
ശ്രീധരൻ ചമ്പാടിന്റെ അന്തരം എന്ന കൃതിക്കു എഴുതിയ ആമുഖം