Friday, July 10, 2009

കാലചക്രം -ഇന്ദിരാ ബാലന്‍



സ്വപ്നജലാശയങ്ങളില്‍ പൂത്തുനിന്ന
കരിങ്കൂവളങ്ങള്‍ കണ്ണടച്ചിരിക്കുന്നു.
ഏകാന്തതയുടെ തടവിലേക്ക്‌
തള്ളിവിട്ട സ്വപ്നഗൃഹം
വിഷാദഭരിതയായ യുവതിയെപ്പോലെ
ഭാവി ഒരിരുണ്ട ഭൂതമായി
ദംഷ്‌ട്രകള്‍ നീട്ടി
അട്ടഹസിച്ചുകൊണ്ട്‌ മുന്നില്‍
വര്‍ത്തമാനമോ നിസ്സംഗയായും
ഭൂതകാലം പഴകി മറഞ്ഞ -
മഞ്ഞത്താളു പോലെ പിഞ്ഞിപ്പോയിരിക്കുന്നു.
കണ്ണുകള്‍ ശൂന്യമായ
വിദൂരതയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു
. അകമേ ഇരമ്പിമറിയുന്ന
കടലിന്‍റെ ഗര്‍ജ്ജനം
അപാര നീലിമയുടെ
സൌന്ദര്യത്തിടമ്പേന്തി നില്‍ക്കുന്ന
ആഴിയുടെ ഗര്‍ഭഗൃഹങ്ങളില്‍
ഭയത്തിന്‍റെ ഉരുള്‍പ്പൊട്ട
ലുകള്‍!
ഈ ആഘാതം ,
നേര്‍ത്ത ഹൃദയഭിത്തികള്‍ക്കു്‌
താങ്ങാനാകുമോ?
ഭയാശങ്കകളുടെ നൂലിഴകള്‍
തല നീട്ടുന്നു
ഏതു ശാപഭാരത്താലാണ്‌
ഈ കനത്ത ചുമടു ശിരസ്സിലമര്‍ന്നത്‌?
ഈ ശിക്ഷക്കൊരറുതിയില്ലേ?
എന്നും ഒരു പുതിയ സൂര്യവെളിച്ചം
ഉദിക്കുമെന്ന കിനാവ്‌ അങ്ങ്‌ വിദൂരതയില്‍..............
മരണതുല്യമായ നിമിഷങ്ങളെ
മറി കടക്കുവാനേതു
സിദ്ധൌഷധമാണ്‌ തേടേണ്ടത്‌?
ശാന്തിപര്‍വ്വത്തിനായി
ഏതു മഹാസാനുക്കളിലേക്കാണ്‌
യാത്ര തിരിക്കേണ്ടത്‌?
"നിരപരാധികള്‍ ശിക്ഷിക്കപ്പെ
ടുന്നു" വെന്ന
ക്രൂര സത്യത്തിനു മുന്നില്‍
പകച്ചു നില്‍ക്കുമ്പോള്‍
ഉത്തരങ്ങളില്ലാതെ
എല്ലാ പഴുതുകളും അടഞ്ഞുപോകുന്നു.
തുറക്കാത്ത വാതിലുകള്‍ക്കു മുന്നില്‍
കൂപ്പുകൈയുമായി എത്ര നേരം?
സാന്ത്വനത്തിന്‍റെ ഒരു ശംഖുനാദം പോലും ഉയരുന്നില്ലാ.

മൂര്‍ച്ഛയേറിയ ജീവിതയുളിയാല്‍
കുത്തിക്കീറി. ചോരയൊലിക്കുന്ന
, ഹൃദയവടുക്കളിലേക്ക്‌
കണ്ണീരിന്‍റെ ഉഷ്‌ണപ്രവാഹം. !
ഉപ്പുരസത്താല്‍ കുതിര്‍ന്ന്
മുറിവിന്‍റെ നീറ്റലിന്‌ ഒരവസാനമില്ലേ?
ആത്മശാന്തിയുടെ തീരമായ മരണത്തിലൊ,
ഈ കാത്തിരിപ്പിന്നന്ത്യം!
കാലചക്രത്തിന്‍റെ
ഗതിവിഗതികള്‍
ആര്‍ക്കറിയാം?