രാഹുല്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു
പൊന്തക്കാട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ അവന്‍ പോയി. ഏതോ
അത്യുഗ്രന്‍ പാമ്പിന്‍റെ കടിയേറ്റ് നിലവിളിച്ച അവനെ വീട്ടുകാര്‍
ആശുപത്രിയില്‍ കൊണ്ടുപോയി. പിറ്റേന്ന് പകല്‍ അവന്‍ മരിച്ചു. നല്ല
തേജസ്വിയായ കുരുന്നു ബാലന്‍. അമ്മയുടേയും അച്ഛന്‍റെയും പുന്നാരമുത്ത്.
നാട്ടുകാരും വീട്ടുകാരും അവന്‍ പഠിക്കുന്ന സ്ക്കൂളിലെ അദ്ധ്യാപകരും
വന്നുപോയ ആ ശവസംസ്കാരചടങ്ങില്‍ എല്ലാവരും അവളെ കുറ്റം പറഞ്ഞു. വാതിലിന്
പിന്നില്‍ മറഞ്ഞു നിന്ന അവള്‍ കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളേറ്റ്
മനോവ്യഥയാല്‍ പിടഞ്ഞു,. കനത്ത വിങ്ങുന്ന മനസ്സോടെയാണ് അന്നവള്‍ അവിടെ
നിന്നിറങ്ങി നടന്നത്. അവള്‍.....? അവള്‍...?
അവള്‍...'വിധി'യായിരുന്നു.
നവദമ്പതിമാര്‍ - ഇരുപത്തിയേഴു വയസുള്ള സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ
യുവാവും, ഇരുപത്തിരണ്ടു വയസുള്ള യുവതിയും ബന്ധുവീട്ടില്‍ വിരുന്നു
പോകുന്നതിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ലോറിയുമായി
കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ യുവതി തല്‍ക്ഷണം മരിക്കുന്നു. അയാള്‍
പരിക്കുകളോടെ ആശുപത്രിയില്‍. ആശുപത്രിയുടെ മരുന്നുമണങ്ങള്‍ക്കിടയില്‍ ,
തിരക്കിട്ട് നടക്കുന്ന നേഴ്‌സുമാര്‍ക്കും, ഡോക്‌ടര്‍മാര്‍ക്കുമിടയില്‍ ,
നെടുവീര്‍പ്പുകള്‍ക്കിടയില്‍, ബോധമുണര്‍ന്ന അയാളോട് എങ്ങനെ വിവരം
പറയുമെന്നറിയാതെ വേദനിക്കുന്ന ബന്ധുക്കള്‍ അവര്‍ അത്രമേല്‍ പരസ്‌പരം
സ്നേഹിച്ചിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലെ വിവാഹം.
മധുവിധുവിന്‍റെ അഞ്ചാംനാള്‍. വെറും അഞ്ചു ദിവസം. എല്ലാവരും പറഞ്ഞു' വിധി
എത്ര ക്രൂരമാണ്' അതു കേട്ട് പാവം വിധിയുടെ മനസ്സ് വേദനിച്ചു.
ഒന്നേകാല്‍ വയസ്സുള്ള കിങ്ങിണിക്ക് അമ്മ ലത ഒക്കത്തിരുത്തി ചോറു
കൊടുക്കുകയായിരുന്നു. ' ദാ കാക്ക ങ്ങ കാക്ക പറന്നുപോയി. .. എങ്ങനാ കാക്ക
ചോറുണ്ണുന്നേ....ആ....ആ' അമ്മയും മോളും അവരുടെ കുഞ്ഞുലോകവും. ലത
നിന്നിരുന്നത് കിണറിനരികിലായിരുന്നു. ആഹാരത്തോടു വിമുഖത കാട്ടി കുഞ്ഞു
കിങ്ങിണി കുതിക്കുമെന്നോ , ഏതെങ്കിലും കാരണവശാല്‍ അവള്‍ തന്‍റെ കൈകളില്‍
നിന്ന് വഴുതിപ്പോകുമെന്നോ ലത കരുതിയില്ല. കിണറിന്‍റെ അഗാധയിലേക്ക്
താഴ്‌ന്ന് പോയത് തന്‍റെ ജീവിതം തന്നെയെന്ന അറിവില്‍ ബോധമണ്ഡലത്തിലേക്ക്
പടര്‍ന്നു കയറിയ ഇരുട്ടിലേക്ക് അലര്‍ച്ചയോടെ പതിച്ച അമ്മ.വീടിനുള്ളില്‍
നിന്നിറങ്ങിവന്നവര്‍ക്ക് വാവയുടെ ചിതറിയ ചോറുപാത്രവും അമ്മയുടെ കിടപ്പും
കണ്ട് കാര്യം മനസ്സിലായി. അവരുടെ അലര്‍ച്ചക്കൊപ്പം ഓടിക്കൂടിയ
അയല്‍ക്കാര്‍, പിന്നെ നാട്ടുകാര്‍.
ആരോ ഒരാള്‍ കുഞ്ഞിനെ തപ്പാന്‍ കിണറ്റിലിറങ്ങി. ആകാംക്ഷയുടെ നിമിഷങ്ങള്‍.
കുഞ്ഞിനെ കിട്ടി അത്ഭുതക്കാഴ്ചയായി. കുഞ്ഞു ചിരിച്ചുകൊണ്ട് അയാളുടെ
കൈകളില്‍. അയാള്‍ക്ക് സഹായത്തിന് ഒരാള്‍ കൂടി ഇറങ്ങി. അവര്‍ കുഞ്ഞിനെ
മുകളിലെത്തിച്ചപ്പോള്‍ കൂടിനിന്നവരെ വിസ്മയിപ്പിച്ചുകൊണ്ട്
പരിക്കുകളില്ലാതെ ചിരിച്ചുകൊണ്ടിരുന്നു കുഞ്ഞ്. സമീപവാസിയായ ഡോക്ടര്‍
ഓടിയെത്തി പരിശോധിച്ചു. ഉള്ളില്‍ കയറിയ വെള്ളം അല്‍പ്പം കളഞ്ഞു.
മറ്റെല്ലാക്കാര്യത്തിലും കുഞ്ഞു നോര്‍മല്‍. അവള്‍, വിധി, മാറി നിന്ന്
പുഞ്ചിരിച്ചു. കിണറിന്‍റെ ആഴങ്ങളിലിരുന്നു തന്‍റെ കൈകളുടെ ചൂടു പറ്റിയ
ഓമനക്കുഞ്ഞിനെ ദൂരെ നിന്ന് നോക്കി ആഹ്ളാദിച്ചു. അവിടെ
കൂടിനില്‍ക്കുന്നവര്‍ ഇപ്പോള്‍ തന്നെ അഭിനന്ദിക്കുകയാവും. ആഹ്ളാദത്താല്‍
പൂത്തുലഞ്ഞ് അങ്ങിനെ നില്‍ക്കുമ്പോള്‍ തന്നെക്കുറിച്ച് അവര്‍ എന്താവും
പറയുന്നതെന്നറിയാന്‍ ആകാംക്ഷ തോന്നി. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറി
നടന്ന അവള്‍ നടുങ്ങി. ..ഹതാശയായി.... അവര്‍ വാഴ്‌ത്തുന്നത് തന്നെയല്ല.
തന്‍റെ കൂട്ടുകാരി" ഭാഗ്യത്തെ"യാണ്.