Sunday, July 5, 2009

കാക്കിയും ഖദറും കത്തിവേഷവും-ജോയെല്‍

പവിത്രമായ അതിവിശുദ്ധബന്ധമാണ്‌ രാഷ്ട്രതന്ത്രജ്ഞരും നീതിപീഠവും നിയമ
പാലകരും പത്രപ്രവര്‍ത്തകരും തമ്മിലും തമ്മില്‍ തമ്മിലും
ഉണ്ടായിരിക്കേണ്ടത്‌. ഏതൊരു രാഷ്‌ട്രത്തിന്‍റെയും അടിസ്ഥാനപരമായ
നിലനില്‍പ്പിനും അഭ്യുന്നതിക്കും അത്യന്താപേക്ഷിതമാണിത്‌. രാഷ്‌ട്രമെന്ന
കൂട്ടുകുടുംബത്തിന്‍റെ ഒത്തൊരുമക്കും പുറംലോകത്തേക്കുള്ള മാറ്റുള്ള
കാഴ്ചക്കും വേണ്ടി ഉള്ളില്‍ തന്നെയുള്ള മികവാര്‍ന്ന സംവിധാനമാണിത്‌. ഈ
കൂട്ടുകെട്ടിലെ ഓരോ വിഭാഗത്തിന്‍റെയും പരമമായ
സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലൊ.
സ്വതന്ത്രമായ ഈ പരമാംശത്തോടൊപ്പം ഇതര തുല്യശക്തികളുടെ സഹകരണവും കൂടി
ചേരുമ്പോള്‍ ചെറുത്തുനില്‍ക്കാന്‍ മറ്റൊന്നിനും കഴിയില്ല തന്നെ.
നവരാഷ്‌ട്രനിര്‍മ്മാണത്തിനും മുന്നേറ്റ പാതയില്‍ കാവലാളായും നിലകൊള്ളേണ്ട
ഈ അതുല്യസംഘം തങ്ങളുടെ തപനിഷ്‌ഠയില്‍ നിന്ന് അണുകിട വ്യതിചലിക്കാന്‍
പാടില്ല സ്വന്തം താല്‍പ്പര്യപ്രകാരമൊ താനുള്‍പ്പെടുന്ന വിഭാഗത്തിന്‍റെ
രക്ഷക്കൊ നിലനില്‍പ്പിനൊ ആയോ വ്യവസ്ഥാപിത മൂല്യങ്ങളെ ബലികഴിച്ച്‌
വിശുദ്ധബന്ധത്തിന്‌ വിള്ളല്‍ വീഴ്ത്തിക്കൂടാ. സിമന്‍റ്‌ മണല്‍ ഇഷ്‌ടിക
മേല്‍ക്കൂര തൂണ്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് വേറിട്ടു നില്‍ക്കുകയൊ തനതായ
സ്വഭാവം പ്രകടിപ്പിക്കാതിരിക്കുകയോ ദുര്‍ബ്ബലപ്പെടുകയോ ചെയ്താല്‍
ഫലമെന്താണെന്ന് നമുക്കാരും പറഞ്ഞുതരേണ്ടതില്ലല്ലൊ. വളരെ നിര്‍ഭാഗ്യവശാല്‍
, നമ്മുടെ രാഷ്‌ട്രത്തിലെ ഈ വിശുദ്ധബന്ധത്തിന്‌ വിള്ളല്‍
വീണുകഴിഞ്ഞിരിക്കുന്നു. നമ്മള്‍ അധോഗതിയുടെ പടുകുഴിയിലേക്ക്‌ ചോര്‍ന്നു
വീഴുക തന്നെയാണ്‌. ശത്രുരാജ്യങ്ങള്‍ക്കായി നാം ചോര്‍ന്നുവീഴുകയാണ്‌.
ജീവസ്രോതസ്സായ ഭൂമിക്കും വായുവിനും കേടുവരുത്തി അല്‍പപ്രാണികളായ നാം
ചോര്‍ന്നുവീഴുകയാണ്‌. ഊണും ഉറക്കവുമുപേക്ഷിച്ച്‌ സൂക്ഷ്മമിഴികളോടെ
കാവലാളാകാന്‍ നിയോഗിക്കപ്പെട്ടവര്‍ ഉറക്കത്തിന്‍റെയും ഭക്ഷണത്തിന്‍റെയും
സുഖാലസ്യത്തിലാണ്‌. ഒക്കെയും കാണേണ്ടവര്‍ കണ്ടുനില്‍ക്കുന്നു.
;കണ്ടില്ലെന്നു നടിക്കുന്നു.

രാഷ്‌ട്രനിര്‍മ്മാണം മുതല്‍ വളര്‍ച്ചയും പോഷണവും ഉള്‍പ്പെടുന്ന
രാഷ്‌ട്രസംബന്ധിയായ ഏതു വിഷയവും രാഷ്‌ട്രീയം എന്ന പദം വിവക്ഷിക്കുന്നു.
രാഷ്‌ട്രത്തെ നിയന്ത്രിച്ചു നയിക്കുന്നതിനും അതിന്‍റെ പുരോഗമനപാതയില്‍
ഭരണമേറ്റെടുക്കുന്നതിനും വേണ്ടിയാണ്‌ രാഷ്‌ട്രീയകക്ഷികള്‍ രൂപം
കൊള്ളേണ്ടത്‌.ഈ വസ്തുത നേരാംവണ്ണം അറിയാവുന്ന എത്ര രാഷ്‌ട്രീയകക്ഷികള്‍
ഇന്ന് നമ്മുടെ രാജ്യത്തുണ്ട്‌?. ഇന്ന് രാഷ്‌ട്രീയകക്ഷികള്‍
ഉടലെടുക്കുന്നത്‌ രാഷ്‌ട്രത്തിനു വേണ്ടിയല്ല, അവനവന്‍റെ ഉദരപൂരണത്തിനു
വേണ്ടിയാണ്‌ -സപ്രമഞ്ചലില്‍ സുഖിക്കാന്‍ വേണ്ടിയാണ്‌

. തക്കം പാര്‍ത്തിരുന്ന് നല്ല സമയമടുത്തെന്ന്‌ തോന്നുമ്പോള്‍ കൊട്ടും
കുരവയുമായി പുതിയ കക്ഷികള്‍ അരങ്ങേറ്റം കുറിക്കുന്നു. ഗ്രാമങ്ങളുടെ
ജീവനായ കര്‍ഷകരുടേയും ഇതര തൊഴിലളികളുടേയും ഒപ്പം കുറച്ച്‌
ന്യൂനപക്ഷക്കാരേയും ദളിത്‌ സ്ത്രീ ആദിവാസി സമൂഹത്തേയും ചേര്‍ത്ത്‌
വികസനമെന്ന മുറവിളിയുമായി ഒരു കൊടിക്കൂറ ഇതാ സൃഷ്‌ടിക്കപ്പെടുന്നു.
വാഗ്‌ദാന പേടകങ്ങളില്‍ മതിമയങ്ങി പ്‌ളാവിലക്കു പിന്നാലെ ഇരകളും.
ആദര്‍ശങ്ങള്‍ക്കൊ അടിസ്ഥാനമൂല്യങ്ങള്‍ക്കൊ തെല്ലും വില കല്‍പ്പിക്കാത്ത
ഒരു വിഭാഗം മാതൃകക്ഷിയില്‍ നിന്നടര്‍ന്നുമാറിയും മറ്റൊന്ന്
തട്ടിക്കൂട്ടുന്നു. സ്വന്തം കസേരക്കൊ നിഴലിനൊ മുകളില്‍ മറ്റൊരാള്‍വെട്ടം
വീണാല്‍ മാതൃകക്ഷിയിതാ അനഭിമതമാകുന്നു. എങ്ങനേയും പത്താളുകൂട്ടി
പാര്‍ട്ടിയൊന്നുണ്ടാക്കി അവഗണനയുടെ കാഞ്ഞിരക്കുരുവുണ്ണുന്ന ഏതെങ്കിലുമൊരു
പാവപ്പെട്ടവന്‍റെ മുതുകില്‍ കയറിയിതാ കുട്ടിക്കക്ഷിയുടെ വരവായി.

ഇവിടെ ചേര്‍ത്തു വായിക്കേണ്ട ഒരു സമവാക്യമുണ്ട്‌. അധികാരം പണത്തിലൂടെ ,
പണം അധികാരത്തിലൂടെ എന്നത്‌ ഏതെങ്കിലുമൊരു ഭരണകസേരയിലെങ്ങാനും ഒന്ന്
അള്ളിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭൂമിരാജ്യം മുഴുവന്‍ തനിക്ക്‌
തീറെഴുതി കിട്ടിയപോലെ പോകുന്നു ഭരണചക്രം. ചെയ്യുന്നതെന്തെന്ന് അടിസ്ഥാന
വിവരം പോലുമില്ലാതെ കിടക്കുന്ന മണ്ണുപോലും മാന്തി വിറ്റ്‌ പണം
വാരിക്കോരിക്കൂട്ടുന്നു. അധികാരലബ്ധിയുടെ പ്രഥമ ദുരന്തഫലം .
കുതിരക്കച്ചവടത്തിലൂടെ വീണ്ടും അധികാരം വെട്ടിവീഴിക്കണമെങ്കിലും ഈ പണം
മാത്രം ശരണം. നിഷ്‌പക്ഷമായ ജനസമ്മിതി അപ്രാപ്യവുമാണല്ലൊ.

പണവും അധികാരവും എവിടെയുണ്ടോ അവിടെ കാല്‍ക്കീഴില്‍ അമര്‍ത്തപ്പെട്ട്‌
വലിച്ചിഴക്കപ്പെടാനും ഒരു വിഭാഗമുണ്ടാകും. തേഞ്ഞഴിഞ്ഞ്‌ തൊലി
പൊട്ടാതിരിക്കണമെങ്കില്‍ കാര്യ സാധ്യത്തിന്‍റെ നുറുങ്ങുകഷ്‌ണങ്ങള്‍
വീണുകിട്ടുമെങ്കില്‍ എവിടെ ഒട്ടിനില്‍ക്കണമെന്ന് ഈ പ്രബുദ്ധജനതക്ക്‌ ആരും
ക്‌ളാസെടുക്കേണ്ടതില്ല. നീതിനിര്‍വ്വഹണത്തിന്‍റെ തലപ്പാവു ധരിച്ച
സമാധാനപാലനത്തിന്‍റെ കൈകള്‍ അങ്ങനെ മെല്ലെ കറ പുരണ്ടു തുടങ്ങുന്നു.
സ്വന്തം നിലനില്‍പ്പിനുവേണ്ടി പലതിനും കൂട്ടുനില്‍ക്കാന്‍
വിധിക്കപ്പെടുന്നു. പല കാഴ്ചകള്‍ക്കും മുന്നില്‍ കണ്ണടച്ചുപാലു
കുടിക്കാന്‍ നിയോഗിക്കപ്പെടുന്നു.


അപകടകരവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന
സാഹസികമായ സംഘങ്ങളുടെ പിറവിക്കും വളര്‍ച്ചക്കും കാരണം മേല്‍വിഭാഗക്കാര്‍
തന്നെയാണ്‌. ഏതെങ്കിലുമൊരു സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്‌ ആരെയെങ്കിലും പോലീസ്‌ കസ്‌റ്റഡിയിലെടുത്താല്‍ അപ്പോളെത്തും
രാഷ്‌ട്രീയനേതാവിന്‍റെ ശുപാര്‍ശ-സമ്മര്‍ദ്ദം-ഭീഷണി. ഏതെങ്കിലുമൊരു വിഭാഗം
മാഫിയപ്രവര്‍ത്തകനാണ്‌ ടിയാളെങ്കില്‍ അവര്‍ പരസഹായം ചെയ്യുന്ന
രാഷ്‌ട്രീയകക്ഷി ഒന്നാകെ രക്ഷകനായി അവതരിക്കന്‍ തെല്ലും താമസമില്ല
മറുചെവി അറിയാതെ പത്രമാധ്യമങ്ങളാരും കേള്‍ക്കാതെ മാഫിയക്കാരന്‍
പൂര്‍വ്വാധികം സ്വതന്ത്രനാകുന്നു. കള്ളനോട്ട്‌, കുഴല്‍പ്പണം ബാല- സ്ത്രീ
വില്‍പ്പന തുടങ്ങിയ സ്ഥിരം ചാകരമാഫിയ സംഘമെങ്കില്‍ മാസപ്പടി കൃത്യമായി
എത്തേണ്ടിടത്തൊക്കെ എത്തുന്നതുകൊണ്ട്‌ ഇത്തരം ശല്യങ്ങളൊന്നും
ഏശുകയേയില്ല. ഈ അതുല്യശക്തികളുടെ ദിവ്യപ്രഭ കണ്ട്‌ കണ്ണു മിഴിയുന്ന
സാമാന്യജനം എന്തുകണ്ടാലും ഒന്നും കാണാതെ മണ്ടുകയല്ലെ തരമുള്ളു

. രാഷ്‌ട്രീയക്കാരുടെ വളര്‍ത്തുമക്കളാണ്‌ മാഫിയ വിഭാഗം മാഫിയ സംഘങ്ങളുടെ
രക്ഷിതാക്കളും പരിപാലകരും സര്‍വ്വോപരി തലതൊട്ടപ്പന്‍മാരും
രാഷ്‌ട്രീയക്കാര്‍ തന്നെ രാജ്യത്ത്‌ മാഫിയ വാഴ്ച വന്നതും
രാഷ്‌ട്രീയക്കാര്‍ക്കുവേണ്ടിത്
തന്നെ. ചില രാഷ്‌ട്രീയക്കാരുടെ
മാഫിയാവ്യാപരങ്ങള്‍ക്കുള്ള ശക്തമായ അധികാര മറയാണ്‌ രാഷ്‌ട്രീയ വേഷങ്ങള്‍.
പകലിലെ ശുഭ്രവേഷം ഇരുട്ടില്‍ വേട്ടവേഷമായി രൂപാന്തരപ്പെടുന്നു. സ്വന്തം
മകളുടെ വിവാഹത്തിന്‍റെ തലേ രാത്രിയില്‍ രാഷ്‌ട്രീയ നേതാവിനെ പൊടുന്നനെ
കാണാതാകുന്നു. വീടു നിറയേ ക്ഷണിക്കപ്പെട്ട വിശിഷ്‌ടാതിഥികളും
ബന്ധുക്കളും. തിരക്കുള്ള നേതാവല്ലേ- എവിടെയെങ്കിലും അത്യാവശ്യത്തിന്‌
ഒന്നു മാറിയതായിരിക്കും.എന്നേ എല്ലാവരും കരുതിയുള്ളു. അതേസമയത്ത്‌
ബഹുദൂരമകലെ കൈയിലേന്തിയ കോടിക്കണക്കിന്‌ കള്ളനോട്ടുകെട്ടുകള്‍
സുരക്ഷിതമായ താവളത്തിലേക്ക്‌ അതിവേഗം മാറ്റുന്ന തിരക്കിലായിരുന്നു
അദ്ദേഹം. അപ്രതീക്ഷിതമായ വാഹനപരിശോധനയില്‍ നേതാവ്‌ തൊണ്ടിസഹിതം
പിടിയിലായി. നേതാവിന്‍രെ വീട്ടില്‍ പിറ്റേന്ന് നടക്കുന്ന
മംഗളവേളയെക്കുറിച്ചറിഞ്ഞ്‌ പരിശോധകന്‍റെ മനമലിഞ്ഞുപോയി. ലാഭത്തിന്‍റെ
നല്ലൊരു ശതമാനം നല്ല നോട്ടുകള്‍ നിന്ന നില്‍പ്പില്‍ കൈമാറി തൊണ്ടിസഹിതം
നേതാവ്‌ സുരക്ഷിതനായി വീട്ടിലെത്തി. അച്ചുകള്‍ നിരന്നില്ല. ഫ്‌ളാഷുകള്‍
മിന്നിയില്ല ജനമാരും ഒന്നും അറിഞ്ഞതുമില്ല.

എന്തു പ്രസ്ഥാനങ്ങള്‍ക്കും നല്ല വേരോട്ടമുള്ള വളക്കൂറുള്ള മണ്ണാണ്‌
ഭാരതത്തിലുള്ളത്‌. ശത്രുക്കളെ അടിച്ചൊതുക്കാനും
നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കായി പ്രസ്ഥാനങ്ങളെയൊ വ്യക്തികളെയൊ
ഉന്‍മൂലനം ചെയ്യാനും അംഗഭംഗപ്പെടുത്താനും ക്വൊട്ടേഷന്‍മാഫിയ സംഘങ്ങളെ
വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ മാഫിയ സംഘങ്ങളും
ജനകീയവല്‍ക്കരിക്കപ്പെട്ടു, രാജ്യ്മെമ്പാടും നടാപ്പായിക്കൊണ്ടിരിക്കുന്ന
സമാന്തര നിയമവാഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്‌ട്രീയ പോലീസ്‌
വിഭാഗങ്ങള്‍ക്ക്‌ ഒഴിഞ്ഞുമാറാനാവില്ല.

പണവും അധികാരവും മെയ്‌ക്കരുത്തും ചേര്‍ന്നു നിന്നുള്ള വെല്ലുവിളിയുടെ
ധിക്കാരസ്വരം നമുക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലേ? ഒപ്പം
ചേര്‍ത്തുവെക്കാന്‍ ഒന്നുകൂടിയുണ്ട്‌. ജനങ്ങളില്‍ ആരൊക്കെ എന്തൊക്കെ ഏതു
വിധത്തില്‍ അറിയണം അറിയാതിക്കണം എന്നുകൂടി ഈ വിചിത്രകൂട്ടുകെട്ടാണ്‌
തീരുമാനിക്കുന്നത്‌. ഇപ്പോഴത്തെ പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ക്കും
വ്യവസായസംരംഭകര്‍ക്കും ഒക്കെ അക്ഷര, ദൃശ്യ ശ്റവ്യ മാധ്യമ രംഗങ്ങളില്‍
സ്വന്തമായ കൈകളുണ്ട്‌.ഇവയിലൂടെ സ്വന്തം ആശയങ്ങളും വീക്ഷണങ്ങളും
കാപ്‌സ്യൂള്‍പരുവത്തില്‍ ജനങ്ങളിലേക്ക്‌ കുത്തിവെയ്ക്കുന്നു.
തങ്ങള്‍ക്കഹിതമായ സംഭവങ്ങളും വാര്‍ത്തകളും വളരെ തന്ത്രപൂര്‍വ്വം
മറച്ചുപിടിക്കാന്‍ സാധിക്കുന്നു. നിസ്സാരവല്‍ക്കരിക്കപ്പെടേണ്ടവയെ
പര്‍വ്വതീകരിക്കാനും പൊടിപ്പും തൊങ്ങലും ചാര്‍ത്തി അമിത പ്രാധാന്യം
നല്‍കാനും ജനശ്റദ്ധ മറ്റൊരു വഴിക്ക്‌ തിരിച്ചുവിടാനും സാധിക്കുന്നു.
മാധ്യമങ്ങള്‍ ഒത്തുവിചാരിച്ചാല്‍ ഏതൊരു വന്‍പ്രവര്‍ത്തകയേയും
തമസ്‌ക്കരിച്ച്‌ ജനങ്ങളിലെത്തിക്കാതിരിക്കാം. തുടര്‍ പ്രാധാന്യമുള്ള
വാര്‍ത്തകളെ മൂലയിലൊതുക്കി കാഴ്ചക്കു വെളിയിലാക്കാം. തുടര്‍ന്ന്
മിണ്ടാതിരിക്കാം. നാടിന്‍റെ നേര്‍ക്കാഴ്ചയുടെ ജിഹ്വയാകേണ്ട മാധ്യമങ്ങള്‍
സങ്കുചിതപ്രസ്ഥാനങ്ങളുടെ ഔദ്യോഗിക ജിഹ്വയായി മാറി സമൂഹത്തെ
തെറ്റിദ്ധരിപ്പിക്കുന്നു.

ഈ ശൃംഖലയിലെ വിളക്കുവിടാത്ത കണ്ണികളെ സാമാന്യജനമെന്തറിയുന്നു? പരസ്‌പരം
ആരോഗ്യകരമായി എതിര്‍ത്തും തെറ്റുതിരുത്തിയും കടമകളും കര്‍ത്തവ്യങ്ങളും
നേരാംവണ്ണം സമൂഹത്തിനു വേണ്ടി ചിലവഴിച്ചും മാതൃകയാവേണ്ടവര്‍
ഒത്തുകളിച്ച്‌ ഒറ്റികൊടുക്കപ്പെടുന്ന സമൂഹത്തിലാണ്‌ നാമിന്ന്
വസിക്കുന്നത്‌. വേലിതന്നെ വിളവ്‌ തിന്നുന്ന , കാവലാള്‍ തന്നെ ഘാതകനാകുന്ന
ഈ സമൂഹത്തില്‍ നീതിയുടെ തുലാസ്‌ ഏതു സൂചകത്തില്‍ തുലനം ചെയ്യും?