Wednesday, July 8, 2009

ഭാസ്‌ക്കര പട്ടേലും തൊമ്മിയും ഇവിടെ പുനര്‍ജ്ജനിക്കുന്നു-സണ്ണി ചെറിയാന്‍








അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ 'വിധേയന്‌' സക്കറിയ കണ്ടെത്തിയ
ഭാസ്‌ക്കരപട്ടേലരും തൊമ്മിയുമൊക്കെ ദക്ഷിണ കര്‍ണ്ണാടകത്തിലെ
കുടിയേറ്റക്കാ
രുടെ സജ്ജീവ മാതൃകകളാണ്‌

. വിധേയന്‍റെ ചിത്രീകരണം നടന്നതും 'ഗണ്ടിബാഗലു, ശീരാടി, സുള്ള്യാ, എന്നീ
ദക്ഷിണ കന്നട ഗ്രാമങ്ങളിലാണ്‌. '

നീ നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭുജിക്കും' എന്ന
തിരുവെഴുത്തിന്‍റെ പൊരുള്‍ അറിയണമെങ്കില്‍ ദക്ഷിണ കര്‍ണ്ണാടകത്തിലെ
ഗണ്ടിബാഗലുവിലെത്തിയാല്‍ മതി.

കാറ്റുവീഴ്‌ച്ച
യുടേയൊ ഓല മഞ്ഞളിപ്പിന്‍റെയൊ നേരിയ നിഴലാട്ടം
പോലുമില്ലാത്ത തെങ്ങിന്‍ തോപ്പുകള്‍ സ്വര്‍ണ്ണ ഉരുളകള്‍പോലെ പഴുത്ത
അടയ്ക്ക സമൃദ്ധമായി വിളയുന്ന കവുങ്ങുകള്‍ റബ്ബര്‍തൊട്ട്‌ ഔഷധസസ്യങ്ങള്‍
വരെ പടര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍..

.. ഈ സമൃദ്ധിയുടെ നിറവിനു പിന്നില്‍ മലയാളി കര്‍ഷകരുടെ അദ്ധ്വാനമുണ്ട്‌.
അര ശതാബ്‌ദം മുമ്പ്‌ കുടിയേറ്റ്‌ കര്‍ഷകന്‍റെ വിയര്‍പ്പു വീണ്‌
കുതിര്‍ന്ന
പ്പോള്‍ ഗണ്ടിബാഗലുവിന്‍റെ മുഖം വിടര്‍ന്ന് വനഭൂമിയില്‍
വിയര്‍പ്പുകണങ്ങള്‍ വാര്‍ന്നപ്പോള്‍ ഓരോ ഇഞ്ചും സമൃദ്ധിയുടെ നിറഭൂമിയായി.

മംഗലാപുരത്തു നിന്ന് ബെല്‍ത്തങ്ങാടി കക്കിഞ്ച വഴി ഗണ്ടിബാഗലുവിലെത്താം.

ഗണ്ടിബാഗലുവിന്‌ അതിരിടുന്ന അണിയൂര്‍ പുഴയോരത്തെത്തിയപ്പോള്‍ തോര്‍ത്ത്‌
ചുറ്റിയ ഒരു വൃദ്ധന്‍ കൈകൊട്ടി വിളിച്ചു.
നാട്ടിലെന്തുണ്ട്‌ വിശേഷം?

അല്‍പ്പം വിശേഷം പങ്കുവെച്ചശേഷം വെറ്റിലക്കറ ബാധിച്ച പല്ലുകള്‍ കാട്ടി
ചിരിച്ച്‌ ആ പാലാക്കാരന്‍ അണിയൂര്‍ പുഴയിലേക്ക്‌ ഡൈവു ചെയ്‌തു.

കുറേ സമയത്തെ കസര്‍ത്തിനു ശേഷം കരയില്‍ കയറി ആത്മഗതമെന്നോണം ഉരുവിട്ടു.

ചെറുപ്പത്തിലേയുള്ള ശീലമാണ്‌. പാലായിലായിരുന്നപ്പോല്‍ മീനച്ചിലാറ്റില്‍
രാവിലേയും വൈകീട്ടും ഞാനിതുപോലെ നീന്തിത്തുടിക്കുമായിരുന്നു

. മീനച്ചിലാറ്റിനേക്കാള്‍ പഷ്‌ടാ ഈ വെള്ളം തണുപ്പു കണ്ടില്ലേ. എന്തു സുഖം.......

..ഗണ്ടിബാഗലുവിലെ കാഴ്ചകള്‍ തുടങ്ങുന്നതേയുള്ളു.

സിറ്റിയിലെത്തിയപ്പോള്‍ (കുടിയേറ്റക്കാരന്‍റെ ഭാഷയില്‍) കൊണ്ടുപിടിച്ച
ചര്‍ച്ച നടക്കുന്നു. വിഷയം- ഗാട്ട്‌ കരാര്‍. ചര്‍ച്ചക്കു മോഡറേറ്ററില്ല.
ആര്‍ക്കും എന്തഭിപ്രായവും പറയാം. ഭരണക്കാരേയും ബഹുരാഷ്‌ട്രകുത്തകകളേയും
വെല്ലുവിളിച്ച്‌ ചര്‍ച്ച പൊടിപൊടിക്കുകയാണ്‌

. കുടിയേറ്റക്കാരെ കാണാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ഗ്ണ്ടിബാഗലുവിലെ
മുന്‍പഞ്ചായ
ത്തു്‌ പ്രസിഡന്‍റെത്തി.. ആദ്യകാല കുടിയേറ്റക്കാരായ പാലാ
നീലിയറ ജേക്കബ്‌ ചേട്ടന്‍.

ജേക്കബ്‌ ചേട്ടന്‍ സംസാരിച്ചുതുടങ്ങി. ഓര്‍മ്മകളിലൂടെ അല്‍പ്പം
പിന്നിലേക്ക്‌ കടന്നുവന്ന കാലത്തിന്‍റെ കൈവരികളില്‍ പിടിച്ച്‌ പതിയെ ഒരു
മടക്കയാത്ര മനസ്സുകൊണ്ട്‌.

മലബാറിലെ കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്‌തമായിരുന്നു ദക്ഷിണ
കന്നഡജില്ലയിലേക്കുള്ള കുടിയേറ്റം.

രണ്ടാം ലോക മഹായുദ്ധത്തിന്‌ മുന്നോടിയായി ജപ്പാന്‍ ബര്‍മ്മയെ ആക്രമിച്ചു.
അക്കാലത്ത്‌ ബര്‍മ്മയില്‍ നിന്നായിരുന്നു നമുക്ക്‌ അരി
ലഭിച്ചുകൊണ്ടിരുന്നത്‌.

ആക്രമണത്തെ തുടര്‍ന്ന് അരിയുടെ ഒഴുക്ക്‌ പെട്ടെന്ന് നിലച്ചപ്പോള്‍
മുഖ്യാഹാരം അരിയായിരുന്ന മലയാളി പട്ടിണിയിലായി. ഉണ്ണാന്‍ അരിയില്ലാതെ
പൊരുതാന്‍ മണ്ണില്ലാതെ കര്‍ഷകര്‍ വിഷമിച്ചു.

മലബാറിന്‍റെ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കര്‍ഷകനെത്തിയത്‌
ഇങ്ങനെയാണ്‌. എന്നാല്‍ ദക്ഷിണ കന്നഡത്തിലേക്ക്‌ കുടിയേറിയത്‌ മറ്റു ചില
കാരണങ്ങള്‍ കൊണ്ടാണ്‌

. രണ്ടാംലോകമഹായുദ്ധകാലത്തെ തുടര്‍ന്ന് വറുതിയുടെ നാളുകളായിരുന്നു.
കുറഞ്ഞ ചെലവില്‍ ഭൂമി, കുറഞ്ഞ വേതനനിരക്ക്‌ കാര്‍ഷിക ആവശ്യത്തിനുള്ള
വൈദ്യുതി സൌജന്യം ഔദ്യോഗികനൂലാമാലകള്‍ കുറവ്‌ - ഈ അനുകൂല ഘടകങ്ങള്‍
മലയാളിയെ ദക്ഷിണകന്നഡയെന്ന രണ്ടാം വാഗ്‌ദത്ത ഭൂമിയിലേക്ക്‌ മാടിവിളിച്ചു.

അന്ന് ഞങ്ങള്‍ മംഗലാപുരം വരെ ട്രെയിനില്‍ വരും. പിന്നെ ബല്‍ത്തങ്ങാടി വരെ
ബസ്‌. പിന്നീട്‌ ഒറ്റ നടത്തമാണ്‌.


തീ കത്തിച്ചും ചെണ്ട കൊട്ടിയുമൊക്കെയാണ്‌ യാത്ര .ഇടക്ക്‌ ആനക്കൂട്ടങ്ങളെ
കാണും. പക്ഷെ പലപ്പോഴും അവ ഞങ്ങളെ മൈന്‍ഡു ചെയ്‌തിട്ടില്ല.


ജീവിക്കാന്‍ വന്ന ഈ പാവങ്ങളെ വെറുതെ വിട്ടേക്കാമെന്ന് അവ കരുതിക്കാണും.
പക്ഷേ എവിടേയും പൊരുതി നേടാമെന്ന മലയാളിയുടെ വിശ്വാസം ഇവര്‍ക്കും
തുണയായി.

ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോസഫ്‌ സംസാരിക്കാനെത്തി. ജോസഫ്‌
മനസ്സിന്‍റെ മണിചെപ്പു തുറന്നപ്പോള്‍ അനുഭവങ്ങള്‍ വര്‍ണ്ണച്ചിറകേറി
പറന്നുയര്‍ന്നു.

മനസ്സിന്‍റെ ജാലകത്തില്‍ ഓര്‍മ്മകളുടെ കുളമ്പടി ശബ്‌ദം.

തിരുവിതാംകൂറില്‍ നിന്ന് കൊച്ചിയിലൂടെ മൈസൂര്‍ സംസ്ഥാനത്തേക്കുള്ള കുടിയേറ്റം

. അന്ന് എല്ലാ സമ്പാദ്യങ്ങളും കൈയ്യിലെടുത്താണ്‌ ഞങ്ങളുടെ യാത്ര.
കഞ്ഞിക്കലം മുതല്‍ കോഴിക്കൂട്‌ വരെ കൂടെ കാണും. പിന്നെ കപ്പത്തണ്ട്‌
മുതല്‍ ഇഞ്ചിപ്പുല്ല് വരെ.

അരിവാല്‍, മണ്‍വെട്ടി, തൂമ്പ, തുടങ്ങിയ ആയുധങ്ങളും കൂടെ കൊണ്ടുപോകും.
എറണാംകുളം വരെ ബസ്സിലും ബോട്ടിലുമായി യാത്ര. .ഇന്നത്തെ മലബാര്‍
വണ്ടിക്ക്‌ അന്ന് ഞങ്ങള്‍ കൊടുത്ത പേര്‌ 'കുടിയേറ്റം എക്സ്‌പ്രസ്സ്‌'
എന്നാണ്‌.

സമ്പാദ്യങ്ങള്‍ ഭാണ്ഡത്തിലാക്കിയാണ്‌ യാത്ര . വിരല്‍തുമ്പില്‍ തൂങ്ങി
മക്കള്‍ ചോദിക്കും.'അപ്പച്ചാ നമ്മളെങ്ങോട്ടാ?"
മക്കളേ നമുക്കു ജീവിക്കാന്‍.

ഇതോടെ കുട്ടികള്‍ നിശ്ശബ്ദരാകും. പൂച്ചക്കുഞ്ഞിനെപ്പോലെ ഒട്ടിക്കൂടിയാണ്‌
പെണ്ണുങ്ങളുടെ യാത്ര.

ഞങ്ങളുടെ കയ്യിലെ കപ്പത്തണ്ടു കണ്ട്‌ അന്ന് ചില കന്നഡക്കാര്‍
പേടിച്ചോടി. അവരെ തല്ലാനുള്ള വടിയാണിതെന്ന് ഓര്‍ത്താണ്‌ പാവങ്ങള്‍
ഓടിയകന്നത്‌. 'ഈ വടി' പിന്നെ ഞങ്ങള്‍ക്കും അവര്‍ക്കും ഒരു പോലെ
അന്നദാതാവായി.

കല്യാണം കഴിഞ്ഞ പുതുപ്പെണ്ണുങ്ങളും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
അവര്‍ക്ക്‌ ഭയങ്കര പേടിയും. പക്ഷേ, ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കഥ
മാറി.

ഈ പെണ്ണുങ്ങള്‍ തീ കൂട്ടി കാട്ടാനയെ വിരട്ടും. നേരം പുലരുന്നതിനു
മുന്‍പ്‌ മണ്‍വെട്ടിയുമായി കാട്ടിലിറങ്ങും.

ഇന്നത്തെ പിള്ളേര്‍ പറയും' ഞങ്ങളൊക്കെ സെഞ്ച്വറി തികക്കുമെന്ന്. ഞാന്‍
അവന്‍മാരോട്‌ പറയും ' നിനക്കൊക്കെ ഒരു മൂട്‌ കപ്പ കിളക്കാന്‍ പറ്റുമോ?

അന്നത്തെ പെണ്ണുങ്ങള്‍ തലച്ചുമടുമായി മല കയറിപ്പോകുന്നത്‌ കണ്ടാല്‍
ഇന്നത്തെ നമ്മുടെ പെമ്പിള്ളേര്‌ തല ചുറ്റി വീണുപോകും. അത്രമാത്രം
മെയ്‌വഴക്കമായിരുന്നു അവര്‍ക്ക്‌. ജോസഫ്‌ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

ആദ്യ ദിനങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്‌ പരീക്ഷണത്തിന്‍റെതായിരുന്നു. പുതു
മണ്ണില്‍ കാലുറപ്പിക്കുന്നതിനു മുന്‍പു തന്നെ കാലവര്‍ഷമെത്തി.
തുടര്‍ച്ചയായ മഴ പലരുടേയും മനസ്സു കെടുത്തി.

കാടു വെട്ടിത്തെളിച്ചായിരുന്നു കൃഷി. നിരന്തരമായ അദ്ധ്വാനമായിരുന്നു
സ്ഥിരം പരിപാടി. അതിന്‍റെ ഫലവും കണ്ടു.

ഇന്നത്തെ ഞങ്ങളുടെ അല്ലലില്ലാത്ത ജീവിതം അന്നത്തെ അദ്ധ്വാനത്തിന്‍റെ
പ്രതിഫലമാണ്‌. ആദ്യകാല കുടിയേറ്റക്കാരനായ ചെറിയാന്‍ നീലിയറ പറയുന്നു.

കാര്‍ഷിക വിളകളും വനവൃക്ഷങ്ങളും ഇട കലര്‍ന്ന ഭൂമിയില്‍ ഈ കര്‍ഷകന്‍റെ
കൈയെത്താത്ത ഇടമില്ല. ചെയ്യാത്ത കൃഷിയുമില്ല. റബ്ബര്‍, കവുങ്ങ്‌,
തെങ്ങ്‌, കുരുമുളക്‌, കശുമാവ്‌ തേക്ക്‌, മഹാഗണി, ജാതി പച്ചക്കറികള്‍..

.ജൈവ വളമാണ്‌ ഈ കര്‍ഷകന്‍റെ കൃഷിഭൂമിയിലെ കരുത്ത്‌,. പശുത്തൊഴുത്തില്‍
ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നു. ഗോമൂത്രവും ചാണകവും ചേര്‍ന്നാല്‍ ഇത്‌
ഒന്നാന്തരം ജൈവവളമായി.

മഴക്കാലത്തെ ജലസംരക്ഷണത്തിന്‌ മണ്ണൊലിപ്പ്‌ തടയാനും സ്വന്തം പരീക്ഷണങ്ങള്‍.

വശമില്ലാത്ത ഭാഷ , നഷ്‌ടപ്പെട്ട ജീവിത സൌകര്യങ്ങള്‍ , വന്യജീവികളുടെ
കടന്നാക്രമണം, ഗ്രാമ വാസികളുടെ സംശയത്തോടെയുള്ള പെരുമാറ്റം ......
തുടങ്ങിയവ ഒട്ടനവധി വെല്ലുവിളികളെ ഞങ്ങള്‍ക്ക്‌ അതിജീവിക്കേണ്ടിയിരുന്നു

ഈ അഭിപ്രായത്തെ ശരിവെക്കും വണ്ണം ഭാര്യ പെണ്ണമ്മ പറഞ്ഞു. ഞങ്ങളിവിടെ
വരുമ്പോള്‍ മുറ്റത്തുകൂടി ആനക്കൂട്ടം പോകുമായിരുന്നു. . ഒരിക്കല്‍ ഞാന്‍
അടുക്കളയിലായിരുന്നപ്പോള്‍ വാതില്‍പ്പാളിയില്‍ ഒരനക്കം.

ആരാണെന്നറിയാന്‍ വാതില്‍ തുറന്നപ്പോള്‍ ഒരാനക്കുട്ടി. കാട്ടിലെ വീട്ടില്‍
വഴി തെറ്റി വന്ന ആനക്കുട്ടി പരിചയമില്ലാത്ത രൂപത്തെ കണ്ടപ്പോള്‍
തിരിഞ്ഞോടി

. അന്ന് കുട്ടികള്‍ സ്ക്കൂളില്‍ പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍
ഞങ്ങളോട്‌ പറയും.

വഴിയില്‍ ഞങ്ങള്‍ ആനയെ കണ്ടുവെന്ന് . സത്യം പറയാമല്ലൊ. ഒരുപദ്രവും ഉണ്ടായിട്ടില്ല.

ചിറാപുഞ്ചി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന
അഗുമ്പേയും രണ്ടാം കുടിയേറ്റ ഭൂമിയാണ്‌. ഗണ്ടിബാഗലുവില്‍ നിന്ന്
ബെല്‍ത്തങ്ങാടി വഴി അഗുമ്പേയിലെത്തിയപ്പോള്‍ എവിടേയും ഇഞ്ചികൃഷി. ഇഞ്ചി
റെക്കോറ്‍ഡ്‌. വിളവ്‌ നല്‍കുന്നതിനാല്‍ ഇവിടെയുള്ളവര്‍ക്ക്‌
ഇഞ്ചികൃഷിയോട്‌ ഏറെ പ്രതിപത്തിയുണ്ട്‌. കമുക്‌, തെങ്ങ്‌ കൃഷിയും ഇവിടെ
കുറവല്ല.

ബെല്‍ത്തങ്ങാടി താലൂക്കില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലേറെ മലയാളികള്‍.
പുതൂര്‍, കടവ, തുടങ്ങിയ പ്രദേശങ്ങളൂം ഒരു മിനി കേരളമായി തോന്നും.


നൊമ്പരങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചറിഞ്ഞ്‌ മണ്ണിനേയും പ്രകൃതിയേയും
സ്‌നേഹിച്ച ഒരു പാട്‌ കുടിയേറ്റ കര്‍ഷകര്‍ ഇനിയും ദക്ഷിണ
കന്നഡത്തിലുണ്ട്‌. മണ്ണിന്‍ വിയര്‍പ്പും അദ്ധ്വാനവും വീഴ്ത്തി വിളകള്‍
സ്വര്‍ണ്ണമണിയിച്ചവര്‍

വിദേശമലയാളികള്‍ പലരും ഇപ്പോള്‍ ദക്ഷിണകന്നഡയിലും , ഷിമോഗയിലും ഭൂമി
അന്വേഷിച്ചെത്തുന്നു.

കൃഷിയോടുള്ള മലയാളിയുടെ സഹജമായ വാസന ഇനിയും കൈമോശം വന്നിട്ടില്ലെന്ന
സൂചനയാണ്‌ സമീപകാലകണക്കുകള്‍ നല്‍കുന്നത്‌.മണ്ണിന്‍റെ ആത്മാവറിഞ്ഞവര്‍
വെട്ടിത്തെളിച്ച പാതയിലൂടെ മണ്ണിന്‌ സ്വയം സമര്‍പ്പിക്കാന്‍ മലയാളി
വീണ്ടും യാത്ര തുടരുകയാണ്‌. മറ്റൊരു രണ്ടാംകുടിയേറ്റത്തിനായി.